ഗാസിയാബാദ് : അർബുദം ബാധിച്ചു മരിച്ച ഭാര്യയുടെ ഓർമയ്ക്കായി മിനി താജ്മഹൽ പടുത്തുയർത്തി പ്രശസ്തനായ റിട്ടയേർഡ് പോസ്റ്റുമാസ്റ്റർ റോഡപകടത്തിൽ മരിച്ചു. പശ്ചിമ ഉത്തർപ്രദേശിലെ കേസൽ കലാൻ സ്വദേശിയായ ഫൈസുൽ ഹസൻ ഖദ്‍രിയാണ് വ്യാഴാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. വീടിനു പുറത്ത് നടക്കുമ്പോൾ രാത്രി പത്തരയോടെ അജ്ഞാത വാഹനം ഖദ്‍രിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ അലിഗഡ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ബന്ധു മുഹമ്മദ് അസ്‍ലം പറഞ്ഞു.
വീട്ടിനോടു ചേർന്ന് ഭാര്യയുടെ ഓർമയ്ക്കായി താജ്മഹലിന്‍റെ മാതൃക പടുത്തുയർത്തിയതോടെയാണ് ഖദ്‍രി ശ്രദ്ധാകേന്ദ്രമായത്. ഇതിനോടു ചേർന്നുള്ള സ്വന്തം സ്ഥലം പെൺകുട്ടികൾക്കുള്ള സർക്കാർ സ്കൂളിനായി സൗജന്യമായി വിട്ടുനൽകുകയും ചെയ്തു. സ്കൂളിന്‍റെ നിർമാണം പൂർത്തിയായിട്ടുണ്ട്. 2011 ഡിസംബറിലാണ് ഖദ്‍രിയുടെ ഭാര്യ ടാജമുല്ലി ബീഗം മരിക്കുന്നത്. 1953 ൽ വിവാഹിതരായ ഇവർക്കു കുട്ടികളുണ്ടായിരുന്നില്ല. ഭാര്യയുടെ മരണശേഷമാണ് ഖദ്‍രി താജ്മഹലിന്‍റെ മാതൃകയുടെ നിർമാണം ആരംഭിച്ചത്. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനകത്തു തന്നെ ഭാര്യയുടെ കബറടക്കം നടത്തിയ അദ്ദേഹം മരണശേഷം ഭാര്യയ്ക്കൊപ്പം തന്നെയും കബറടക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ സാമ്പത്തിക പരാധീനതകൾ മൂലം 2014 ഫെബ്രുവരിയിൽ മിനി താജ്മഹലിന്‍റെ നിർമാണം നിലച്ചു. തന്‍റെ പെൻഷൻ പണമുപയോഗിച്ച് ഘട്ടം ഘട്ടമായി നിർമാണം പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച ഖദ്‍രി, 2015 ൽ അന്നത്തെ മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ച ധനസഹായം നിരസിച്ചിരുന്നു.
Post Your Comments