ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കായി പ്രത്യേകം ഏര്‍പ്പെടുത്തിയ കോച്ചുകള്‍ റെയില്‍വേ നിര്‍ത്തുന്നു. പകരം ബസിലേതിനു സമാനമായി സീറ്റ് സംവരണത്തിന്റെ മാതൃകയില്‍ ഏര്‍പ്പെടുത്താനാണ് നീക്കം. ഇതിനായി സ്റ്റിക്കറുകള്‍ പതിക്കുമെന്നാണ് സൂചന. പുതിയ രീതി ചില ട്രെയിനുകളില്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. തിരുവനന്തപുരം- ചെന്നൈ മെയില്‍, കൊച്ചുവേളി- ബംഗളൂരു എന്നീ തീവണ്ടികളില്‍ പുതിയ സീറ്റ് സംവരണം നടപ്പാക്കി. മറ്റു ട്രെയിനുകളിലേക്കും താമസിയാതെ ഇത് നടപ്പിലാക്കിയേക്കും. ജനറല്‍ കംപാര്‍ട്ട്മെന്റിലെ 1 മുതല്‍ 30 വരെയുള്ള സീറ്റുകള്‍ സ്ത്രീകളുടേതാക്കി. മൂന്ന് കംപാര്‍ട്ട്‌മെന്റിലെ ഒന്നിലാണ് ക്രമീകരണം. എന്നാല്‍ ഇത് യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കി.
പലര്‍ക്കും റെയില്‍വേ പിഴ ചുമത്തി. അതേസമയം രാത്രി യാത്രകളില്‍ പുതിയ രീതി സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്ന് യാത്രക്കാര്‍ പറയുന്നു. കോച്ചുകളുടെ ക്ഷാമമാണ് പുതിയ നടപടിക്ക് പിന്നിലെന്നാണ് റെയില്‍വേയുടെ വിശദീകരണം. എല്‍.എച്ച്.ബി. (ലിങ്ക് ഹോഫ്മാന്‍ ബുഷ്) കോച്ചുകള്‍ ഉപയോഗിക്കുന്ന തീവണ്ടികളിലാണ് സ്ത്രീ സംവരണ കോച്ചുകള്‍ ഇല്ലാതായിട്ടുള്ളത്. പാഴ്‌സല്‍വാന്‍ സൗകര്യമുള്ള എസ്.എല്‍.ആര്‍. (സീറ്റിങ് കം ലഗേജ് റേക്ക്) കോച്ചിന്റെ ഒരു ഭാഗമാണ് മുമ്പ് വനിതകള്‍ക്ക് മാറ്റിവെച്ചിരുന്നത്. പുതിയ എല്‍എച്ച്ബി കോച്ചുകളില്‍ എസ്എല്‍ആര്‍ സംവിധാനമില്ല. പകുതി കമ്പാര്‍ട്ട്‌മെന്റില്‍ കൂടുതല്‍ സ്ത്രീകള്‍ക്കായി മാറ്റിവെയ്ക്കാന്‍ റെയില്‍വേ തയ്യാറല്ലെന്നതും പുതിയ നീക്കത്തിന് പിന്നിലുണ്ട്.
Post Your Comments