കല്‍പ്പറ്റ:മാലിന്യം സംസ്‌കരിക്കാന്‍ സംവിധാനമില്ലാത്തിനെ തുടര്‍ന്ന് മാനനന്തവാടി നഗരസഭയുടെ കീഴിലുള്ള മത്സ്യ- മാംസ മാര്‍ക്കറ്റ് അടച്ചുപൂട്ടി. മാലിന്യ സംസ്‌കാരം വേണ്ടവിധം നടക്കാത്തതിനെ തുടര്‍ന്ന് പകര്‍ച്ചവ്യാധി ഭീഷണി നേരിട്ട സാഹചര്യത്തില്‍ കളക്ടടറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി. നിര്‍ദേശത്തെ തുടര്‍ന്ന് നഗരസഭ അധികൃതര്‍ എത്തി മാര്‍ക്കറ്റ് പൂട്ടി സീല്‍ ചെയ്യുകയായിരുന്നു.
മാര്‍ക്കറ്റ് പൂട്ടിയതോടെ നഗരത്തിലെ മത്സ്യമാംസ വില്‍പ്പന ഏതാണ്ട് പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്. തൊഴിലാളികള്‍ സബ്ബ് കളക്ടറോടും നഗരസഭ അധികൃതരോടും ചര്‍ച്ച നടത്തിയെങ്കിലും മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഒരുക്കിയാല്‍ മാത്രമേ മാര്‍ക്കറ്റ് തുറക്കാന്‍ അനുവദിക്കു എന്ന നിലപാടിലായിരുന്നു സബ്ബ് കളക്ടര്‍. മാര്‍ക്കറ്റിന്റെ മോശം അവസ്ഥയെ കുറിച്ച് പരാതി ലഭിക്കുന്നുണ്ടെന്നും മറ്റ് പോംവഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാലിന്യ സംസ്‌കരണ സംവിധാനമൊരുക്കാന്‍ നഗരസഭ ആറ് മാസത്തെ സാവകാശം ചോദിച്ചു. ഇതോടെ 50 ലക്ഷത്തോളം രൂപ മുടക്കി മാര്‍ക്കറ്റ് ലേലം പിടിച്ച തൊഴിലാളികളുടെ ജീവിതമാണ് വഴിമുട്ടിയത്. നഗരസഭയുടെ അനാസ്ഥയ്‌ക്കെതിരെ സമരം നടത്തുമെന്ന് തൊഴിലാളികളും വ്യക്തമാക്കി.
Post Your Comments