കണ്ണൂര്‍: മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രന്, ഭാര്യ സരിതകുമാരി എന്നിരെ കണ്ണൂര്‍ സിറ്റി ഉരുവച്ചാലിലെ വീട്ടില്‍ വച്ച് ആക്രമിച്ച് കെട്ടിയിട്ട് പണവും സ്വര്‍ണവും കവര്‍ന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. ഇയാളെ ഡല്‍ഹിയിലെ സീമാപുരിയില്‍ നിന്നാണ് പിടികൂടിയത്. ഡല്‍ഹിയില്‍ നിന്ന് ഹൗറയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. സെപ്റ്റംബര്‍ ആറിന് പുലര്‍ച്ചെ 2.15-നായിരുന്നു കവര്‍ച്ച നടന്നത്.
മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം വിനോദ് ചന്ദ്രനെയും ഭാര്യയെയും അതിഭീകരമായി മർദ്ദിച്ച് കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. സ്വര്‍ണവും പണവും എടിഎമ്മും കാര്‍ഡും ഗൃഹോപകരണങ്ങളും കവരുകയായിരുന്നു. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രമത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിറ്റി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്.
ഡല്‍ഹി കേന്ദ്രീകരിച്ച സംഘം മുഖ്യപ്രതി സീമാപുരിയിലുള്ളതായി സൂചന ലഭിച്ചു. തുടര്‍ന്ന് പോലീസ് സംഘം അങ്ങോട്ട് പുറപ്പെട്ടെങ്കിലും ഇയാള്‍ ട്രെയിനില്‍ ഹൗറയിലേക്ക് പുറപ്പെടുവുകയായിരുന്നു. ഇതിനിടയില്‍ പോലീസ് സംഘവും ട്രെയിനില്‍ കയറി ഇയാളെ കീഴ്പെടുത്തുകയായിരുന്നു. പ്രതിയുമായി പോലീസ് കണ്ണൂരിലേക്ക് തിരിച്ചിട്ടുണ്ട്.
Post Your Comments