![](/wp-content/uploads/2018/12/20141130_160819.jpg)
തിരുവനന്തപുരം: നിര്‍മാണ തൊഴിലാളി ക്ഷേമനിധി ഫണ്ടിലേക്ക് ചുമത്തുന്ന കെട്ടിട സെസ് സംബന്ധിച്ച് നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ലേബര്‍ കമ്മീഷണര്‍ എ അലക്സാണ്ടര്‍. തൊഴില്‍ നൈപുണ്യ വകുപ്പാണ് കെട്ടിട സെസ് ചുമത്തുന്നത്. നിര്‍മാണതൊഴിലാളി ക്ഷേനിധി സെസ് നിയമത്തിലെ 2017ലെ പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം 100 ചതുരശ്ര മീറ്റര്‍ താഴെ വിസ്തീര്‍ണമുള്ള ഗാര്‍ഹിക കെട്ടിടങ്ങള്‍ക്ക് സെസ് നല്‍കേണ്ടതില്ല.
കൂടാതെ പത്ത് ലക്ഷത്തില്‍ താഴെ നിര്‍മാണ ചെലവുള്ള ഗാര്‍ഹിക കെട്ടിടങ്ങളും 1995 നവംബര്‍ മൂന്നിന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങളും സെസ് പരിധിയില്‍ വരില്ല. അല്ലാത്തവയ്ക്ക് ചതുരശ്ര മീറ്ററിന് കാലപ്പഴക്കത്തിന്റെയും പ്ലിന്ത് ഏരിയയുടെയും അടിസ്ഥാനത്തില്‍ നിര്‍ണയിച്ചിട്ടുള്ള നിര്‍മാണ ചെലവിന്റെ നിരക്ക് പ്രകാരം സെസ് നല്‍കേണ്ടിവരും.
ഓരോ അഞ്ചുവര്‍ഷത്തിലും സെസ് നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള ഷെഡുകള്‍, റൂഫിങ് ഷീറ്റ് കൊണ്ട് മേല്‍ക്കൂര നിര്‍മിച്ച ഗോഡൗണുകള്‍, വര്‍ക്ക് ഷെഡുകള്‍ ഫാമുകള്‍ എന്നിവയ്ക്ക് പ്രത്യേകനിരക്കാണ് ഈടാക്കുക. ചതുരശ്ര മീറ്ററിന് സ്ലാബനുസരിച്ച് 3400 -7075 രൂപയാണ് നിരക്ക്.
കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ സെസ് ആക്ട് പ്രകാരം നിര്‍മാണം പൂര്‍ത്തീകരിച്ച ഗാര്‍ഹിക വാണിജ്യ കെട്ടിടങ്ങള്‍ക്ക് ആകെ നിര്‍മാണ ചെലവിന്റെ ഒന്നു മുതല്‍ രണ്ടു ശതമാനം വരെ ഒറ്റത്തവണ കെട്ടിടസെസ് ഈടാക്കാമെന്നിരിക്കെ സംസ്ഥാനത്ത് ഒരു ശതമാനം മാത്രമാണ് സെസായി ഈടാക്കുന്നതെന്നും കമ്മീഷണര്‍ പറഞ്ഞു.
Post Your Comments