
കാസര്‍ഗോഡ്: മുള്ളന്‍പന്നിയെ പിടിക്കാനായി ഗുഹയില്‍ കയറി ദേഹത്ത് മണ്ണ് വീണു മരിച്ച യുവാവിന്റെ മൃതദേഹം പുറത്തെത്തിക്കാന്‍ കഴിയാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് ഫയര്‍ഫോഴ്‌സ്. ബദിയടുക്കയിലെ ബായാറിലെ കാട്ടില്‍ ഗുഹയ്ക്കുള്ളില്‍ മുള്ളന്‍പന്നിയെ പിടിക്കാനായി കയറിയ അഞ്ചംഗസംഘത്തിലെ ബായാര്‍ ധര്‍മ്മത്തടുക്ക ബാളികയിലെ രമേശ(35)യാണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലും യുവാവിനെ രക്ഷിക്കാനോ മൃതദേഹം പുറത്തെടുക്കാനോ കഴിഞ്ഞില്ല. രമേശയുടെ ദേഹത്ത് മണ്ണുവീണ് മൂടിക്കിടക്കുകയാണെന്നും അരവരെയുള്ള ഭാഗം മാത്രമാണ് മണ്ണ് വീഴാതെ കാണുന്നതെന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
ആറ് തവണ ഒക്സിജന്‍ സിലണ്ടര്‍ ഉപയോഗിച്ച് ഗുഹയ്ക്കകത്ത് കടന്ന് സേനാംഗങ്ങള്‍ നാലു മണിക്കൂറുകളോളം പരിശ്രമം നടത്തിയെങ്കിലും മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചില്ല. ഗുഹയുടെ പ്രവേശന കവാടത്തില്‍ 1.20 മീറ്ററോളം വ്യാസമുണ്ട്. എന്നാല്‍ അകത്തേക്ക് പോകുന്തോറും വ്യാസം കുറഞ്ഞ് ഒരാള്‍ക്ക് കഷ്ടിച്ച് പോകാനുള്ള സ്ഥലം മാത്രമാണുള്ളത്. യുവാവ് കുടുങ്ങിയ സ്ഥലത്ത് രണ്ടര അടിയ്ക്ക് താഴെയാണ് വീതി. അതുകൊണ്ടുതന്നെ യുവാവ് കിടക്കുന്ന സ്ഥലത്തെത്താന്‍ വളരെ ദുഷ്‌ക്കരമാണ്. വളരെ അപകടകരമായ സ്ഥിതിയാണ് ഗുഹയക്കുള്ളില്‍ ഉള്ളത്. മണ്ണിടിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട് എന്നും സേന അംഗങ്ങള്‍ പറഞ്ഞു.
മുള്ളന്‍പന്നിയെ പിടികൂടാന്‍ രമേഷ ഗുഹയ്ക്കകത്തേക്ക് കയറിയ യുവാവിനെ ഏറെസമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്ന നാലുപേര്‍ ഗുഹയ്ക്കകത്തേക്ക് പ്രവേശിക്കുകയായിരുന്നു. എങ്കിലും ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇതിലൊരാള്‍ പുറത്തിറങ്ങുകയും ഫയര്‍ഫോഴ്സിനേയും പോലീസിനേയും നാട്ടുകാരേയും വിവരം അറിയിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ എത്തിയതോടെ ആദ്യം യുവാവിനെ അന്വേഷിച്ച് ഗുഹയ്ക്കകത്തേക്ക് പ്രവേശിച്ച സുഹൃത്തുക്കളെ പുറത്തെത്തിച്ചു. തുടര്‍ന്ന് രമേശക്കായുള്ള തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.
Post Your Comments