അല്‍ഐന്‍: പ്രായപൂര്‍ത്തിയാവാത്ത മകളെ 40 വയസുകാരന് വിവാഹം ചെയ്തുകൊടുത്തയാള്‍ക്കെതിരെ യുഎഇയില്‍ ക്രിമിനല്‍ നടപടികള്‍ തുടങ്ങി. 40കാരനായ വരന് ഭീമമായ തുക പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്തതോടെയാണ് സ്കൂളില്‍ പോയിരുന്ന 15കാരിയുടെ പഠനം നിര്‍ത്തിച്ച് സമ്മതമില്ലാതെ വിവാഹം കഴിപ്പിച്ചത്.
കുട്ടിയുടെ അമ്മയുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു വിവാഹം. ഇതിനായി മറ്റൊരു ഗള്‍ഫ് രാജ്യത്ത് പോവുകയും അവിടെ വെച്ച് മകളെ 40 കാരന് വിവാഹം ചെയ്ത് കൊടുക്കുകയുമായിരുന്നു. വിവാഹശേഷം ഇവര്‍ അല്‍ഐനില്‍ തിരിച്ചെത്തി. ഒരു മാസത്തിനകം തന്നെ ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ തുടങ്ങി. പലതവണ പെണ്‍കുട്ടി ‘ഭര്‍ത്താവുമായി’ പിരിഞ്ഞ് വീട്ടിലേക്ക് മടങ്ങി വന്നു. ‘ഭര്‍ത്താവ്’ ഉപദ്രവിക്കുന്നുവെന്നായിരുന്നു പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞത്.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന് ഇയാളെ വിളിക്കുകയും കുട്ടിയോട് മാന്യമായി പെരുമാറണമെന്ന് ഉപദേശിക്കുകയും ചെയ്തു. എന്നാല്‍ പ്രശ്നങ്ങള്‍ അവസാനിക്കാതെ വന്നതോടെ പെണ്‍കുട്ടിയെ ഇയാള്‍ സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ വീണ്ടും കൂട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും മാതാപിതാക്കള്‍ അനുവദിച്ചില്ല.
തുടര്‍ന്ന് വിവാഹബന്ധം വേര്‍പെടുത്താനായി അച്ഛന് അല്‍ഐന്‍ പേഴ്സണല്‍ സ്റ്റാറ്റസ് കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി വിവാഹമോചനം അനുവദിച്ചെങ്കിലും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചതിന് അച്ഛനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു.
Post Your Comments