KeralaLatest News

ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണം പ്രതിസന്ധിയില്‍ തന്നെ

കൊച്ചി: ഊബര്‍ ഈറ്റ്‌സ്, സ്വിഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകളെ പ്രതിസന്ധിയിലാക്കി ഹോട്ടല്‍ ഉടമകളുടെ നിസഹകരണ സമരം. ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനിലെ (കെ.എച്ച്.ആര്‍.എ.) അംഗങ്ങളായ നഗരത്തിലെ പ്രമുഖ ഹോട്ടലുകള്‍ ഓണ്‍ലൈന്‍ കമ്പനികള്‍ക്ക് ഭക്ഷണ വിതരണം നിര്‍ത്തിയതോടെ പ്രധാന ഓണ്‍ലൈന്‍ കമ്പനികളുടെ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണ്ണമായി തടസപ്പെട്ടിട്ടാണുള്ളത്. ഇതോടെ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ ശൃംഖലയില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാരത്രയും ഓര്‍ഡറൊന്നും കിട്ടാതെ വലയുകയാണ്. അതേസമയം പ്രശ്‌ന പരിഹാര ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കില്ലെന്ന നിലപാടിലാണ് ഹോട്ടലുടമകള്‍.

തങ്ങളുടെ മെനുവില്‍ ലഭിക്കുന്ന വിലയ്ക്ക് വിഭവങ്ങള്‍ എടുക്കാന്‍ തയ്യാറാണെങ്കില്‍ മാത്രമേ ഈ ആപ്പുകളുമായി സഹകരിക്കുകയുള്ളൂവെന്ന് നേരത്തെ ഇവര്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം ആപ്പുകള്‍ റസ്റ്റോറന്റുകളില്‍നിന്ന് ഓര്‍ഡറിന്റെ 20-30 ശതമാനം കമ്മിഷന്‍ ഈടാക്കുന്നുണ്ട്. ഇത് താങ്ങാനാവില്ലെന്ന നിലപാടാണ് ഹോട്ടല്‍ ഉടമകള്‍ക്ക്. കൊച്ചി നഗരത്തില്‍ പ്രതിദിനം 25,000 പേര്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പിലൂടെ ഭക്ഷണം വീടുകളിലേക്ക് എത്തിക്കുന്നുവെന്നാണ് കണക്ക്. 40 മുതല്‍ 50 ലക്ഷം രൂപ വരെയുള്ള കച്ചവടമാണ് ഓണ്‍ലൈന്‍ ശൃംഖലയുമായി ബന്ധിപ്പിച്ച 200 ഹോട്ടലുകളില്‍ നടക്കുന്നത്. എന്നാല്‍ ഹോട്ടല്‍ മെനുവിനേക്കാളും വന്‍വിലക്കുറവിലാണ് ഓണ്‍ലൈന്‍ ആപ്പുകളില്‍ ഭക്ഷണവില. ഹോട്ടലുകളില്‍ നിന്ന് 30 ശതമാനം വരെയാണ് ഓണ്‍ലൈന്‍ ആപ്പുകള്‍ കമ്മീഷന്‍ ഈടാക്കുന്നത്. ഇത് സഹിച്ച് ഹോട്ടല്‍ വ്യവസായം മുന്നോട്ട് പോകില്ലെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്‍ഡ് അസ്സോസിയേഷന്‍ പറയുന്നു. ആപ്പുകളുടെ വരവോടെ ഹോട്ടലുകളില്‍ വന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Post Your Comments


Back to top button