Specials

ആദ്യത്തെ സാന്താ ക്ലോസായ വിശുദ്ധ നിക്കോളാസിനെ പരിചയപ്പെടാം

മിറായിലെ മെത്രാൻ ആയിരുന്ന വിശുദ്ധ നിക്കോളാസ്. പാശ്ചാത്യലോകത്ത് ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്ന വിശുദ്ധന്മാരിൽ ഒരാളാണെന്ന കാര്യത്തിൽ സംശയമില്ല. വളരെയേറെ സന്തോഷവാനും, തടിച്ചുകൊഴുത്തവനും, കുട്ടികൾക്ക് വാഗ്ദാനങ്ങളും ധാരാളം സമ്മാനങ്ങളുമായി ക്രിസ്തുമസിന് തൊട്ടു മുന്പിലത്തെ രാത്രിയിൽ വരുന്ന തൂവെള്ളതാടിയുള്ള സെയിന്റ് ക്ലോസ് (സാന്താ ക്ലോസ്) എന്ന മാന്യനായി യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഇദ്ദേഹത്തിന്റെ സ്മരണ ഇപ്പോഴും നിലനിൽക്കുന്നു.

കുട്ടികളുടെ വിശുദ്ധനെന്ന നിലയിലാണ് ഇദ്ദേഹത്തെ പ്രധാനമായും കണക്കാക്കുന്നത്. നാവികരും, കച്ചവടക്കാരും, പലഹാരങ്ങൾ ഉണ്ടാക്കുന്നവരും, സഞ്ചാരികളും, പണയത്തിന്മേല്കടംകൊടുക്കുന്നവരും ഇദ്ദേഹത്തെ വിളിച്ചപേക്ഷിക്കുകയും ആദരിക്കുകയും ചെയ്യുന്നു. വിശുദ്ധ നിക്കോളാസിനെ വിശുദ്ധ ആന്ഡ്ര്യുവിനൊപ്പം റഷ്യയിലെ സഹ-മാധ്യസ്ഥരിൽ ഒരാളായി കണക്കാക്കി ആദരിക്കുന്നു.ലോകം പരക്കെ അറിയപ്പെടുന്ന രീതിയില് പ്രശസ്തനാണെങ്കിലും ചരിത്രപരമായി ഇത് വെറുമൊരു നാമത്തിനപ്പുറമൊന്നുമില്ല. മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടി ഏഷ്യാ മൈനറിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ ജനനം. ലിസിയായിലെ മിറായിലെ മെത്രാപ്പോലീത്തയായിരുന്നു വിശുദ്ധന്റെ അമ്മാവൻ.

അദ്ദേഹം വിശുദ്ധനെ അടുത്തുള്ള ആശ്രമാധിപതിയായി നിയമിച്ചു. മെത്രാപ്പോലീത്തയായിരുന്നു അമ്മാവന്റെ മരണത്തോടെ വിശുദ്ധൻ അടുത്ത മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു. തന്റെ മരണം വരെ വിശുദ്ധൻ ഈ പദവിയിൽ തുടർന്നു. ഡയോക്ലീഷൻ ചക്രവർത്തിയുടെ കാലത്തുണ്ടായ മതപീഡനത്തിൽ ക്രിസ്തീയതത്വങ്ങൾ പ്രചരിപ്പിക്കുന്നു എന്ന കുറ്റം ചുമത്തി വിശുദ്ധനെ കാരാഗൃഹത്തിലടച്ചു. എന്നാൽ കോണ്സ്റ്റന്റൈൻ ചക്രവര്ത്തിയുടെ കാലത്ത് മോചിതനാവുകയും ചെയ്തു.

ഇദ്ദേഹത്തെ കുറിച്ച് വളരെ മനോഹരമായ പല കഥകളും നിലവിലുണ്ട്. അതിലൊന്ന്: പാവങ്ങളോടുള്ള അദ്ദേഹത്തിന്റെ കരുണയുമായി ബന്ധപ്പെട്ടിരിക്കുന്നു. പടാരായിലെ നിര്ധനനായ ഒരു മനുഷ്യന് തന്റെ കന്യകകളായ മൂന്നു പെണ്മക്കളെ കെട്ടിച്ചുവിടാൻ യാതൊരു നിവൃത്തിയുമില്ലാതെ വിഷമിച്ചു, അവസാനം അവരെ തെരുവ് വേശ്യകളാക്കുവാൻ നിർഭാഗ്യവാനായ ആ മനുഷ്യൻ തീരുമാനിച്ചു. ഈ മനുഷ്യനെകുറിച്ചറിഞ്ഞ വിശുദ്ധ നിക്കോളാസ് രഹസ്യമായി മൂന്ന് സ്വര്ണ്ണകിഴികൾ ജനലിലൂടെ ആ മനുഷ്യന്റെ കുടിലിലേക്കിട്ടു. അങ്ങിനെ ആ പെണ്കുട്ടികളെ കെട്ടിച്ചയക്കുവാന് വേണ്ട സ്ത്രീധനം രഹസ്യമായി നല്കി. ഏതാണ്ട് 345 നോടടുത്ത് ഡിസംബര് 6ന് വിശുദ്ധ നിക്കോളാസ് മരണമടഞ്ഞു.

വിശുദ്ധന്റെ ഭൗതീകശരീരം മിറായിലുള്ള ഒരു ദേവാലയത്തിൽ അടക്കം ചെയ്തു. 1087 വരെ ഇത് അവിടെ ഉണ്ടായിരുന്നു. പിന്നീട് ഇറ്റലിയിലെ ഒരു തീരദേശ പട്ടണമായ ബാരിയിലെ നാവികര് ഈ ഭൗതീകാവശിഷ്ടങ്ങൾ പിടിച്ചടക്കുകയും ഇവ തങ്ങളുടെ പട്ടണത്തിലേക്ക്കൊണ്ടുവരികയും ചെയ്തു. ഇതിനോടകം തന്നെ വിശുദ്ധനോടുള്ള ഭക്തി യൂറോപ്പിലും കൂടാതെ ഏഷ്യയിലും പരക്കെ വ്യാപിച്ചു. പാശ്ചാത്യലോകത്ത് ഇത് ഒരു മതനവീകരണത്തിനു തന്നെ തുടക്കം കുറിച്ചു. വിശുദ്ധന്റെ ഇടപെടല് നിമിത്തം ധാരാളം അത്ഭുതപ്രവർത്തികൾ നടക്കപ്പെട്ടിട്ടുള്ളതായി പറയപ്പെടുന്നു. ബാരിയിലെ ‘സാന് നിക്കോളാ’ ദേവാലയത്തില് ഇപ്പോഴും അദ്ദേഹത്തിന്റെ തിരുശേഷിപ്പുകൾ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഇതിൽ നിന്നും ഔഷധമൂല്യമുള്ള ‘മന്നാ ഡി. എസ്. നിക്കോളാ’ എന്നറിയപ്പെടുന്ന ഒരു തരം തൈലം ഒഴുകികൊണ്ടിരിക്കുന്നതായി പറയപ്പെടുന്നു.

എന്നാൽ അമേരിക്കയിൽ ഈ വിശുദ്ധന്റെ കഥ വേറൊരു രീതിയിലാണ് പ്രചരിക്കപ്പെട്ടിട്ടുള്ളത്‌. ഡച്ചിലെ പ്രൊട്ടസ്റ്റ്ന്റുകാർ ന്യൂ ആംസ്റ്റര്ഡാമിൽ വിശുദ്ധനെ കുറിച്ച് വളരെ പ്രശസ്തമായ മറ്റൊരു കഥ പ്രചരിപ്പിച്ചു.ഈ കഥയിൽ വിശുദ്ധ നിക്കോളാസ് ഒരു അത്ഭുത പ്രവർത്തകനോ ആയിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്‌. സാന്താ ക്ലോസ് എന്ന സങ്കല്പം ഈ കഥയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. എന്നാൽ കത്തോലിക്കര് അദ്ദേഹത്തെ ഒരു വിശുധനായും, വളരെ നല്ല വിശ്വാസിയായും കൂടാതെ മിറായിലെ മെത്രാപ്പോലീത്തയായുമാണ് ആദരിച്ച് വരുന്നത്. ഗ്രീസ്, റഷ്യ, നേപ്പിള്സ്, സിസിലി, ലോറൈന് കൂടാതെ ഇറ്റലി, ജെര്മ്മനി, ഓസ്ട്രിയ, ബെല്ജിയം എന്നിവിടങ്ങലിലെ പല നഗരങ്ങളിലും ഈ വിശുദ്ധനെ മാധ്യസ്ഥ-വിശുദ്ധനായി കരുതി ആദരിച്ച് വരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button