റിയാദ് : ഇന്ത്യ-സൗദി ഹജ്ജ് കരാര്‍ ഒപ്പുവെച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയും സൗദി ഹജ്ജ്-ഉംറ കാര്യാലയ മന്ത്രി മുഹമ്മദ് സാലേഹ് ബിന്‍ താഹിര്‍ ബെന്റന്‍ എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. അടുത്ത വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് കരാര്‍ ഒപ്പുവെച്ചത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഒട്ടേറെ മാറ്റങ്ങളും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മസ്ജിദുല്‍ ഹറമിനടുത്ത് താമസസൗകര്യം ഒരുക്കുന്ന ഗ്രീന്‍ കാറ്റഗറി അടുത്തവര്‍ഷംമുതല്‍ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ സൗകര്യം ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നേരത്തേ ഹറമിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരെ ഗ്രീന്‍ കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, സുരക്ഷ മുന്‍നിര്‍ത്തി ഇവിടെയുള്ള കെട്ടിടങ്ങളില്‍ പാചകം അനുവദിക്കില്ല. അതുകൊണ്ടുതന്നെ നിലവിലുള്ള ഗ്രീന്‍ കാറ്റഗറിയുടെ പേര് ഇനിമുതല്‍ നോണ്‍ കുക്കിങ്, നോണ്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ (എന്‍.സി.എന്‍.ടി.) എന്നായിരിക്കും.
ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകരിലേറെയും അസീസിയ കാറ്റഗറിയിലാണ് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിച്ചത്. മസ്ജിദുല്‍ ഹറമില്‍നിന്നുള്ള ദൂരം അനുസരിച്ചാണ് കാറ്റഗറി നിശ്ചയിക്കുന്നത്. ഇവിടെ താമസിക്കുന്ന തീര്‍ഥാടകര്‍ക്ക് സ്വന്തമായി ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യവും ഹറമിലേക്ക് സൗജന്യ വാഹനവും ലഭ്യമാക്കും. അടുത്തവര്‍ഷം കൂടുതല്‍ ഹജ്ജ് വിസകള്‍ അനുവദിക്കണമെന്ന് ഇന്ത്യ നേരത്തേ ആവശ്യപ്പെട്ടിരുന്നു. കരാര്‍ ഒപ്പുവെക്കുന്ന വേളയില്‍ ഇതും പരിഗണിക്കുമെന്നാണ് കരുതുന്നത്.
:
Post Your Comments