Latest NewsIndia

താംബരം – കൊല്ലം ത്രൈവാര എക്സ്പ്രസ്സ് ട്രെയിന്‍ ഇനി ചെന്നൈ എഗ്മോറില്‍ നിന്നും

ന്യൂഡല്‍ഹി•താംബരം – കൊല്ലം ത്രൈവാര എക്സ്പ്രസ്സ് ട്രെയിന്‍ ഫെബ്രുവരി ആദ്യവാരത്തോടു കൂടി ചെന്നൈ എഗ്മോറില്‍ നിന്നും യാത്ര പുറപ്പെടാന്‍ നടപടിയായിട്ടുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. ന്യൂഡല്‍ഹി റെയില്‍വേ ബോര്‍ഡില്‍ മെമ്പര്‍ ട്രാഫിക് പ്രദീപ് പിള്ളയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് താംബരം എക്സ്പ്രസ്സ് ട്രെയിന്‍ എഗ്മോറില്‍ നിന്നും യാത്ര പുറപ്പെടാനുള്ള നടപടികള്‍ സ്വീകരിച്ചതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.

പുനലൂരില്‍ നിന്നും ചെങ്കോട്ടയിലേക്കുള്ള മീറ്റര്‍ഗേജ് പാത ബ്രോഡ് ഗേജായി മാറിയതോടു കൂടി ആരംഭിച്ച താംബരം – കൊല്ലം എക്സ്പ്രസ്സ് ട്രെയിന്‍ എഗ്മോര്‍ വരെ നീട്ടണമെന്നും ആഴ്ചയില്‍ മൂന്ന് ദിവസം എന്നതിന് പകരം എല്ലാ ദിവസവും ഈ ട്രെയിന്‍ ഓടിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി റെയില്‍വേ മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. താംബരം – കൊല്ലം എക്സ്പ്രസ്സ് ട്രെയിന്‍ എഗ്മോറിലേക്ക് ഫെബ്രുവരിയില്‍ നീട്ടിയതിന് ശേഷം പ്രതിദിന സര്‍വ്വീസാക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും എം.പി പറഞ്ഞു. താംബരം എക്സ്പ്രസ്സ് കൊല്ലത്തേക്ക് പ്രതിദിന സര്‍വ്വീസാക്കി മാറ്റുന്നതിനുള്ള നിര്‍ദ്ദേശം റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കാന്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരോടും ചീഫ് ഓപ്പറേറ്റിംഗ് മാനേജരോടും റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുകയാണ്.

കൊല്ലം – ചെന്നൈ മീറ്റര്‍ ഗേജ് പാതയില്‍ പ്രതിദിന ട്രെയിന്‍ സര്‍വ്വീസ് ഉണ്ടായിരുന്നു. എന്നാല്‍ മീറ്റര്‍ ഗേജ് ബ്രോഡ് ഗേജാക്കുന്ന പണികള്‍ ആരംഭിച്ചതോടു കൂടിയാണ് കൊല്ലം ജില്ലയിലെ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ചെന്നൈയുമായി ബന്ധപ്പെടാനുള്ള ട്രെയിന്‍ പിന്‍വലിച്ചത്. ഗേജ് മാറ്റം പൂര്‍ത്തിയായി ബ്രോഡ്ഗേജ് പാതയായതോടു കൂടി നിര്‍ത്തലാക്കിയ ചെന്നൈ- എഗ്മോര്‍- കൊല്ലം എക്സ്പ്രസ്സ് ട്രെയിന്‍ ലഭിക്കേണ്ടത് കൊല്ലത്ത് നിന്നുള്ള യാത്രക്കാരുടെ അവകാശമാണെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ചൂണ്ടിക്കാട്ടി.

ശബരിമല സീസണ്‍ ആരംഭിച്ചതോടു കൂടി ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വ്വീസ് നടത്തുന്ന താംബരം എക്സ്പ്രസ്സില്‍ അയ്യപ്പഭക്തډാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് അയ്യപ്പ ഭക്തډാര്‍ ഈ ട്രെയിനില്‍ യാത്ര ചെയ്ത് പുനലൂരില്‍ ഇറങ്ങി ശബരിമലയ്ക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. യാത്രക്കാരുടെ തിരക്ക് അനുദിനം വര്‍ദ്ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍ താംബരം എക്സ്പ്രസ്സ് ട്രെയിന്‍ എഗ്മോര്‍ വരെ നീട്ടി പ്രതിദിന സര്‍വ്വീസാക്കണമെന്ന നാട്ടുക്കാരുടേയും യാത്രക്കാരുടേയും ആവശ്യം കൊടിക്കുന്നില്‍ സുരേഷ് എം.പി റെയില്‍വേ ബോര്‍ഡ് മെമ്പര്‍ ട്രാഫിക്കിന്‍റെ മുന്നില്‍ ശക്തമായി ഉന്നയിച്ചു.

ചെന്നൈ- കൊല്ലം മീറ്റര്‍ഗേജ് പാത ബ്രോഡ്ഗേജ് പാതയായി മാറിയതോടു കൂടി ശബരിമലയിലേക്ക് വരുന്ന തമിഴ്നാട്, ആന്ധ്രാ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഈ പാതയിലൂടെ കൊല്ലം വരെ സ്പെഷ്യല്‍ ട്രെയിന്‍ ഓടിക്കാന്‍ സതേണ്‍ റെയില്‍വേ തയ്യാറകണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. ഇപ്രകാരം സ്പെഷ്യല്‍ ട്രെയിനില്‍ വരുന്ന തീര്‍ത്ഥാടകര്‍ക്ക് പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ശബരിമലയില്‍ പോയി മടങ്ങി വന്ന് പുനലൂരില്‍ നിന്നു തന്നെ സ്പെഷ്യല്‍ ട്രെയിന്‍ വഴി തിരിച്ചു പോകാന്‍ സാധിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി മെമ്പര്‍ ട്രാഫിക്കുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു. ഈ നിര്‍ദ്ദേശം പരിഗണിക്കാമെന്നും ചെങ്കോട്ട- കൊല്ലം പാതയിലൂടെ ശബരിമല സ്പെഷ്യല്‍ ട്രെയിന്‍ ഓടിക്കുന്നതിന്‍റെ സാധ്യതകള്‍ പരിശോധിക്കാമെന്നും റെയില്‍വേ ബോര്‍ഡ് ഉദ്ദ്യോഗസ്ഥര്‍ ഉറപ്പു നല്‍കി. ഇത് സംബന്ധിച്ച് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്കും, ചീഫ് ഓപ്പറേറ്റിംഗ് മാനേജര്‍ക്കും റെയില്‍വേ ബോര്‍ഡില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button