KeralaLatest News

ആചാരാനുഷ്ഠാനങ്ങള്‍ മലയരയ സഭയെ ഏല്‍പ്പിക്കുകയെന്നതാണ് തര്‍ക്കങ്ങള്‍ക്കുളള ഏക പരിഹാരം : ഐക്യ മലയരയ മഹാസഭ

തിരുവനന്തപുരം:  ശബരിമലയില്‍ നിഴലിക്കുന്ന സര്‍വ്വവിധ പ്രശ്നങ്ങള്‍ക്കുമുളള പരിഹാരം ക്ഷേത്രത്തിന്‍റെ ആചാരാനുഷ്ഠാനങ്ങള്‍ മലയരയ സഭയെ ഏല്‍പ്പിക്കുകയെന്നതാണെന്ന് ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ സജീവ് .  എല്ലാ രാഷ്ടീയ കക്ഷികളും സംഘടനകളും ഈ വിധത്തില്‍ ചിന്തിക്കണമെന്നും ക്ഷേത്രത്തിന്‍റെ പൂജാവിധികള്‍ മലയരയസഭയുടെ തീരുമാനത്തിന് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

800 വര്‍ഷങ്ങളായി ശബരിമലയിലെ അനുഷ്ഠാനങ്ങളെല്ലാം മലയരയ വിഭാഗമാണ് ചെയ്ത് വന്നിരുന്നത് . ആ കാലയളവില്‍ യാതൊരു  വിധ പ്രക്ഷോഭങ്ങളോ പ്രശ്നങ്ങളോ ഇത് സംബന്ധിയായി ഉടലെടുത്തുണ്ടായിരുന്നില്ല. തമ്മില്‍ തല്ലേണ്ടവരല്ല മലയാളികള്‍ എന്നും ഏവരും ഒത്തൊരുമിച്ച് നില്‍ക്കേണ്ടവരാണെന്നും ലോകത്തിന് മുന്‍പില്‍ തലയുയര്‍ത്തി നില്‍ക്കേണ്ടവരാണ് നാമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസത്തിന്‍റെ കാര്യത്തിലെന്ന പോലെ സാമ്പത്തികമായും ശബരിമല വലിയ സംഭാവന നല്‍കുന്നുണ്ട്. സര്‍വ്വകക്ഷി യോഗം ചര്‍ച്ച ചെയ്യേണ്ടത് അതാണ്. ഇനി കോടതി വിധി നടപ്പിലാക്കാന്‍ സാവകാശം തേടാന്‍ ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നുവെങ്കില്‍ മലയരയ സമുദായത്തെകൂടി കേള്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലേയും കരിമലയിലേയും ക്ഷേത്രങ്ങളുടെ നടത്തിപ്പുകാര്‍ മലയരയവിഭാഗമായിരുന്നു എന്നാല്‍ 1902 ല്‍ തന്ത്രി കുടുംബം ഈ സ്ഥാനം മലയരയരുടെ പക്കല്‍ നിന്ന് കയ്യേറിയതായും സജീവ് നേരത്തെ വ്യക്തമാക്കിയിരുന്നു. മലയരയര്‍ 18 മലകളിലായി താമസിച്ചിരുന്നവരാണ്. അതിനെ സൂചിപ്പിക്കുന്നതാണ് സന്നിധാനത്തുളള 18 പടികളെന്നും അദ്ദേഹം അവകാശപ്പെടുന്നു . 1883ല്‍ സാമുവല്‍ മറ്റീര്‍ എഴുതിയ നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍ എന്ന പുസ്തകത്തില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം വിശദമായി പ്രതിപാദിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button