ഐസ്വാള്‍: മിസോറാമില്‍ ബിജെപി പിന്തുണയില്ലാതെ സോറംതങ്ക മുഖ്യമന്ത്രിയാകും. സര്‍ക്കാര്‍ രൂപീകരണത്തിന് എം.എന്‍.എഫ് ശ്രമങ്ങള്‍ ആരംഭിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് സോറംതങ്ക ഗവര്‍ണറെ കാണും.
1998ലാണ് സോറംതങ്ക ആദ്യം മുഖ്യമന്ത്രിയായത്. 2003ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 2008ലും 2013ലും കോണ്‍ഗ്രസ് അധികാരത്തിലെത്തി. ഇപ്പോള്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വീണ്ടും എംഎന്‍എഫ് മിസോറാം ഭരണം പിടിക്കുന്നത്.
1998 മുതല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ് എംഎന്‍എഫ്. അതിപ്പോഴും തുടരുന്നു. എന്നാല്‍ സംസ്ഥാനത്ത് ബിജെപിയുമായി ബന്ധം വേണ്ടെന്നാണ് പാര്‍ട്ടി നിലപാട്. എംഎന്‍എഫ് തനിച്ചാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരു പാര്‍ട്ടിയുടെയും പിന്തുണ ആവശ്യമില്ലെന്ന് സോറംതങ്ക വ്യക്തമാക്കി. ബിജെപിയുമായോ മറ്റേതെങ്കിലും പാര്‍ട്ടികളുമായോ സഖ്യമുണ്ടാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എംഎന്‍എഫിന് 26 സീറ്റ് ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം 21 സീറ്റാണ്. മതിയായ ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തില്‍ ഒരു പാര്‍ട്ടിയുടെയും പിന്തുണ ആവശ്യമില്ലെന്നും സോറം തങ്ക പറഞ്ഞു.
Post Your Comments