ഫാ. ജോബ് ചിറ്റിലപ്പിള്ളിയെ വധിച്ച കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു

കൊച്ചി : ഫാ. ജോബ് ചിറ്റിലപ്പിള്ളിയെ വധിച്ച കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. ചാലക്കുടി വരപ്രസാദ മാതാ പള്ളിയിലെ വികാരിയായിരുന്ന ഫാ. ജോബ് ചിറ്റിലപ്പിള്ളിയെ വധിച്ച കേസിലാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതിയെ ഹൈക്കോടതി വെറുതെവിട്ടത്. പ്രതി തൃപ്പൂണിത്തുറ ഇരുമ്പനം ഭാസ്‌കരന്‍ കോളനിയില്‍ രഘുകുമാറിനെയാണ് വിചാരണക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കി ഹൈക്കോടതി വെറുതേവിട്ടത്. പ്രതിക്കെതിരെ ചുമത്തിയ കുറ്റകൃത്യം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു വിലയിരുത്തിയാണു ഹൈക്കോടതി ഇയാളെ കുറ്റവിമുക്തനാക്കിയത്.

2004 ഓഗസ്റ്റ് 28നു പുലര്‍ച്ചെ അഞ്ചരയോടെയാണു ഫാ. ജോബ് ചിറ്റിലപ്പിള്ളിയെ പള്ളിവരാന്തയില്‍ കുത്തേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. വൈരാഗ്യം മൂലം ഫാ. ജോബിനെ പ്രതി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കൃത്യം നടന്നു പത്തു ദിവസത്തിനുശേഷമാണു രഘുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെ 2006ല്‍ കേസ് സിബിഐയ്ക്കു കൈമാറുകയായിരുന്നു.തുടര്‍ന്ന് സിബിഐയാണു രഘുകുമാറിനെതിരേ കുറ്റപത്രം നല്‍കിയത്. പല വഴക്കുകളിലും പള്ളി വികാരിമാര്‍ തനിക്കെതിരേ നിന്നതിലുള്ള വൈരാഗ്യം രഘുവിനുണ്ടായിരുന്നെന്നും അടുത്ത സുഹൃത്ത് ചാലക്കുടിയിലെ ഒരു ധ്യാനകേന്ദ്രത്തില്‍നിന്നു പുറത്തു ചാടി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നു വികാരിമാരോട് ഇയാള്‍ക്കു വിദ്വേഷം കൂടിയെന്നും സിബിഐ കണ്ടെത്തിയിരുന്നു. ഇതു കണക്കിലെടുത്ത എറണാകുളം സിബിഐ കോടതി 2012 ലാണു പ്രതിക്ക് ഇരട്ട ജീവപര്യന്തവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

Share
Leave a Comment