തിരുവനന്തപുരം: കേരളീയ ആയുര്‍വേദത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ അന്തര്‍ദേശീയ ശ്രദ്ധയിലേക്കുയര്‍ത്തുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അഹമ്മദാബാദില്‍ വച്ച് നടന്ന വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രത്യേക പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. ഇത്തരത്തില്‍ കേരളീയ ആയുര്‍വേദത്തെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായി അന്തര്‍ദേശീയ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് കണ്ണൂരില്‍ സ്ഥാപിക്കുന്ന നടപടികള്‍ ആരംഭിച്ചു. ലോകത്തെമ്പാടു നിന്നും ആയുഷ് വിഭാഗത്തില്‍ താത്പര്യമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് അന്തര്‍ദേശീയ ആയുഷ് കോണ്‍ക്ലേവ് ഫെബ്രുവരി മാസത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. ജീവിതശൈലീ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആയുഷ് മേഖല മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നത്. ഏഷ്യയിലാദ്യമായി സ്‌പോര്‍ട്‌സ് ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ട് ഒരു ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ആയുര്‍വേദ തൃശൂര്‍ ജില്ലയില്‍ ഉദ്ഘാടന സജ്ജമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇക്കഴിഞ്ഞ പ്രളയത്തിലും സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് ആയുഷ് വകുപ്പ് കാഴ്ച വച്ചത്. പ്രളയത്തിലകപ്പെട്ട നിരവധി ആളുകള്‍ക്ക് ആയുഷ് മേഖലയിലെ ഇടപെടലിലൂടെ ആരോഗ്യകരമായ ജീവിതം തിരിച്ചുപിടിച്ചാന്‍ കഴിഞ്ഞു. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ വലിയ പ്രവര്‍ത്തനമാണ് ആയുഷ് വകുപ്പ് നടത്തിയത്. സംസ്ഥാനത്തുടനീളം 4 ലക്ഷത്തോളം ആളുകള്‍ക്ക് നേരിട്ട് തന്നെ ആയുഷ് ചികിത്സയിലൂടെയും ഇടപെടലിലൂടെയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും ആശ്വാസം നല്‍കുകയുണ്ടായി.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ കേരളത്തിലെ ആര്‍ദ്രം പദ്ധതി ആയുഷ് മേഖലയിലും നടപ്പിലാക്കും. ഇതോടെ ആര്‍ദ്രത്തിന്റെ മുഖമുദ്രയായ രോഗീസൗഹൃദവും ചെലവ് കുറഞ്ഞ മികച്ച ചികിത്സയും ലഭ്യമാകും. ഇതോടൊപ്പം ആശുപത്രികള്‍ ആധുനിക വത്ക്കരിക്കുകയും മികച്ചവയാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തുവരുന്നതായും മന്ത്രി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക് ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments