ArticleLatest News

അയോധ്യ ഒരുങ്ങി; ലക്ഷങ്ങള്‍ അണിനിരക്കുന്ന സമ്മേളനം നാളെ; രാമക്ഷേത്ര നിര്‍മ്മാണത്തിന് ആഹ്വാനം ഉയരും

അയോധ്യയില്‍ നാളെ, ഞായറാഴ്ച, ലക്ഷങ്ങള്‍ അണിനിരക്കുന്ന ഭക്ത സമ്മേളനത്തിന് വേദിയൊരുങ്ങുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രാമ ഭക്തരാണ് അവിടെയെത്തുക. രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സമ്മേളനമായിരിക്കും ഇതെന്നാണ് സംഘാടകര്‍ പറഞ്ഞത്. ആര്‍എസ്എസ് നേതാക്കള്‍ പലരും അവിടെയെത്തിയിട്ടുണ്ട്. വിഎച്ച്പി നേതാക്കളാണ് സംഘത്തിന്റെ ചുമതല വഹിക്കുന്നത്. സമ്മേളനത്തിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി അവര്‍ വിലയിരുത്തി. രാമക്ഷേത്ര നിര്‍മ്മാണം വൈകിപ്പിക്കാന്‍ കോടതി ശ്രമിക്കുകയാണ് എന്നും അതുസംബന്ധിച്ച കേസ് പരിഗണിക്കാതെ മാറ്റിവെക്കുന്നു എന്നുമൊക്കെ ഹിന്ദു സമൂഹത്തില്‍ തോന്നല്‍ ശക്തമാവുന്നതിനിടയിലാണ് ഈ സമ്മേളനം. ക്ഷേത്ര നിര്‍മ്മാണം ഉടനെ ആരംഭിക്കണമെന്നും അതിനായി വേണ്ടിവന്നാല്‍ ഓര്‍ഡിനനന്‍സ് പുറപ്പെടുവിക്കണം എന്നുമാണ് സമ്മേളനം ആവശ്യപ്പെടുക എന്നാണ് സൂചനകള്‍. കേസില്‍ കക്ഷിയായ മുസ്ലിം ഓര്‍ഡിനന്‍സ് മുഖേന കേസ് തീര്‍പ്പാക്കിയാല്‍ സന്തോഷമാണ് എന്ന് പറഞ്ഞിരുന്നു എന്നത് ഇവിടെ പ്രധാനമാണ്.

അയോധ്യയിലെ രാമജന്മഭൂമി സംബന്ധിച്ച കേസ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 29 ന് സുപ്രീം കോടതിയില്‍ പോസ്റ്റ് ചെയ്തിരുന്നതാണ്. നേരത്തെ ആ കേസ് ഭരണഘടനാ ബഞ്ചിന് കൈമാറേണ്ടതില്ല എന്നും സുപ്രീം കോടതി തീരുമാനിച്ചതാണ്. സെപ്റ്റംബര്‍ 27 ലെ ആ വിധിന്യായത്തിലാണ് കേസ് ഒക്ടോബര് 29 ന് സുപ്രീം കോടതി കേള്‍ക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ അന്ന് കേസ് പരിഗണനക്ക് എടുത്തപ്പോള്‍ അത് തല്ക്കാലം കേള്‍ക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അടക്കമുള്ള ബഞ്ച് പറഞ്ഞു; ഇനി ജനുവരിയില്‍ ഏത് ബഞ്ച് കേസ് കേള്‍ക്കണം എന്ന് തീരുമാനിക്കും; അതിനുശേഷം ആ ബഞ്ച് വാദം കേള്‍ക്കുന്ന തീയതിയും തീരുമാനിക്കും. അതായത് എന്നാണ് ഇനി കേസ് വാദത്തിന് വരുക എന്ന് ആര്‍ക്കും ഒരുറപ്പുമില്ല. ഇങ്ങനെ ഒരു അനിശ്ചിതത്വം ന്യായപൂര്‍ണ്ണമാണോ എന്നതാണ് ഹിന്ദു സമൂഹം ഉന്നയിക്കുന്ന പ്രശ്‌നം. നേരത്തെ, കേസ് ഉടനെയൊന്നും തീര്‍പ്പാക്കരുത് എന്ന നിലപാടുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു; കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഒരു കക്ഷിക്ക് വേണ്ടി ഹാജരായപ്പോള്‍ ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാത്രമേ കേസ് പരിഗണിക്കാവൂ എന്ന നിലപാടാണ് എടുത്തത്. അത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കരുനീക്കമായി ഹിന്ദു സമൂഹം അന്നേ കണ്ടിരുന്നതാണ്.

2010 -ലാണ് അലഹബാദ് ഹൈക്കോടതി അയോദ്ധ്യ കേസില്‍ വിധി പ്രസ്താവിച്ചത്. അന്ന് രാമജന്മഭുമിയെ മൂന്നായി വീതിക്കാനായിരുന്നു ഉത്തരവ്. യഥാര്‍ഥ പ്രശ്‌നമല്ല കോടതി പരിശോധിച്ചത് എന്ന് വ്യക്തം എന്നതായിരുന്നു അന്ന് മൂന്ന് കക്ഷികളും സ്വീകരിച്ച നിലപാട്; ആ വിധിയെ ചോദ്യം ചെയ്തുകൊണ്ട് എല്ലാ കക്ഷികളും സുപ്രീം കോടതിയിലെത്തി. അതാണ് ഇപ്പോള്‍ കോടതി മുന്പാകെയുള്ളത്. കേസ് വാദത്തിന് വെച്ചാല്‍ ഉടനെ തീര്‍പ്പാക്കാന്‍ കഴിയുമെന്നാണ് പൊതുവെയുള്ള വിശ്വാസം. ഷിയാ വഖഫ് ബോര്‍ഡ് ഇക്കാര്യത്തില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിട്ടുമുണ്ട്. ക്ഷേത്രനിര്‍മ്മാണത്തിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത് എന്നും അതുകൊണ്ട് കാര്യങ്ങള്‍ വേഗത്തില്‍ മുന്നോട്ട് നീക്കണമെന്നും രാമജന്മഭൂമി ന്യാസും ഹിന്ദു സംഘടനകളും കരുതുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഈ വലിയ സമ്മേളനം നടത്തുന്നത്. ഇവിടെ നാം ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു കാര്യം, അനേകവര്ഷമായി നടന്നുവരുന്ന ക്ഷേത്ര നിര്‍മ്മാണ പ്രകൃയ തുടരുകയാണ് എന്നതാണ്. കര്‍സേവാപുരത്ത് നൂറുകണക്കിനാളുകളാണ് ജോലിയെടുക്കുന്നത്. ഏത് സമയത്തും ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാനാവുമെന്നര്‍ത്ഥം.

അടുത്തിടെ യു.പി സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. അയോധ്യയില്‍ ഇത്തവണ ദീപാവലി ഒരു ചരിത്ര സംഭവമായി മാറിയത് അതിന്റെ ഭാഗമാണ്. വലിയ ആഘോഷമാണ് അവിടെ നടന്നത്. ശ്രീരാമന്റെ കാലഘട്ടത്തില്‍ എങ്ങിനെയാണോ അയോധ്യയില്‍ ദീപാവലി ആഘോഷിച്ചത് അതുപോലെ ഇപ്പോഴും എന്നതാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ച സങ്കല്പം. വേറൊന്ന്, അയോദ്ധ്യ ഒരു ജില്ലയായി മാറി എന്നതാണ്. നേരത്തെ ഫൈസാബാദ് ജില്ലയിലെ ഒരു ഭാഗം മാത്രമായിരുന്നു അയോദ്ധ്യ. ആ ജില്ലയുടെ പേര് സര്‍ക്കാര്‍ അയോദ്ധ്യ എന്നാക്കിമാറ്റി. അവിടെ വലിയ ആശുപത്രി, വിമാനത്താവളം എന്നിവയൊക്കെ പ്രഖ്യാപിക്കപ്പെട്ടു. സരയൂ തീരത്ത് വലിയൊരു ശ്രീരാമ പ്രതിമ നിര്‍മ്മിക്കാനും തീരുമാനമായിട്ടുണ്ട്. അതിന്റെ നിര്‍മ്മാണം വേഗത്തില്‍ തുടങ്ങാനാവുമെന്ന് കരുതപ്പെടുന്നു. അതൊക്കെ അയോധ്യയുടെ മുഖച്ഛായ മാറ്റുമെന്നതില്‍ സംശയമില്ല. അയോധ്യയുടെ കാര്യത്തില്‍ എത്രമാത്രം പ്രധാന്യം യു.പി സര്‍ക്കാര്‍ നല്‍കുന്നു എന്നതിന് ദൃഷ്ടാന്തവുമാണിത്.

അതിനിടെയാണ് ഇപ്പോഴത്തെ സമ്മേളനം. അത് ശ്രീരാമന്‍ ഇന്നും തങ്ങള്‍ക്ക് മാതൃക പുരുഷനാണ് എന്ന് വിളിച്ചോതാന്‍ കൂടിയാണ്. ലക്ഷങ്ങള്‍ അവിടെയെത്തി രാമനാമജപം നടത്തും. ക്ഷേത്ര നിര്‍മ്മാണത്തില്‍ നിന്ന് പിന്നോക്കില്ലെന്നും മറ്റൊരു വ്യവസ്ഥയും ബാധകമല്ലെന്നും അവര്‍ ഉദ്‌ഘോഷിക്കും എന്നാണ് കരുതപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് സന്യാസിമാരും അവിടെയെത്തും. രണ്ടായിരത്തിലധികം സന്യാസിമാര്‍ അയോധ്യയില്‍ എത്തിക്കഴിഞ്ഞു എന്നാണ് വാര്‍ത്തകള്‍. വേറൊന്ന് ശ്രദ്ധിക്കേണ്ടത്, ഇവരൊക്കെ അടുത്ത ദിവസങ്ങളില്‍ രാജ്യവ്യാപക പര്യടനത്തിനു തയ്യാറാവും എന്നതാണ് ….. രാമക്ഷേത്ര നിര്‍മാണം ലക്ഷ്യമാക്കിക്കൊണ്ട്.

കോടതി വിധി വൈകുന്ന പക്ഷം സര്‍ക്കാര്‍ അയോധ്യക്കായി നിയമനിര്‍മ്മാണം നടത്തണം എന്നതാണ് ഉയരുന്ന ആവശ്യം. അത് ഓര്‍ഡിനനന്‍സ് ആയിട്ടുവേണമെന്നും വൈകരുത് എന്നും കരുതുന്നവരുമുണ്ട്. അതിന്റെ ചില നീക്കങ്ങള്‍ ഭരണകക്ഷിയില്‍ നിന്ന് കാണുന്നുണ്ട്. അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണം വേണം എന്ന് കാണിക്കുന്ന ഒരു സ്വകാര്യ ബില്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അത് അടുത്ത പാര്‍ലമെന്റ് സമ്മേളനകാലത്ത് സഭയുടെ പരിഗണനക്ക് വരുമെന്ന് കരുതപ്പെടുന്നു. അപ്പോള്‍ പാര്‍ലമെന്റിലെ കക്ഷികളുടെ നിലപാട് വ്യക്തമാവും. എനിക്ക് തോന്നുന്നു അത് പാസ്സാക്കിയെടുക്കുക എന്നതാവും ബിജെപിയുടെ പദ്ധതി. ഇന്നത്തെ നിലക്ക് ലോകസഭയില്‍ അതെളുപ്പമാണ്. എന്നാല്‍ രാജ്യസഭയില്‍ അത് സര്‍ക്കാര്‍ വിചാരിച്ചത് പോലെ നടക്കണമെന്നില്ല. രാമജന്മഭൂമി പ്രശ്‌നത്തില്‍ കോണ്‍ഗ്രസും മറ്റുമെടുക്കുന്ന നിലപാട് അവിടെ വ്യക്തമാക്കപ്പെടും. രാഷ്ട്രീയമായി കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കാന്‍ അതിലൂടെ കഴിയുമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടാവണം. അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ശിലാന്യാസം നടത്തിയത് രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലഘട്ടത്തിലാണ് എന്നത് ഉയര്‍ത്തിക്കാട്ടാനാവും ബിജെപി ശ്രമിക്കുക. നാളെ നടക്കുന്ന റാലി കഴിയുമ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് ഇക്കാര്യത്തില്‍ ഒരു നിലപാട് വ്യക്തമാക്കേണ്ടതായും വരും എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

ayodhya case

ഇതിനിടെ ശിവസേനയും അയോധ്യയിലേക്ക് എത്തിയിട്ടുണ്ട്. ക്ഷേത്രനിര്മാണം വേഗം തുടങ്ങണം എന്നത് തന്നെയാണ് അവര്‍ ഉന്നയിക്കുന്നത്. ഇന്ന് അവിടെയെത്തിയ ഉദ്ധവ് താക്കറെ ഒരു വെള്ളിയില്‍ പണിത ഇഷ്ടിക ക്ഷേത്ര നിര്‍മ്മാണ ചുമതല വഹിക്കുന്നവര്‍ക്ക് കൈമാറി. ഇതുപോലെ അനവധി പേര് അടുത്തദിവസങ്ങളില്‍ അയോദ്ധ്യ പ്രസ്ഥാനത്തിനൊപ്പം അണിനിരക്കും എന്നാണ് വിഎച്ച്പി വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button