സനാ: ജനസംഖ്യയുടെ 70 ശതമാനത്തോളം വരുന്ന രണ്ടുകോടിയോളം പേര്‍ പട്ടിണിയില്‍. ഏതുനിമിഷവും മരണം കവര്‍ന്നെടുക്കുമെന്ന ഭീതിയില്‍ കഴിയുന്നത് രണ്ടരലക്ഷം പേര്‍. നാലുവര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തില്‍ ആകെ തകര്‍ന്നടിഞ്ഞിരിക്കുകയാണ് യെമെന്‍ എന്ന കൊച്ചുരാജ്യം.
പോഷകാഹാരമില്ലാതെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ ദുരിതമനുഭവിക്കുന്നു. എഴുന്നേല്‍ക്കാന്‍പോലും ആരോഗ്യമില്ലാത്തവിധം ശരീരം ശോഷിച്ച ഒട്ടേറെ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ അടുത്തിടെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
അടുത്തിടെ അവിടെനിന്ന് മടങ്ങിയ യു.എന്‍. മനുഷ്യാവകാശവിഭാഗം അണ്ടര്‍സെക്രട്ടറി ജനറല്‍ മാര്‍ക്ക് ലോകോക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ഇതാണ്: തീര്‍ത്തും വഷളായിക്കൊണ്ടിരിക്കുകയാണ് യെമെനിലെ കാര്യങ്ങള്‍. അത് ലോകത്തിന് മുന്നറിയിപ്പുനല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തെയ്സ്, സാദാ, ഹജ്ജ, ഹോദെയ്ദ എന്നീ നാലുപ്രവിശ്യകളെയാണ് പട്ടിണി ഏറ്റവുംരൂക്ഷമായി ബാധിച്ചിരിക്കുന്നത്. തൊഴിലില്ലായ്മമൂലം വരുമാനം ഇല്ലാതായത് പോഷകാഹാരക്കുറവിലേക്കും മരണത്തിലേക്കും നയിച്ചു. കഴിഞ്ഞവര്‍ഷം രാജ്യത്തെ 107 ജില്ലകളെയാണ് പട്ടിണിയും ദാരിദ്ര്യവും ബാധിച്ചതെങ്കില്‍ ഈ വര്‍ഷമത് 152 ആയി ഉയര്‍ന്നു.
Post Your Comments