ശ്രീനഗര്‍: കഴിഞ്ഞ 72 മണിക്കൂറിനിടെ 12 തീവ്രവാദികളെ ജമ്മു കശ്മീരില്‍ സൈന്യം വധിച്ചു. ലഷ്കര്‍-ഇ-തൊയിബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ തീവ്രവാദസംഘടനകളില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലായി മാറിയതെന്നാണ് വിവരം. ഏറ്റുമുട്ടല്‍ ആരംഭിച്ചതിന് പിന്നാലെ ഷോപ്പിയാന്‍ ജില്ലയിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ജമ്മുകാഷ്മീരിലെ ഷോപ്പിയാനിലെ കപ്രാന്‍ ബതഗുണ്ടില്‍ ഞായറാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ ആറ് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.
മാധ്യമപ്രവര്ത്തകന് ഷുജാത് ബുഖാരിയെ വധിച്ച കേസില്‍ പ്രതിയെന്ന് കരുതുന്ന ആസാദ് മാലികും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ലഷ്കര്‍-ഇ-തൊയിബയുടെ ജില്ലാ കമാന്‍ഡര്‍ മുഷ്താഖ് മിര്‍, ഹിസ്ബുള്‍ മുജാഹിദീന്റെ ജില്ലാ കമാന്‍ഡര്‍ അബ്ബാസ് അലി, ഹിസ്ബുള്‍ മുജാഹീദിന്റെ ഷോപ്പിയാന്‍ ഡെപ്യൂട്ടി ചീഫ് വസീം വാഗേ ഉര്‍ഫ് സൈഫുള്ള എന്നിവര്‍ ഞായറാഴ്ച്ച കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കൊല്ലപ്പെട്ട ആറ് പേരില്‍ ഒരാള്‍ പാകിസ്താനില്‍ നിന്നുള്ള തീവ്രവാദിയാണെന്നാണ് നിഗമനം. വെള്ളിയാഴ്ച ബിജ്ബെഹ്റ മേഖലയിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. സ്ഥലത്തുനിന്നും സൈന്യം ആയുധങ്ങളും പിടിച്ചെടുത്തു.
Post Your Comments