ന്യൂഡല്‍ഹി : കള്ളം പറഞ്ഞ് ഡ്യൂട്ടിയില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ക്ക് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മുന്നറിയിപ്പ്. സമ്മര്‍ദത്തെ നേരിടാന്‍ കഴിയാത്തവരും, രോഗം അഭിനയിക്കുന്നവരും, ഉയര്‍ന്ന രക്തസമ്മര്‍ദവും, പ്രമേഹവും, ഹൈപ്പര്‍ടെന്‍ഷന്റെയും പേരില്‍ ഡ്യൂട്ടി ഒഴിവാക്കുകയും, അധിക പണം നേടുകയും ചെയ്യുന്ന വിരുതന്മാര്ക്കെതിരെ ആര്‍മി ആസ്ഥാനത്ത് നിന്നും ഉടന്‍ നടപടി വരുമെന്നാണ് ജനറല്‍ റാവത്ത് അറിയിച്ചത്. ഡ്യൂട്ടിക്കിടെ പരുക്കേറ്റ് അംഗഭംഗം സംഭവിച്ച സൈനികരെയും, ഉദ്യോഗസ്ഥരെയും അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വ്യാജന്മാരെയും അഭിനേതാക്കളെയും കുടുക്കുമെന്ന് വ്യക്തമാക്കിയത്.
യഥാര്‍ത്ഥത്തില്‍ അംഗഭംഗം സംഭവിച്ച സൈനികര്‍ക്ക് സൈന്യം എല്ലാവിധ പിന്തുണയും തുടര്‍ന്നും നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക സഹായവും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ അധിക പണം നേടാന്‍ പരുക്ക് അഭിനയിച്ചാല്‍ നടപടി ഉറപ്പാണ്. ഇത് ഇവര്‍ക്ക് ഇശ്ടപ്പെടാത്തതാകും. അവസാനശ്വാസം വരെ പോരാടുന്ന സൈനികരുടെ ബലത്തില്‍ ഇത്തരക്കാര്‍ ഡ്യൂട്ടിയില്‍ നിന്നും ഇതിന്റെ പേരില്‍ രക്ഷപ്പെടുന്നത് അനുവദിക്കാന്‍ കഴിയില്ല, റാവത്ത് ഓര്‍മ്മിപ്പിച്ചു.
Post Your Comments