Latest NewsPrathikarana Vedhi

അന്നദാനപ്രഭുവും, ഭൗതീകവാദിയുമായ അയ്യപ്പൻ

ഹരികൃഷ്ണൻ മുത്തളങ്ങാട്ട്

ആധ്യാത്മികതയും, അയ്യപ്പൻറെ നൈഷ്ഠിക ബ്രഹ്മചര്യം ഒക്കെ കുറെ പറഞ്ഞതാണല്ലോ. ഇനി കുറച്ച് ഭൗതികത ആവട്ടെ. മുഖ്യമന്ത്രി ആണെങ്കിൽ ഭൗതികതയിൽ മാത്രം വിശ്വസിക്കുന്ന ആൾ ആണല്ലോ. അയ്യപ്പൻ എങ്ങിനെ അന്നദാനപ്രഭു ആകുന്നു എന്ന ഒരു ചെറിയ കണക്ക് പറയാം.
ചെറിയ കണക്കാണ്, ശബരിമല അയ്യപ്പൻ എങ്ങിനെ മലയാളിയെ കാത്ത് രക്ഷിക്കുന്നുവെന്ന് മനസ്സിലാക്കാൻ calculator വേണ്ടാത്ത ചെറിയ കണക്ക്.

പാലക്കാട് ജില്ലയിൽ വടക്കഞ്ചേരി എന്ന ഒരു സ്ഥലം ഉണ്ട്. അവിടെ റോഡരികിൽ കുറെകടകളിൽ നേന്ത്രക്കായ വറുത്തത് വിൽക്കുന്നു. ഏകദേശം ഒരു ടൺ നേന്ത്രക്കായ ചിപ്സ് എങ്കിലും ശബരിമല സീസണിൽ വിൽക്കപ്പെടുന്ന സ്ഥലം. അതിനടുത്തുള്ള കാർഷിക മേഖലയായ എളനാട്, വെന്നൂർ, ചേലക്കര, പഴയന്നൂർ…തുടങ്ങീ സ്ഥലങ്ങളിലെ നേന്ത്രക്കായ തോട്ടങ്ങൾ എല്ലാം ഈ സമയത്ത് കാലിയാവും. കർഷകന് നല്ല വിലയും കിട്ടും. ഈ വർഷം ചിപ്സ് കടകൾ കാലി, കഴിഞ്ഞ വർഷം നേന്ത്രക്കായക്ക് 40 – 45 രൂപ കിട്ടിയിരുന്ന കർഷകന് ഇന്ന് 24 – 28 രൂപ മാത്രം കിട്ടുന്നു. അവിടെ കൃഷി ചെയ്യുന്നവർ ഭൂരിഭാഗവും ക്രിസ്ത്യാനികൾ ആണ്, കച്ചവടക്കാർ അധികവും മുസ്ലിങ്ങളും. കച്ചവടവും, കൃഷിയും, ചെയ്തിരുന്ന ജാതിമതഭേദമന്യേ എല്ലാവർക്കും പണം കൊണ്ടുവന്നിരുന്ന അന്നദാനപ്രഭു ഇക്കൊല്ലം മെല്ലെപ്പോക്കിൽ ആണ്. എല്ലാവർക്കും കച്ചവടം കുറവ്.

അങ്ങിനെ നോക്കുകയാണെങ്കിൽ കോഴിക്കോട് ഭാഗത്തെ ഹലുവ കച്ചവടക്കാർ, ഗുരുവായൂരിലെ പപ്പട കച്ചവടക്കാർ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഈ സീസണിൽ കപ്പയും കഞ്ഞിയും കച്ചവടം നടത്തിയിരുന്ന കൃഷിക്കാർ മുതലായവരൊക്കെ കഷ്ടത്തിലാണ്.കാരണം ഒന്ന് മാത്രം, ആചാരലംഘനത്തിന് സർക്കാർ ഒത്താശ ചെയ്യുന്നു എന്ന തോന്നൽ.

മൂന്നു വർഷം മുൻപ് ശബരിമല പോകുന്ന വഴിയിൽ ഭക്ഷണം കഴിക്കാൻ ഞങ്ങൾ ഒരു കടയിൽ നിർത്തി. കടക്കാരൻ കൊന്തയിട്ട ഒന്നാം കിട 916 അച്ചായൻ. കടയിൽ വലിയ അയ്യപ്പൻറെ ഫോട്ടോ. അതെങ്ങിനെ ആണ് ഈ അയ്യപ്പനും കൊന്തയും ഒത്ത് പോകുന്നതെന്ന് ഞങ്ങളുടെ കൂടെയുള്ളവർ തമാശ രൂപേണ ചോദിച്ചു. ആ കടക്കാരൻ പറഞ്ഞതിങ്ങനെയാണ്. “എൻ്റെ സ്വാമീ…ഈ അയ്യപ്പൻ ഇവിടെ ഈ പത്തനംതിട്ടയിൽ വന്ന് ഇരുന്നില്ലായിരുന്നെങ്കിൽ ഞങ്ങളൊക്കെ ഓടി പോവേണ്ടി വന്നേനെ. എനിക്ക് ഒന്നര ഏക്കർ റബ്ബർ ഉണ്ട്, അതിനിപ്പോൾ വില കുറവാണ്. മുക്കാൽ ഏക്കറിൽ കപ്പ നട്ടിരിക്കുന്നു. അത് കടയിൽ കൊടുക്കാതെ നമ്മൾ തന്നെ പറിച്ച്, പുഴുങ്ങി കഞ്ഞിയുടെ കൂടെ വിളമ്പി കൊടുക്കുന്നു. പണിക്കൂലി,കയറ്റു കൂലി, ഇറക്ക് കൂലി, പച്ചക്കറിക്കടക്കാരന്റെ ലാഭം, ഹോട്ടലുകാരന്റെ ലാഭം…എല്ലാ പണിയും ഞാനും ഭാര്യയും കൂടി ചെയ്യുന്നതിനാൽ ആ ലാഭം പുറത്തു പോകില്ല. കുറഞ്ഞ വിലക്ക് നമ്മൾ വിളിക്കുമ്പോഴും, ലാഭം കൂടുതൽ കിട്ടുന്നു. ഈ രണ്ടു മാസത്തെ കച്ചവടം കൊണ്ടാണ് സ്വാമീ ഒരു കൊല്ലത്തെ വീട്ടുചിലവും, കുട്ടികളുടെ പഠിപ്പിനുള്ള പണവും കണ്ടെത്തുന്നത്. അത് കൊണ്ട് ഞങ്ങൾക്ക് അന്നം തരുന്ന അയ്യപ്പൻറെ ഫോട്ടോ അവിടെ ഇരുന്നോട്ടെ സ്വാമീ…”

എല്ലാ ഇടനിലക്കാരെയും ഒഴിവാക്കി, ഒരു താൽക്കാലിക ഷെഡിൽ, വലിയ മുതൽ മുടക്കില്ലാതെ കർഷകന് എങ്ങനെ നേട്ടം കൊയ്യാം എന്ന വലിയൊരു സാമ്പത്തിക ശാസ്ത്രം കുറച്ചു കഞ്ഞി കുടിക്കുന്നതിനിടയിൽ പറഞ്ഞു തന്ന വലിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ആണ് ആ സാധാരക്കാരൻ ആയ അച്ചായൻ. പി സി ജോർജ് അയ്യപ്പന് വേണ്ടി സംസാരിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം ഇതാണ്.

ആ സാധാരണ മനുഷ്യൻ പറഞ്ഞ സാമ്പത്തിക ശാസ്ത്രം സാധാരണക്കാരനായ ഒരു കള്ളുചെത്തുകാരന്റെ മകനായ മുഖ്യമന്ത്രിയും, ഉന്നത വിദ്യാഭ്യാസം നേടിയ ഡോക്ടർ ഐസക്കും മനസ്സിലാക്കിയാൽ കേരളം രക്ഷപ്പെടുമായിരുന്നു .

ഒരു വർഷത്തിൽ 6 കോടി ജനങ്ങൾ ശബരിമലയിൽ വരുന്നു എന്നാണ് ഒരു ഏകദേശ കണക്ക്. ഒരാൾ കേരളത്തിന്റെ അതിർത്തിയിൽ കടന്ന് പുറത്തു പോകുന്നതിന് മുൻപ് മിനിമം രണ്ടായിരം രൂപയെങ്കിലും ചിലവാക്കും. അയ്യപ്പൻ ഒരു വർഷം 12000 കോടി രൂപയുടെ ക്രയവിക്രയം കേരളത്തിൽ ഉണ്ടാക്കുന്നു എന്നർത്ഥം. പ്രളയം കഴിഞ്ഞ നാടാണ്. എല്ലായിടത്തും മാന്ദ്യം. മാന്ദ്യകാലത്ത് സർക്കാരുകൾ വിപണിയിൽ ക്രയവിക്രയം കൂട്ടാൻ പല പരിഷ്കാരങ്ങളും ചെയ്യാറുണ്ട്. ലോറിക്ക് മഞ്ഞ പെയിന്റ് അടിക്കുമ്പോഴും, എല്ലാ സ്‌കൂളിലും യൂണിഫോം മാറ്റുമ്പോഴും സാധാരണക്കാർ പറയുന്നത് ഇത് ചെയ്യുന്നത് കമ്പനികൾ മന്ത്രിമാർക്ക് കമ്മീഷൻ കൊടുത്തിട്ടാണ് എന്നാണ്. എന്നാൽ ഇത് കമ്പോളത്തിലേക്ക് പണം വരുന്നതിനും, ജനങ്ങളുടെ ക്രയവിക്രയ ശേഷി കൂട്ടുന്നതിനും, സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനും, മാന്ദ്യം മാറ്റുന്നതിനും ആണെന്നതാണ് യാഥാർഥ്യം.

ഇവിടെ മാന്ദ്യം മാറ്റാൻ നിങ്ങൾ പുതുതായി ഒന്നും ചെയ്യണ്ട, അയ്യപ്പ ഭക്തരുടെ കൂടെ ആണെന്ന് പറഞ്ഞില്ലെങ്കിലും, വെറുതെ അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്താതിരുന്നാൽ മതി. കേരളത്തിലേക്ക് വരുന്ന അയ്യപ്പന്മാർ കേരളത്തിൽ ഒരു ദിവസം കൂടുതൽ തങ്ങാൻ ഉള്ള സൗകര്യം ചെയ്ത് കൊടുത്താൽ കുറച്ചു കൂടി പണം കേരളത്തിൽ ചെലവഴിക്കപ്പെട്ടേനെ. അതിന് പകരം നിങ്ങൾ ചെയ്തതോ:

സുപ്രീം കോടതി വിധി വന്ന ഉടനെ എന്ത് വന്നാലും ഈ വിധി നടപ്പിലാക്കും എന്ന് മുഖ്യമന്ത്രി.

യുവതികൾക്ക് പോകാൻ വനിതാപോലീസിനെ വിന്യസിക്കും എന്ന് ദേവസ്വം മന്ത്രി പറയുന്നു. പോലീസ് ഡിപ്പാർട്മെന്റിൽ മുറുമുറുപ്പ് വന്നപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വനിതാപോലീസിനെ ഇറക്കുമെന്ന് പറയുന്നു. അവർ പോലീസിനെ വിടില്ല എന്ന് പറഞ്ഞതോടെ ആ പരിപാടി അവസാനിപ്പിക്കുന്നു.

ഗാന്ധിയൻ മാർഗ്ഗത്തിൽ നാമജപ സമരം നടത്തിയപ്പോൾ ദേവസ്വം മന്ത്രി അടക്കം എല്ലാവരും അതിനെ അധിക്ഷേപിക്കുന്നു.

പ്രതിസന്ധി ഘട്ടത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടിയെ വിവാദത്തിലൂടെ രക്ഷിക്കാൻ വരുന്ന വിവാദ വാക്-വില്പനക്കാരായ ജി സുധാകരൻ, പി കെ ശ്രീമതി, സ്വരാജ് തുടങ്ങിയവരെ ഇറക്കി വ്രണപ്പെട്ട ഹിന്ദുവികാരത്തിൽ മുളകരച്ച് പുരട്ടുന്നു.

ഈ നാമജപം ഒക്കെ രണ്ടു ദിവസം കഴിഞ്ഞാൽ കെട്ടടങ്ങും എന്ന് ദേവസ്വം മന്ത്രി. അത് കെട്ടടങ്ങുന്നില്ല കേരളം കണ്ട ഏറ്റവും വലിയ ഗാന്ധിയൻ സമരം ആകുന്നുവെന്ന് കണ്ടപ്പോൾ അതിനെ “തെറി ജപം” എന്ന് വിളിച്ച് ധനകാര്യമന്ത്രി തോമസ്ഐസക് അധിക്ഷേപിക്കുന്നു.

പൊതുസ്ഥലം അല്ലാത്ത സന്നിധാനത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നു. നാമജപം നടത്തിയ സ്ത്രീകളും കുട്ടികളും അടങ്ങിയ സാധാരണ ഭക്തരെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുന്നു. ശബരിമലക്ക് പോകുന്ന സാധാരണക്കാരെയും, VIP കളെയും, സാമൂഹ്യപ്രവർത്തകരെയും, ഹിന്ദു നേതാക്കളെയും, പോലീസ് അധിക്ഷേപിക്കുന്നു. ബഹുമാനപ്പെട്ട ഹൈ കോടതി ഇടപെടുന്നത് വരെ അറസ്റ്റും ജയിലും തുടരുന്നു.

സുപ്രീം കോടതി വിധി വന്നയുടനെ തന്നെ കേരളത്തിലെ പല ഗുരുസ്വാമിമാരും ഈ കൊല്ലം പോകുന്നില്ല എന്ന് പറഞ്ഞിരുന്നു. ഈ വക തല തിരിഞ്ഞ നയങ്ങൾ കൂടി ആയപ്പോൾ മറ്റു സംസ്ഥാനങ്ങളിലെ സ്വാമിമാരും മാറി ചിന്തിക്കാൻ തുടങ്ങി. അയ്യപ്പ ഭക്തർ കുറഞ്ഞു, വരുമാനം കുറഞ്ഞു. വേലിയേറ്റ സമയത്ത്, പാതിരാത്രിയിൽ ഡാമുകൾ കൂട്ടത്തോടെ തുറന്ന് വിട്ട് വീടും കൂടും നഷ്ടപ്പെട്ട സ്വന്തം ജനങ്ങളെ, കൈ പിടിച്ച് മുന്നോട്ട് നയിക്കുന്നതിന് പകരം തല തിരിഞ്ഞ നയങ്ങളിലൂടെ പട്ടിണിയിലാഴ്ത്താൻ ഒരു ഭരണകൂടം തന്നെ കൂട്ട് നിൽക്കുന്ന കാഴ്ച ആണ് ഇപ്പോൾ കാണുന്നത്. ഇപ്പോൾ ഒരു നാലരക്കോടി ഭക്തജനങ്ങളുടെ കുറവുണ്ടായാൽ കുറഞ്ഞത് കേരളത്തിലെ സാമ്പത്തവ്യവസ്ഥയിൽ 9000 കോടി രൂപയുടെ ക്രയവിക്രയമെങ്കിലും കുറയും. അത് ഈ പ്രളയാനന്തര കേരളത്തിന് ഒരു വലിയ അടിയാവും. കേന്ദ്രം തരുന്ന 3050 കോടി രൂപയും, ശബരിമല ടൂറിസത്തിൽ നിന്നുള്ള പണവും ആയതാണെങ്കിൽ നമുക്ക് ഒന്ന് നിവർന്ന് നിൽക്കാമായിരുന്നേനെ.

നമ്മൾ ഒന്നുകിൽ എന്തെങ്കിലും കേരളത്തിൽ നിന്ന് കയറ്റി അയക്കണം, അല്ലെങ്കിൽ ജനം ഇങ്ങോട്ട് വന്ന് എന്തെങ്കിലും ഇവിടെ ചെലവ് ചെയ്യണം. അപ്പോഴേ പണം നമ്മുടെ നാട്ടിലേക്ക് വരൂ. അല്ലാതെ പണം വരാൻ നവോത്ഥാനക്ലാസ് എടുത്തിട്ട് കാര്യമില്ല മുഖ്യമന്ത്രീ… വിദേശ ടൂറിസത്തിലൂടെ വരുന്ന പണം ഒരു അക്കൗണ്ടിൽ നിന്ന് സ്റ്റാർ ഹോട്ടലിന്റെ അക്കൗണ്ടിലേക്ക് മാത്രമായിരിക്കും പോകുന്നത്. അയ്യപ്പ ഭക്തർ കൊണ്ടുവരുന്ന പണത്തെ പോലെ സാധാരണക്കാരന് അതിന്റെ ഗുണം കിട്ടില്ല. അന്നം തരുന്നവൻ ആണ് ദൈവം, ജാതി മതഭേദമന്യേ 12000 കോടിയോളം രൂപ കേരളത്തിലെ ജനങ്ങൾക്ക് വീതിച്ച് കൊടുക്കുന്ന അയ്യപ്പൻ ആണ് അന്നദാനപ്രഭു.

ശബരിമല ആചാര സംരക്ഷണം ഹിന്ദുക്കളുടെ നവോത്ഥാനത്തിന്റെ പ്രശ്നമല്ല, ജാതിമതഭേദമന്യേ എല്ലാവരുടെയും അന്നത്തിന്റെ പ്രശ്നമാണ്. അത് മനസ്സിലാക്കി ശബരിമലയുടെ പ്രാധാന്യം നില നിർത്താൻ ആചാരങ്ങൾ സംരക്ഷിക്കണം. അതിന് സർക്കാർ ദുരഭിമാനം വെടിഞ്ഞു ശബരിമലയിലെ ആചാരസംരക്ഷണത്തിന് കോടതിയിലും നിയമസഭയിലും നടപടി സ്വീകരിക്കണം.

കന്നഡക്കാർ അവരുടെ ദേശത്തിന്റെ ദൈവമായി കണക്കാക്കുന്നത് ഭുവനേശ്വരി ദേവിയെയും, കൃഷിക്ക് ജലം നൽകുന്ന കാവേരി മാതാവിനെയും ആണ്. കർണാടകപ്പിറവി ദിനത്തിൽ അവർ കാവേരിമാതാവിനും, ഭുവനേശ്വരി ദേവിക്കും എല്ലാ കവലകളിലും പൂജ നടത്തും, ആഘോഷിക്കും. കൃഷിക്ക് വെള്ളം തരുന്നതിനുള്ള നന്ദിപ്രകാശനം!

മലയാളികൾക്ക് അന്നം തരുന്ന അയ്യപ്പനെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരുന്നുകൂടെ ?

shortlink

Related Articles

Post Your Comments

Related Articles


Back to top button