Latest NewsKeralaIndia

ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകനെയും കുടുംബാഗങ്ങളെയും വീടുകയറി മര്‍ദ്ദിച്ച സംഭവം : പോലീസിന്റെ പ്രതികരണം ഇങ്ങനെ

വനിതാ പൊലീസ് ഇല്ലാതെ വീട്ടില്‍ കടന്നു കയറി സ്ത്രീകളെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

പാലോട് : നിലയ്ക്കല്‍ അക്രമത്തില്‍ പ്രതിചേര്‍ത്ത ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകനെ പിടികൂടാനെത്തിയ പൊലീസ് അയാളെയും അച്ഛനമ്മമാരെയും ഭാര്യയെയും ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ പോലീസിന്റെ പ്രതികരണം. നിലയ്ക്കല്‍ പ്രതിഷേധത്തിലും തുടര്‍ന്നുള്ള സംഭവങ്ങളിലും 125 -ാം പ്രതിയാണ് സജീവ്. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പരിശോധിച്ച്‌ വരികയാണെന്ന് നെടുമങ്ങാട് എ.എസ്.പി സുജിത് ദാസ് പറഞ്ഞു.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട് വളഞ്ഞ് അമ്മയേയും ഭാര്യയെയും മര്‍ദ്ദിച്ചെന്നത് വസ്തുതാപരമല്ലെന്നും സ്ത്രീകളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും പാലോട് സ്റ്റേഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഏതാനും പൊലീസുകാര്‍ മാത്രമേ വീട്ടില്‍ കയറിയിട്ടുള്ളൂ. പ്രതിയെ പിടികൂടിയപ്പോള്‍ സ്ത്രീകള്‍ ചുറ്റിപ്പിടിക്കുകയായിരുന്നു. ഇതിനിടെ നിലത്ത് വീണാകാം കൈക്ക് പരിക്കേറ്റത്. ഇവരെ മറ്റൊരു വാഹനത്തിലാണ് പാലോട് ഗവ. ആശുപത്രിയില്‍ എത്തിച്ചത്- എ.എസ്.പി സുജിത് ദാസ് പറഞ്ഞു.

ആര്‍.എസ്.എസ് മണ്ഡല്‍ കാര്യവാഹക് ചല്ലിമുക്ക് സജീവ് (35), അമ്മ ഓമന (64), അച്ഛന്‍ മോഹനന്‍ (70), ഭാര്യ അനുജ (29) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അതെ സമയം നാട്ടുകാരുടെ പ്രതികരണം മറ്റൊന്നാണ്. കൂട്ട നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും സജീവിനെയും അമ്മയെയും ഭാര്യയെയും ജീപ്പില്‍ കയറ്റി പാലോട് സ്റ്റേഷനിലെത്തിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്റ്റേഷനില്‍ തളര്‍ന്നു വീണ ഓമനയെ പിന്നീട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എത്തിയാണ് പാലോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൈക്ക് പൊട്ടലുള്ളതിനാല്‍ രാത്രി തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രയിലേക്കും അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്കും മാറ്റി. അനുജയ്ക്ക് നെറ്റിയിലും കാലിലും പരിക്കുണ്ട്.വലതു കൈയ്ക്ക് പൊട്ടലേറ്റ ഓമനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അനുജയെ പാലോട് ഗവണമെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പാലോട് സി.ഐയുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് ഓമന പറഞ്ഞു.

ഓമന ഉന്നത പൊലീസ് അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്, ‘ അടുക്കള വാതില്‍ തുറന്ന് വീട്ടിലേക്ക് കടന്ന പൊലീസ് സംഘം ചോറു കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന സജീവിനെ മര്‍ദ്ദിച്ചു. ഇത് തടഞ്ഞ ഓമനയുടെ കൈപിടിച്ച്‌ തിരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. അനുജയ്ക്കും മര്‍ദ്ദനമേറ്റു. അര്‍ബുദ ബാധിതനായ സജീവന്റെ അച്ഛന്‍ മോഹനന്റെ നെഞ്ചില്‍ ചവിട്ടി.’ ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെയും എട്ടും ആറും വയസുകാരായ ആണ്‍ മക്കളുടെയും മുന്നില്‍വച്ചായിരുന്നു ആക്രമണമെന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്. വനിതാ പൊലീസ് ഇല്ലാതെ വീട്ടില്‍ കടന്നു കയറി സ്ത്രീകളെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button