Latest NewsIndia

സുരക്ഷ മാത്രമല്ല ഭക്ഷണ, താമസ ചിലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം: തൃപ്തി ദേശായി മുഖ്യമന്ത്രിക്കയച്ച കത്തിലെ ആവശ്യങ്ങള്‍

ന്യൂഡല്‍ഹി : ശബരിമല ദര്‍ശനത്തിനെത്തുന്ന തനിക്കും സംഘത്തിനും സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കത്തെഴുതി. ശബരിമലയിലെത്തുന്ന തനിക്ക് സുരക്ഷ മാത്രമല്ല ഭക്ഷണമുള്‍പ്പടെ മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്ന് തൃപ്തി ദേശായി മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നു. തന്റെ ഭക്ഷണ, താമസ ചിലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നാണ് മുഖ്യമന്ത്രിയ്ക്കും അയച്ച കത്തിലുള്ളത്. ഇതിന്റെ പകര്‍പ്പ് പ്രധാനമന്ത്രിയ്ക്കും ഭൂമാതാ ബ്രിഗേഡ് നേതാവ് അയച്ചിട്ടുണ്ട്.

ഈ മാസം 17 നാണ് ശബരിമല കയറുക. തന്നോടൊപ്പം ആറ് വനിതകളും കൂടിയുണ്ടാകും. തങ്ങള്‍ക്ക് ദര്‍ശനത്തിന് വേണ്ട സൗകര്യങ്ങളും പ്രതിഷേധമുണ്ടായാല്‍ സുരക്ഷയും ഒരുക്കണമെന്ന് ഇവര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മടങ്ങിപ്പോകുന്നതിന് വിമാനടിക്കറ്റ് എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രിക്ക് പുറമെ, മഹാരാഷ്ട്ര സര്‍ക്കാരിനും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെ‌ഹ്റയ്‌ക്കും തൃപ്തി ദേശായി കത്തയച്ചിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.തൃപ്തി ദേശായി ആവശ്യപ്പെടുന്ന സൗകര്യങ്ങള്‍ ഇവയാണ്-വിമാനത്താവളത്തില്‍ നിന്ന് കോട്ടയത്തേക്ക് പോകാന്‍ വണ്ടി, കോട്ടയത്ത് താമസിക്കാന്‍ ഗസ്റ്റ് ഹൗസ് അല്ലെങ്കില്‍ ഹോട്ടല്‍ മുറി, താമസത്തിന്റേയും ഭക്ഷണത്തിന്റേയും മൊത്തം ചെലവും സര്‍ക്കാര്‍ വഹിക്കണം

നടതുറക്കുന്ന വൃശ്ചികം ഒന്നിന് (പതിനേഴാം തിയ്യതി ) രാവിലെ ശബരിമലയിലെത്തുമെന്നാണ് തൃപ്തി ദേശായി അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പുറമേ കേരളാ ഡി.ജി.പി, മഹാരാഷ്ട്ര മുഖ്യമന്ത്രി തുടങ്ങിയവര്‍ക്കും തൃപ്തി ദേശായി കത്തയച്ചിട്ടുണ്ട്. ശബരിമലയില്‍ പ്രവേശിക്കുമെന്ന് തീരുമാനമെടുത്തതിനു പിന്നാലെ വലിയ തോതിലുള്ള ഭീഷണികളാണ് തനിക്കുനേരെ ഉയരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ 3000ത്തോളം ഭീഷണി സന്ദേശങ്ങളാണ് തനിക്ക് ലഭിച്ചത്.

ശബരിമലയില്‍ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാന്‍ പോയ വനിതാ മാധ്യമപ്രവര്‍ത്തകരടക്കം ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു കത്ത് നല്‍കുന്നതെന്നാണ് അവര്‍ പറയുന്നത്. ശബരിമല ദര്‍ശിക്കാതെ താന്‍ മടങ്ങിപ്പോകില്ല. മടങ്ങിപ്പോകുന്ന ടിക്കറ്റ് താന്‍ ബുക്ക് ചെയ്തിട്ടില്ല. ശബരിമലയിലേക്ക് ദര്‍ശനം നടത്താന്‍ കഴിയുന്നതുവരെ കേരളത്തില്‍ തുടരാനാണ് തന്റെ തീരുമാനമെന്നും അവര്‍ പറയുന്നു. ആറ് സ്ത്രീകള്‍ക്കൊപ്പമാണ് തൃപ്തി ദേശായി എത്തുന്നത്.തൃപ്‌തി ദേശായി അടക്കമുള്ള ആക്‌ടിവിസ്‌റ്റുകള്‍ ശബരിമലയിലെത്തിയാല്‍ തടയുമെന്നാണ് വിവിധ സംഘടനകളുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button