കണ്ണൂര്‍•ഉദ്ഘാടനത്തിനു മുന്നോടിയായി കണ്ണൂർ വിമാനത്താവളത്തിലെ എയർ ട്രാഫിക് സർവീസസ് കോംപ്ലക്സ് (എടിസി ടവർ) എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ)യ്ക്ക് കൈമാറി. ടവറിന്റെ ചുമതല എഎഐ റീജ്യണൽ എക്സിക്യൂട്ടീവ് ഡയറക്ടർ എസ് ശ്രീകുമാറിന് കിയാൽ എംഡി വി തുളസീദാസാണ് കൈമാറിയത്.
കേരളത്തിന്റെ വ്യോമഗതാഗത ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലാണ് എടിസി ടവർ കൈമാറ്റത്തിലൂടെ നടന്നിരിക്കുന്നതെന്ന് എസ് ശ്രീകുമാർ പറഞ്ഞു. രാജ്യത്ത് വ്യോമഗതാഗത മേഖല അനുദിനം ശക്തിയാർജിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ അതിനനുസരിച്ചുള്ള സൗകര്യങ്ങൾ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇല്ല. വിശാലമായ സൗകര്യങ്ങളോടെ ആരംഭിക്കുന്ന കണ്ണൂർ വിമാനത്താവളം വലിയ വളർച്ച കൈവരിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൂർണ സജ്ജമായി ഉദ്ഘാടനം ചെയ്യപ്പെടുന്ന ആദ്യ കെട്ടിട സമുച്ചയമാണ് എടിസി ടവർ കോംപ്ലക്സെന്ന് കിയാൽ എംഡി വി തുളസീദാസ് പറഞ്ഞു. എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ കിയാലിനു നൽകുന്ന പിന്തുണ വിലപ്പെട്ടതാണ്. തുടക്കത്തിൽ തന്നെ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന സവിശേഷത കൂടി കണ്ണൂർ വിമാനത്താവളത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിമാനത്താവളങ്ങളിലെ വ്യോമയാന ഗതാഗതം നിയന്ത്രിക്കാനുള്ള അധികാരം എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് എടിസി ടവർ കൈമാറിയത്. വിമാനങ്ങളുടെ വേഗത, ദിശ, ഉയരം തുടങ്ങിയവ നിയന്ത്രിക്കുന്നതിലൂടെ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള വ്യോമഗതാഗതം സുരക്ഷിതമാക്കുകയെന്നതാണ് എടിസി ടവറിന്റെ ചുമതല. വിമാനത്താവളത്തിനു മുകളിലൂടെ കടന്നുപോവുന്ന മറ്റു വിമാനങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ ഇവിടെ നിന്ന് നൽകും. 40 കിലോമീറ്റർ ചുറ്റളവിൽ വിമാനങ്ങളെ നിയന്ത്രിക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും കണ്ണൂർ വിമാനത്താവളത്തിൽ സംവിധാനമുണ്ടെന്ന് ടവറിന്റെ ചുമതലയുള്ള എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറൽ മാനേജർ ജി പ്രദീപ് കുമാർ പറഞ്ഞു. ഡിസംബർ ആറോടെ ടവർ പൂർണമായും പ്രവർത്തനക്ഷമമാവും. 24 മണിക്കൂറും വിമാനം വരാനും പോകാനുമുള്ള സൗകര്യം കണ്ണൂരിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ജനറൽ മാനേജർ (എടിഎം) പീറ്റർ എബ്രഹാം, ജോയിന്റ് ജനറൽ മാനേജർ (സിഎൻഎസ്) ശിവകുമാർ, കിയാൽ എക്‌സിക്യൂട്ടീവ് ഡയരക്ടർ (എഞ്ചിനീയറിംഗ്) കെ പി ജോസ്, ഡെപ്യൂട്ടി ജനറൽ മാനേജർ (എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ) ജി പ്രദീപ് കുമാർ, സീനിയർ മാനേജർ (എയർപോർട്ട് ഓപറേഷൻസ്) ബിനു ഗോപാൽ, മാനേജർ (അഡ്മിനിസ്‌ട്രേഷൻ & ലാന്റ്) ടി അജയകുമാർ, ചീഫ് സെക്യൂരിറ്റി ഓഫീസർ വേലായുധൻ മണിയറ, ഡെപ്യൂട്ടി പ്രൊജക്ട് എഞ്ചിനീയർ (സിവിൽ) ജെ ബിജു, പ്രൊജക്ട് എഞ്ചിനീയർ (ഇലക്ട്രിക്കൽസ്) എം സി ജയരാജൻ, സിഐഎസ്എഫ് കമാന്റർ ധൻരാജ് ഡാനിയേൽ, ഐടി മാനേജർ ദിനേഷ് കുമാർ, മാനേജർ (ഫയർ സർവീസ്) ഷൗക്കത്തലി തുടങ്ങിയവർ സംബന്ധിച്ചു.
Post Your Comments