Latest NewsKeralaIndia

തിരുവനന്തപുരത്ത് ഭാര്യ പഠിപ്പിക്കുന്ന സ്‌കൂളിലെത്തി ഭര്‍ത്താവ് വിദ്യാര്‍ത്ഥിനികളെ വെട്ടിവീഴ്ത്തി

ഏതിരേയുള്ള വീട്ടില്‍ കയറി കതകടച്ചെങ്കിലും പിന്നാലെയെത്തിയ ഇയാള്‍ കതക് തള്ളിത്തുറന്ന് അകത്തുകയറി കുട്ടികളെ വാക്കത്തികൊണ്ട് പലപ്രാവശ്യം വെട്ടുകയാണുണ്ടായത്.

കുഴിത്തുറ: അരുമനയ്ക്കടുത്ത് ഭാര്യ പഠിപ്പിക്കുന്ന സ്‌കൂളില്‍ക്കയറി വിദ്യാര്‍ത്ഥിനികളെ വെട്ടിവീഴ്ത്തി സര്‍ക്കാര്‍ ജീവനക്കാരനായ ഭർത്താവ്. ചിതറാലിലെ എന്‍എം വിദ്യാകേന്ദ്ര സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ അക്രമം നടത്തിയ തമിഴ്‌നാട് ട്രാന്‍സ്പോര്‍ട്ട് ബസ് ഡ്രൈവറായ ചിതറാല്‍ സ്വദേശി ജയനെ(48) അറസ്റ്റ് ചെയ്തു. പ്ലസ്ടു വിദ്യാര്‍ത്ഥിനികളായ നന്ദന, വര്‍ഷ, സ്‌കൂള്‍ ജീവനക്കാരന്‍ ജ്ഞാനമുത്തു, സമീപവാസി സുധീര്‍ എന്നിവരാണ് ജയന്റെ ആക്രമണത്തില്‍ പരിക്കേറ്റത്.

ഇവരെ ഉടനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും സ്‌കൂള്‍ മാനേജരുമായുള്ള പ്രശ്‌നങ്ങളാണ് ഇയാളെ അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. സ്‌കൂള്‍ മാനേജരുടെ കുട്ടികളാണെന്ന് ധരിച്ചാണ് വിദ്യാര്‍ത്ഥികളെ ജയന്‍ ആക്രമിച്ചതെന്നും പറയുന്നുണ്ട്. ജയന്റെ വീടിനടുത്തുതന്നെയുള്ള സ്‌കൂള്‍ വളപ്പില്‍ രാവിലെ ആറരയോടെ ആയുധങ്ങളുമായി കയറിയ ഇയാള്‍ അവിടെ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസുകളുടെ ചില്ലുകള്‍ ആദ്യം തകര്‍ക്കുകയായിരുന്നു.

ശബ്ദംകേട്ട് ആളുകള്‍ എത്തിയെങ്കിലും ആയുധങ്ങള്‍ കണ്ടതിനാല്‍ അടുത്തുചെല്ലാന്‍ ധൈര്യപ്പെട്ടില്ല. ഇതിനിടെ സ്‌കൂള്‍ ഗേറ്റിന്റെ ഭാഗത്ത് രണ്ട് പെണ്‍കുട്ടികള്‍ നില്‍ക്കുന്നതുകണ്ട് അക്രമി അവര്‍ക്കുനേരേ തിരിയുകയായിരുന്നു. ആക്രമിക്കാന്‍ വരുന്നതുകണ്ട് ഭയന്നോടിയ കുട്ടികള്‍ റോഡിന്റെ ഏതിരേയുള്ള വീട്ടില്‍ കയറി കതകടച്ചെങ്കിലും പിന്നാലെയെത്തിയ ഇയാള്‍ കതക് തള്ളിത്തുറന്ന് അകത്തുകയറി കുട്ടികളെ വാക്കത്തികൊണ്ട് പലപ്രാവശ്യം വെട്ടുകയാണുണ്ടായത്. മുതുകിലും തലയ്ക്കുമാണ് ഇവര്‍ക്ക് വെട്ടേറ്റത്.

ആയുധത്തിന് മൂര്‍ച്ച കുറവായതിനാല്‍ പലപ്രാവശ്യം വെട്ടിയിട്ടും അപകടകരമായ മുറിവുകള്‍ ഉണ്ടായില്ല. കുട്ടികള്‍ ഉറക്കെ കരഞ്ഞപ്പോള്‍ പുറത്തിറങ്ങിയ ഇയാള്‍ വീണ്ടും സ്‌കൂളില്‍ കയറി കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തകര്‍ക്കുകയും സ്‌കൂള്‍ ജീവനക്കാരന്‍ ജ്ഞാനമുത്തുവിനെ കത്തികൊണ്ട് കുത്തുകയും ചെയ്തു. ഇതിനിടെ മറ്റൊരു ജീവനക്കാരന്‍ സുനില്‍ ജയനെ കമ്പ് കൊണ്ട് അടിച്ച്‌ ആയുധങ്ങള്‍ തെറിപ്പിച്ചു.

ആയുധങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ജയനെ ജീവനക്കാരും അയല്‍വാസികളും ചേര്‍ന്ന് കീഴ്പ്പെടുത്തി അരുമന പോലീസില്‍ ഏല്‍പ്പിച്ചു. ഇതിനിടെ അയല്‍വാസിയും ബന്ധുവുമായ സുധീറിനെ ജയന്‍ കുത്തി പരിക്കേല്‍പ്പിച്ചു. ജയന്റെ ഭാര്യ അധ്യാപികയായി ജോലി നോക്കുന്നതും രണ്ട് മക്കള്‍ പഠിക്കുന്നതും ഇതേ സ്‌കൂളിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button