KeralaLatest NewsIndia

അധര്‍മത്തിന്‍റെ മേല്‍ പരാശക്തി പൂര്‍ണ വിജയം നേടിയ തൃക്കാർത്തിക : ഈ വർഷത്തെ വ്രതത്തിന് ഇരട്ടി ഫലം

വൃശ്ഛികത്തിലെ കാര്‍ത്തിക നക്ഷത്രം ദേവിയുടെ ജന്മദിനമാണ്. അന്ന് മണ്‍ചെരാതുകളില്‍ കാര്‍ത്തികദീപം തെളിയിച്ച് നാടെങ്ങും തൃക്കാര്‍ത്തിക ആഘോഷിക്കുന്നു.സന്ധ്യക്ക് വീടുകളിലും വഴിയോരങ്ങളിലും മണ്‍ചെരാതുകളില്‍ തിരിയിട്ട് കത്തിച്ചു വയ്ക്കുന്നു. ഇത് അതീവ സുന്ദരമായ ദൃശ്യമാണ്. തമിഴ്നാട്ടിലാണ് കാര്‍ത്തിക പ്രധാനമെങ്കിലും കേരളത്തിലും – പ്രത്യേകിച്ച് ദക്ഷിണ കേരളത്തില്‍ – തൃക്കാര്‍ത്തിക പ്രധാനമാണ്. അധര്‍മത്തിന്‍റെ മേല്‍ പരാശക്തി പൂര്‍ണ വിജയം നേടിയ ദിവസമായും തൃക്കാര്‍ത്തിക ആചരിക്കുന്നു.

വളാഞ്ചേരിക്കടുത്തുള്ള കാടാമ്പുഴ ക്ഷേത്രത്തിലെ പ്രതിഷ് ഠാദിനവുമാണ് വെള്ളിയാഴ്ച.പ്രസിദ്ധമായ ചക്കുളത്ത് കാവിലെ പൊങ്കാലയും കാര്‍ത്തിക നാളില്‍ നടക്കും. ആറ്റുകാല്‍ കഴിഞ്ഞാല്‍ പൊങ്കാലയിടാന്‍ ഏറ്റവും അധികം സ്ത്രീകള്‍ എത്തുന്ന ക്ഷേത്രമാണ് ചക്കുളത്ത് കാവ്. കോട്ടയം ജില്ലയിലെ കുമാരനല്ലൂര്‍ കാര്‍ത്യായനീക്ഷേത്രം, എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ദേവീക്ഷേത്രം, തിരുവനന്തപുരം പള്ളിപ്പുറം തോന്നല്‍ ദേവീക്ഷേത്രം, തൃശൂര്‍ ജില്ലയിലെ അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം, കുന്നംകുളം കിഴൂര്‍ കാര്‍ത്യായനീക്ഷേത്രം എന്നിവിടങ്ങളടക്കം പല ക്ഷേത്രങ്ങളിലും കാര്‍ത്തികക്കാണ് ഉത്സവം നടക്കുക.

ദേവീപ്രീതിയ്ക്ക് അത്യുത്തമമായ തൃക്കാർത്തിക ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നതും ഭവനത്തിൽ ചിരാതുകൾ തെളിച്ചു പ്രാർഥിക്കുന്നതും ദേവീ കടാക്ഷത്തിനും ഐശ്വര്യവർധനവിനും ദാരിദ്ര ദു:ഖശമനത്തിനും കാരണമാകുന്നു. തൃക്കാര്‍ത്തിക ദിനത്തിൽ ദേവിയുടെ സാമീപ്യം ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം. ഇത്തവണ ദേവീ പ്രാധാന്യമുള്ള വെള്ളിയാഴ്ച ദിനത്തിൽ തൃക്കാർത്തിക വരുന്നതിനാൽ ദേവീക്ഷേത്രങ്ങളിൽ നാരങ്ങാവിളക്ക്, നെയ്‌വിളക്ക് എന്നിവ സമർപ്പിക്കുന്നത് ശ്രേഷ്ഠമാണ്.

മനസ്സിലെ മാലിന്യങ്ങൾ നീക്കി കുടുംബത്തിൽ ഐശ്വര്യം നിറക്കുന്നതാണ് തൃക്കാർത്തികവ്രതം. കുടുംബത്തിൽ എല്ലാവരും ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. മൂന്നു ദിവസമാണ് വ്രതാനുഷ്ഠാനം. വ്രതദിനത്തിൽ പൂർണ ഉപവാസം പാടില്ല .തൃക്കാർത്തികയുടെ തലേന്ന് പകലുറക്കം, മത്സ്യമാംസാദികൾ, എണ്ണതേച്ചുകുളി എന്നിവ ഒഴിവാക്കുക, വീടും പരിസരവും വൃത്തിയാക്കി പുണ്യാഹമോ ചാണക വെള്ളമോ തളിച്ച് ശുദ്ധീകരിക്കുക .കാർത്തികയുടെ അന്ന് കുളിച്ചു ശരീരശുദ്ധി വരുത്തി ദേവീനാമങ്ങൾ ജപിച്ചശേഷം മാത്രം ജലപാനം ചെയ്യുക .

അന്നേദിവസം ഒരിക്കലൂണ് അഭികാമ്യം .അത് ദേവീക്ഷേത്രത്തിൽ നിന്നുള്ള പ്രസാദമാണെങ്കിൽ അത്യുത്തമം . ലളിതാസഹസ്രനാമം, മഹാലക്ഷ്മീസ്തവം എന്നിവ ഭക്തിപൂർവ്വം ജപിക്കുക .ദേവീക്ഷേത്ര ദർശനവും നന്ന്. സന്ധ്യാസമയത്തു ദേവിയെ വീട്ടിലേക്കു ക്ഷണിക്കുന്നു എന്ന സങ്കല്പത്തിൽ കുടുംബാഗങ്ങൾ എല്ലാവരും ചേർന്ന് കാർത്തിക വിളക്കു തെളിയിച്ചു ഭക്തിയോടെ ദേവീകീർത്തനങ്ങൾ ജപിക്കുക. പിറ്റേന്ന് രോഹിണിദിനത്തിലും വ്രതം അനുഷ്ഠിക്കണം.

ഇങ്ങനെ മൂന്നു ദിവസം തെളിഞ്ഞ മനസോടെ വ്രതമനുഷ്ഠിച്ചു പ്രാർഥിച്ചാൽ ഭഗവതിയുടെ അനുഗ്രഹത്തോടെ പെട്ടെന്ന് ഫലസിദ്ധിയുണ്ടാവുമെന്നാണ് വിശ്വാസം. തൃക്കാർത്തിക ദിവസം ദീപം തെളിച്ചു പ്രാർഥിച്ചാൽ മഹാദേവന്റെയും ദേവിയുടെയും സുബ്രമണ്യന്റെയും മഹാവിഷ്ണുവിന്റേയും അനുഗ്രഹം ഒരുമിച്ച് ലഭിക്കുമെന്ന് പറയപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button