ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെയും സംഭവിക്കാവുന്ന പകര്‍ച്ചപ്പനിയാണ് കരിമ്പനി. രോഗാണുവാഹിയായ സാന്‍ഡ് ഫ്ളൈയുടെ കടിയേറ്റ് ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞ്, രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന പനി, ക്ഷീണം, ശരീരത്തിന്റെ തൂക്കം കുറയല്‍, വയറു വീര്‍ത്ത് നിറഞ്ഞുവരുന്നതായി തോന്നല്‍ തുടങ്ങിയ ലക്ഷണങ്ങളോടെ എത്തുന്ന ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുമ്പോഴാണ് കരിമ്പനി ഉണ്ടാകുന്നത്.
തൊലിപ്പുറത്തെ കുരുക്കളും പാടുകളുമായും ഈ രോഗം നമ്മുടെ ശരീരത്തില്‍ അതിന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. കൊതുകുകളുടെ മൂന്നിലൊന്ന് വലിപ്പമുള്ള മണലീച്ചകള്‍ ആണ് ഈ അപകടകരമായ രോഗം പരത്തുന്നത്. സാന്റ് ഫ്ളൈ എന്നും ഇവറ്റകള് അറിയപ്പെടുന്നു. ഈ ഈച്ചകള്‍ പൊടിമണ്ണില്‍ മുട്ടയിട്ട് വിരിയിക്കുകയാണ് ചെയ്യുക. കൃത്യമായി ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്.
വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുകയും മണലീച്ചകളെ നശിപ്പിക്കുകയുമാണ് പ്രാഥമികമായി ചെയ്യേണ്ടത്. മണലീച്ചകളെ നശിപ്പിക്കാനായി വീട്ടിലും പരിസരത്തും അതിനെ നശിപ്പിക്കാനായുള്ള കീടനാശിനികള്‍ തളിക്കുക. രോഗം ബാധിച്ച പ്രദേശത്ത് പോകുമ്പോള്‍ പരമാവധി ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക. കീടനാശിനിയില്‍ മുക്കിയ കിടക്കവലകള്‍ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങള്‍ ആണ് ഈ മരണം മണക്കുന്ന രോഗത്തെ പ്രതിരോധിക്കാനായി നമുക്ക് ചെയ്യാന്‍ കഴിയുന്നത്.
Post Your Comments