Latest NewsKerala

അക്ഷരത്തിന്റെ കിലുക്കം കുഞ്ഞുങ്ങള്‍ക്ക് നഷ്ടമാകരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം : അക്ഷരങ്ങളുടെ കിലുക്കം കുഞ്ഞുങ്ങള്‍ക്ക് നഷ്ടമാകാതിരിക്കാന്‍ സമൂഹം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന സര്‍ഗസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു നിശ്ചിത കാലത്തിനിടയില്‍ വിദ്യാഭ്യാസം നിര്‍ബന്ധിതവും സാര്‍വത്രികവുമാക്കണമെന്ന് ഭരണഘടന പറയുന്നു. എന്നാല്‍ പഠിക്കേണ്ട കാലത്ത് കുഞ്ഞുങ്ങള്‍ ഹോട്ടലിലും മറ്റും കഠിനമായി പണി ചെയ്യുന്ന കാഴ്ച രാജ്യത്ത് പലയിടത്തും കാണുന്നു. കുട്ടികള്‍ സ്നേഹവാത്സല്യങ്ങള്‍ നിഷേധിക്കപ്പെട്ടു യാതനാപൂര്‍വം കഴിയേണ്ടിവരുന്ന ദുരവസ്ഥ സംസ്‌കാരത്തിന്റേതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ബാലപ്രതിഭകള്‍ക്ക് ഭരണഘടനയുടെ പകര്‍പ്പ് നല്‍കിയാണ് മുഖ്യമന്ത്രി സമ്മേളനം ഉദ്ഘാടനം ചെയ്തത്.

പഠിക്കുന്ന കാലത്ത് മയക്കുമരുന്നിന്റെ വാഹകരാകാന്‍ വിധിക്കപ്പെടുന്ന ബാല്യങ്ങളുണ്ട് പലയിടത്തും. അത്തരം ബാല്യങ്ങള്‍ രാജ്യത്തിന്റെ ഭാവിയാണ് ഇല്ലാതാക്കുന്നത്. ശിശുദിനാഘോഷ വേളയില്‍ ഇത്തരം കാര്യങ്ങള്‍ ഗൗരവപൂര്‍വം ആലോചിക്കണം. അക്ഷരം മുതല്‍ പോഷകാഹാരം വരെ നിഷേധിക്കപ്പെടുന്നതും ക്രൂരമായി ദുരുപയോഗം ചെയ്യപ്പെടുന്നതുമായ ബാലസമൂഹം നമ്മുടെ രാജ്യത്തുണ്ട് എന്നത് ഒട്ടും അഭിമാനകരമല്ല. ലോകത്ത് ഏറ്റവുമധികം ശിശുമരണം സംഭവിക്കുന്ന രാജ്യം ഇന്ത്യയാണ്. യൂണിസെഫ് പഠനപ്രകാരം ഒമ്പതു ലക്ഷം പെണ്‍കുഞ്ഞുങ്ങള്‍ ഭ്രൂണഹത്യക്ക് ഇരയാകുന്നുവെന്നാണ്. ഇതെല്ലാം അതിജീവിച്ചുവരുന്ന വലിയൊരു വിഭാഗത്തിന് പഠിക്കുന്നതിനോ മറ്റോ സൗകര്യമില്ല. ലോകത്തെമ്പാടുമുള്ള 25 കോടി ബാലവേലക്കാരില്‍ വലിയൊരു വിഭാഗം ഇന്ത്യയിലാണ്. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ മൂല്യവും സംസ്‌കാരവുമുള്ള കേരളജനത കുട്ടികളെ ദുരന്തത്തിലേക്ക് തള്ളിയിടുന്നില്ലെന്നത് സന്തോഷകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വപ്നങ്ങളും പ്രതീക്ഷകളുമായിക്കഴിയുന്ന കുട്ടികളുടെ മുന്നിലെ വെല്ലുവിളികള്‍ നേരിടാനാണ് സര്‍ക്കാരിന്റെ ശ്രമം. സംസ്ഥാനത്തെ എല്ലാ കുഞ്ഞുങ്ങള്‍ക്കും ആരോഗ്യകരമായ ബാല്യം സമ്മാനിക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിശുക്ഷേമ സമിതി നടത്തിയ സര്‍ഗസംഗമത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി പ്രഥമ ബാലഭാസ്‌കര്‍ പുരസ്‌കാരം നേടിയ തിരുവനന്തപുരം കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിച്ചു. കുട്ടികള്‍ സ്വതന്ത്രരായി ചിന്തിക്കാനും ധീരരായും വളര്‍ന്നുവരാന്‍ മുതിര്‍ന്ന തലമുറ ശ്രദ്ധിക്കണമെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ സാമൂഹികനീതി, വനിതാ ശിശുക്ഷേമ മന്ത്രി കെ.കെ. ശൈലജടീച്ചര്‍ പറഞ്ഞു. വനിതാ ശിശുക്ഷേമ വകുപ്പ് അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ബാലവേല ഇല്ലെന്നുതന്നെ പറയാം. ഇവിടത്തെ കുഞ്ഞുങ്ങളെ സ്‌കൂളുകളില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ലോവര്‍ പ്രൈമറി സ്‌കൂളുകളും അംഗന്‍വാടികളുമില്ലാത്ത പ്രദേശങ്ങള്‍ എവിടെയുമില്ല. കുഞ്ഞുങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസവും സ്നേഹവും ലഭ്യമാകുന്നു എന്ന് ഉറപ്പാക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു.

സാമൂഹികനീതി, വനിതാ ശിശുക്ഷേമ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ ഷീബാ ജോര്‍ജ്, കൗണ്‍സിലര്‍ പാളയം രാജന്‍, സംസ്ഥാന ശിശുക്ഷേമ സമിതി പ്രസിഡന്റ് അഡ്വ. ദീപക് എസ്.പി., വൈസ് പ്രസിഡന്റ് അഴീക്കോടന്‍ ചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി പി.എസ്. ഭാരതി, എക്സി. അംഗങ്ങളായ എം.കെ. പശുപതി, ഒ.എം. ബാലകൃഷ്ണന്‍, ആര്‍. രാജു, ട്രഷറര്‍ ജി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button