ടാമ്പ : അറുപത്തൊമ്പത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒടുവില്‍ അമ്മയും മകളും പരസ്പരം കണ്ടുമുട്ടി. ഡിസംബര്‍ മൂന്നിന് വൈകുന്നേരം ടാമ്പയിലെ നഴ്‌സിംഗ് ഹോമാണ് അപൂര്‍വസംഗമത്തിന് വേദിയായത്. ജെനവിന്‍ പുരിന്‍ടണ്‍ (88) മകള്‍ കോണി മോള്‍ട്രാഫിനെ (69) ഡിഎന്‍എ ടെസ്റ്റിലൂടെയാണ് തിരിച്ചറിഞ്ഞത്. ഇതു ഞങ്ങളുടെ ക്രിസ്മസ് സമ്മാനമാണെന്നാണ് ഇരുവരും കൂടിചേരലിനെക്കുറിച്ച് പ്രതികരിച്ചത്.
പതിനെട്ടാം വയസിലാണു ജെനവിന്‍ പുരിന്‍ടന്‍ കോണിക്ക് ജന്മം നല്‍കിയത്. ഇത്രയും ചെറുപ്പത്തില്‍ മകളെ അമ്മയായി കാണാന്‍ ആഗ്രഹിക്കാത്ത ജെനവിന്റെ മാതാപിതാക്കള്‍ കുട്ടി മരിച്ചു പോയി എന്നാണ് ഇവരെ ധരിപ്പിച്ചത്. ആശുപത്രില്‍ വച്ച് കുഞ്ഞിനെ കാലിഫോര്‍ണിയ സാന്റാ ബാര്‍ബറയിലുള്ള കുടുംബം ദത്തെടുത്തു.കോണിക്ക് നാലു വയസുള്ളപ്പോള്‍ വളര്‍ത്തമ്മ മരിച്ചു. വളര്‍ത്തച്ചന്‍ രണ്ടാമതും വിവാഹിതനായി. തുടര്‍ന്നുള്ള ജീവിതം കഷ്ടപ്പാട് നിറഞ്ഞതായിരുന്നുവെന്ന് കോണി പറയുന്നു. കോണിയെ ദത്തെടുത്തതാണെന്നുള്ള കാര്യം ഇവരും വളര്‍ത്തച്ചനും മറച്ചു വച്ചു. ഒടുവില്‍ സത്യം മനസിലായപ്പോള്‍ കോണിയുടെ മകള്‍ ബോണി ചെയ്‌സാണ് ഡിഎന്‍എ ടെസ്റ്റ് കിറ്റ് വാങ്ങി നല്‍കി ശരിയായ അമ്മയെ കണ്ടെത്താന്‍ സഹായിച്ചത്.
സെപ്റ്റംബര്‍ 8 നായിരുന്നു കോണിയുടെ മാതാവില്‍ നിന്നും ആദ്യ ഫോണ്‍ കോള്‍ ലഭിച്ചത്. തുടര്‍ന്ന് ഇരുവരും ഫോണില്‍ സംസാരിച്ചു. ആദ്യമായി അമ്മയെ കണ്ടു മുട്ടിയപ്പോള്‍ ഉണ്ടായ ആഹ്ലാദത്തിന് അതിരില്ലായിരുന്നുവെന്നാണ് ഇതിനു സാക്ഷിയായ കോണിയുടെ മകള്‍ ബോണി അഭിപ്രായപ്പെട്ടത്.
Post Your Comments