തിരുവന്തപുരം: ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ മോചനം ആവശ്യപ്പെട്ട് പാര്‍ട്ടി ക്ലിഫ് ഹൗസിലേക്കു മാര്‍ച്ച് നടത്തുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ഇതേ ആവശ്യം ഒന്നയിച്ച് ശനിയാഴ്ച തൃശൂര്‍, കോഴിക്കോട് പോലീസ് കമ്മീഷണര്‍മാരുടെ ഓഫീസുകളിലേക്കും മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടിണ്ട്. അതേസമയം സുരേന്ദ്രന്റെ അറസ്റ്റിനെതിരെ നിയമനടപടി സ്വീകരിച്ചു മുന്നോട്ടു പോകുമെന്നും, മുഖ്യമന്ത്രിയുമായി ഒരു പൊതു സംവാദത്തിന് തയ്യാറാണെന്നും പിള്ള അറിയിച്ചു.
ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്തുണ്ടായ അക്രമങ്ങളുടെ പേരിലാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സുരേന്ദ്രനെ റാന്നി ഗ്രാമ ന്യായാലയ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. അതേസമയം സുരേന്ദ്രനെ ചോദ്യം ചെയ്യണം എന്ന പൊലീസിന്റെ ആവശ്യവും ജയില്‍ മാറ്റണമെന്ന സുരേന്ദ്രന്റെ ആവശ്യവും റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശനിയാഴ്ച പരിഗണിക്കും.
അതേസമയം ശബരിമലയിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് എരുമേലിയിലും പരിസരത്തും പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചിട്ടുണ്ട്. വലിയ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് 144 പിന്‍വലിച്ചത്. കൂടാതെ ശബരിമലയില്‍ യുവതികള്‍ക്ക് ദര്‍ശനം നടത്താനായി രണ്ടുദിവസം മാറ്റിവയ്ക്കാവുന്നതാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയില്‍ പോകാന്‍ സംരക്ഷണം തേടിയെത്തിയ യുവതികളുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേയാണു സ്റ്റേറ്റ് അറ്റോര്‍ണി ഈ നിലപാട് അറിയിച്ചത്. എന്നാല്‍ ഇത് പ്രായോഗികമാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം.
യുവതികള്‍ക്കു പോകാനുള്ള ഭരണഘടന അവകാശം പോലെ തന്നെ സുരക്ഷയും പരിഗണന അര്‍ഹിക്കുന്ന വിഷയമാണെന്നും, യുവതി പ്രവേശനത്തിന് എന്തു സൗകര്യം ഒരുക്കാന്‍ കഴിയുമെന്ന് അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കോടതിയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ ഒരാഴ്ചയ്ക്കകം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന് സമര്‍പ്പിക്കണം. അതേസമയം ഒരു വിഭാഗത്തിന്റെ മൗലികാവകാശം സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭൂരിപക്ഷത്തിന്റെ മൗലികാവകാശം നിഷേധിക്കപ്പെടരുതെന്നും ഹൈകോടതി ഓര്‍മ്മപ്പെടുത്തി. ജന്തര്‍ മന്തര്‍ കേസിലെ വിധിയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.
Post Your Comments