Latest NewsInternational

യെമെനില്‍ യുദ്ധം കനക്കുന്നു

യു.എന്‍ : ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നിട്ടും യെമെനിലെ ഹൊദെയ്ദയില്‍ യുദ്ധത്തിന് ശമനമില്ല. വിമതരുടെ നിയന്ത്രണത്തിലുള്ള തുറമുഖനഗരത്തിലും സമീപപ്രദേശങ്ങളിലും ശനിയാഴ്ച വ്യോമാക്രമണങ്ങളും ഏറ്റുമുട്ടലുകളും കൂടുതല്‍ രൂക്ഷമായി.

22 ഹൂതിവിമതരടക്കം 29 പേരാണ് ശനിയാഴ്ചമാത്രം പ്രവിശ്യയില്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത്. അല്‍ ദുരിയാനി ജില്ലയില്‍ ആക്രമണം നടത്തിയ ഏഴുവിമതരെ ബന്ദികളാക്കിയതായും സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. രാത്രിമുഴുവന്‍ വിമാനങ്ങളുടെ ഇരമ്പല്‍ കേള്‍ക്കാമായിരുന്നെന്ന് നഗരവാസികളെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു.
സ്വീഡനില്‍നടന്ന യെമെന്‍ സമാധാനചര്‍ച്ചയില്‍ രണ്ടുദിവസം മുമ്പാണ് ഹൊദെയ്ദ പ്രവിശ്യയില്‍ വെടിനിര്‍ത്തലിന് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ പിന്തുണയുള്ള സര്‍ക്കാര്‍സേനയും ഹൂതി വിമതരും ധാരണയായത്. ബന്ദികളാക്കിയ 16000-ത്തോളം പേരെ പരസ്പരം കൈമാറാനും തീരുമാനിച്ചിരുന്നു. ഇത് നിലവില്‍വരാനിരിക്കെ സഖ്യസേന ജനവാസകേന്ദ്രങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നെന്ന് ഹൂതി വിമതര്‍ ആരോപിക്കുന്നു.

യെമെനില്‍ നാലുവര്‍ഷത്തോളമായി തുടരുന്ന ആഭ്യന്തരയുദ്ധത്തില്‍ 10,000 പേരെങ്കിലും മരിച്ചതായാണ് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നത്. ഒന്നരക്കോടിയോളംപേര്‍ ഭക്ഷ്യക്ഷാമവും നേരിടുന്നു. എന്നാല്‍, മരണസംഖ്യ ഇതിന്റെ പതിന്മടങ്ങാണെന്നാണ് മനുഷ്യാവകാശസംഘടനകള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button