ന്യൂഡൽഹി : റാഫേൽ ഇടപാടിൽ കോൺഗ്രസിന്റെ ആരോപണങ്ങൾ പൊളിച്ചടുക്കി ദസോ മേധാവിയുടെ അഭിമുഖം. റിലയൻസിനെ തെരഞ്ഞെടുത്തത് കമ്പനി നേരിട്ട് തന്നെയാണെന്ന് ദസോ മേധാവി എറിക്ക് ട്രാപ്പിയർ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.തനിക്ക് കള്ളം പറയേണ്ട കാര്യമില്ല. കമ്പനി മേധാവി എന്ന നിലയിൽ തനിക്ക് കള്ളം പറയാനുമാകില്ല. ഓഫ്സെറ്റ് കരാറിൽ റിലയൻസിനെ തെരഞ്ഞെടുത്തത് കമ്പനി നേരിട്ടു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഓഫ്സെറ്റ് കരാർ 30 കമ്പനികളുമായി ധാരണയായി കഴിഞ്ഞു. ഓഫ്സെറ്റ് ഇടപാടിന്റെ 40 ശതമാനത്തിന് കരാർ ഉറപ്പിച്ചു കഴിഞ്ഞു.ഇതിൽ 10 ശതമാനം മാത്രമാണ് റിലയൻസിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. 2012 മുതൽ സംയുക്തമായി കമ്പനി ആരംഭിക്കാൻ തങ്ങളും റിലയൻസും തമ്മിൽ ധാരണയായതാണ്. കരാർ ഉറപ്പിക്കാനാണ് കാത്തു നിന്നത്.യുപിഎ സർക്കാർ മുന്നോട്ടു വച്ച കരാറിൽ നിന്ന് 9 ശതമാനം വിലകുറവാണ് പുതിയ കരാറിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരുകൾ തമ്മിൽ ഇടപാട് ഉറപ്പിച്ചതു കൊണ്ടാണ് ഇത് സാദ്ധ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങൾ ഉണ്ടായതായി അറിയാം. അത് തികച്ചും ആഭ്യന്തരമായ രാഷ്ട്രീയ വിഷയങ്ങൾ മാത്രമാണ്. ഇത് മിക്ക രാജ്യങ്ങളിലും ഉണ്ടാകാറുണ്ട്. പക്ഷേ സത്യം ഇതാണ് . ഈ ഇടപാട് തീർത്തും സുതാര്യവും ശുദ്ധവുമാണ്. ഇന്ത്യൻ വ്യോമസേന ഇടപാടിൽ പൂർണ തൃപ്തരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദസോ മേധാവി വിവരങ്ങൾ വ്യക്തമാക്കിയതോടെ സർക്കാരിനെതിരെയുള്ള കോൺഗ്രസ് ആരോപണങ്ങളുടെ മുനയൊടിഞ്ഞു. റിലയൻസിനെ തെരഞ്ഞെടുത്തത് കേന്ദ്രസർക്കാരാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.റാഫേൽ വിമാനങ്ങളുടെ വില യുപിഎ സർക്കാർ മുന്നോട്ടു വച്ച കരാറിനേക്കാൾ കൂടുതലാണെന്നും ആരോപണം ഉയർന്നിരുന്നു .
Post Your Comments