മാനന്തവാടി: പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് പഠനഭാരം മൂലമാണന്ന് സൂചന. റിസല്‍ട്ടിനായുള്ള മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെയാണ് തരുവണ പാലിയാണ ചെമ്പോക്കണ്ടി വിനോദിന്റെയും സവിതയുടെയും ഇളയ മകനായ വൈഷ്ണവ് ഇന്നലെ വൈകുന്നേരം വീടിന്റെ രണ്ടാം നിലയിലെ മുറി അടച്ചിട്ട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചത്. ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് വൈഷ്ണവ്.
ഓട്ടോ ഡ്രൈവറായ വിനോദും പനമരം ഗ്രാമീണ്‍ ബാങ്കില്‍ ജീവനക്കാരിയായ സവിതയും സ്ഥലത്തുണ്ടായിരുന്നില്ല. മുത്തശ്ശി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഏക സഹോദരന്‍ പാലക്കാട് എഞ്ചിനീയറിംഗിന് പഠിക്കുകയാണ്. മികച്ച രീതിയില്‍ പഠിക്കുന്ന വൈഷ്ണവ് എസ്. എസ്. എല്‍.സി.ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. പ്ലസ് വണ്ണിന് ഒപ്പം സ്‌കൂളില്‍ എന്‍ട്രന്‍സ് കോച്ചിംഗിനും ചേര്‍ന്നിട്ടുണ്ട്. പഠനത്തില്‍ മാത്രം ശ്രദ്ധ കൊടുക്കുന്ന ,വലിയ കൂട്ടുകെട്ടുകളും മറ്റ് പരിപാടികളും ഇല്ലാത്ത ശാന്തനായ പ്രകൃതകാരനായിരുന്നു വൈഷ്ണവ്.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ സ്‌കൂളില്‍ പോകാതെ ഇന്ന് തുടങ്ങുന്ന ക്രിസ്തുമസ് പരീക്ഷക്ക് പഠിക്കുകയായിരുന്നു. എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടന്ന എന്‍ട്രന്‍സ് കോച്ചിംഗില്‍ പങ്കെടുക്കുകയും ചെയ്തു. സാധാരണ പോലെ വീട്ടിലെത്തി ഇന്നലെയും സ്‌കൂളില്‍ പോകാതെ മുഴുവന്‍ സമയവും വീട്ടിലിരുന്നു പഠിക്കുകയായിരുന്നു. പഠനമുറിയിലെ പുസ്തകങ്ങളെല്ലാം വളരെ അടുക്കും ചിട്ടയോടും കൂടിയാണുള്ളത്. ഒരു പുസ്തകത്തിലാണ് അധ്യാപകനെതിരെ കത്ത് എഴുതി വച്ചിട്ടുള്ളത്.
അധ്യാപകന്റെ പീഡനത്തില്‍ മടുത്തുവെന്നും ജീവിതം അവസാനിപ്പിക്കുകയാണന്നും നിയമം അദ്ദേഹത്തിന് ശിക്ഷ നല്‍കട്ടെയെന്നും എഴുതിയിട്ടുണ്ട്. മറ്റൊരു പുസ്തകത്തില്‍ ഏറെ ഇഷ്ടമായിരുന്ന കൂട്ടുകാരിയോട് യാത്ര പറഞ്ഞിട്ടുമുണ്ട്. മുറിയില്‍ നിന്ന മൊബൈല്‍ ഫോണും പുസ്തകങ്ങളും സംഭവസ്ഥലവും മാനന്തവാടി ഡി.വൈ. എസ്.പി.എം. കെ. ദേവസ്യയുടെ നേതൃത്വത്തില്‍ വെള്ളമുണ്ട പോലീസ് പരിശോധിച്ചു. സമ്മര്‍ദ്ദങ്ങളെ താങ്ങാന്‍ കഴിയാത്ത മാനസിക അവസ്ഥയില്‍ പഠനത്തിലുള്ള അമിത ഭാരം ഏല്പിക്കപ്പെട്ടതാകാം ആത്മഹത്യക്ക് കാരണമെന്ന് പോലീസ് കരുതുന്നു.
Post Your Comments