കൊച്ചി: കവിത മോഷണ വിവാദത്തെക്കുറിച്ച് കേരളവര്‍മ കോളേജ് മലയാളം അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തില്‍ നിന്ന് വിശദീകരണം ചോദിക്കുമെന്ന് അധ്യാപക സംഘടനയായ എകെപിസിടിഎ. ആരും സംഘടനയ്ക്ക് അതീതരല്ലെന്നും ഇതേക്കുറിച്ച് അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും എകെപിസിടിഎ സംസ്ഥാന ഭാരവാഹികള്‍ വ്യക്തമാക്കി. ദീപയുടെ പേരില്‍ അങ്ങനെയിരിക്കെ എന്ന കവിത എകെപിസിടിഎയുടെ മാഗസിനിലാണ് പ്രസിദ്ധീകരിച്ച് വന്നത്. ഇതോടെയാണ് തെളിവ് സഹിതം യുവകവി എസ് കലേഷ് കവിത തന്റേതാണെന്നും അത് വികലമാക്കി ദീപ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നുവെന്നും ആരോപിച്ച് രംഗത്തെത്തിയത്.
ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചിരിക്കുന്നത്.
എസ് കലേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
2011 മാര്‍ച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ എന്ന കവിത എഴുതിതീര്‍ത്ത് ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയെന്നോര്‍ക്കുന്നു. ആ കവിതയിലൂടെ എന്റെ കവിതയ്ക്ക് അനേകം പുതിയ സുഹൃത്തുക്കളെ കിട്ടി. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. അതുവായിച്ച് ഇഷ്ടപ്പെട്ട ഏ.ജെ തോമസിന്റെ Alaichanickal Joseph Thomasഅഭിപ്രായപ്രകാരം സി. എസ്. വെങ്കിടേശ്വരന്‍ Venkit Eswaran കവിത ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് ഇന്ത്യന്‍ ലിറ്ററേച്ചറില്‍ പ്രസിദ്ധീകരിച്ചു. 2015-ല്‍ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തില്‍ ആ കവിത ഉള്‍പ്പെട്ടു. ഇന്നലെ അതേ കവിത മറ്റൊരു വ്യക്തിയുടെ പേരില്‍ വരികള്‍ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകര്‍പ്പ് ചില സുഹൃത്തുക്കള്‍ അയച്ചു തന്നു. AKPCTA യുടെ ജേര്‍ണലിലാണ് കവിത അച്ചടിച്ചുവന്നത്. വിഷമം തോന്നി. അല്ലാതെന്ത് തോന്നാന്‍!
https://www.facebook.com/kalesh.som/posts/10216041304879097
Post Your Comments