Latest NewsPrathikarana Vedhi

ജലീല്‍ കുറ്റക്കാരനല്ല, പികെ ശശി തെറ്റുകാരനുമല്ല: ഇങ്ങനെയൊക്കെയാണോ സഖാക്കളേ ജനാധിപത്യസംരക്ഷണം

ഐ.എം ദാസ്

ബന്ധുനിയമനത്തിന്റെ പേരില്‍ ഇടത് സര്‍ക്കാരിലെ മറ്റൊരു മന്ത്രി കൂടി ആരോപണവിധേയനാകുമ്പോള്‍ ഉള്ളതു പറയണമല്ലോ ഒരു കുലുക്കവുമില്ല മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും. ഇപി ജയരാജന്റെ പേരില്‍ പണ്ട് ഇത്തരത്തിലൊരു ആരോപണം വന്നപ്പോള്‍ അദ്ദേഹത്തിന് മന്ത്രിക്കസേര തെറിച്ചു. പിന്നീട് തിരിച്ചുകിട്ടുമെന്ന ഉറപ്പുള്ളതുകൊണ്ടാകും പറഞ്ഞപ്പോള്‍ തന്നെ ഇപി കസേര വിട്ടെഴുന്നേറ്റു. പക്ഷേ അതുപോലെ കെടി ജലീലിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ മുഖമന്ത്രിക്കോ പദവി ഒഴിയാന്‍ ജലിലിനോ സമ്മതമല്ലെന്നതാണ് വിവാദത്തിന് ആക്കം കൂട്ടുന്നത്. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ പോസ്റ്റിലേക്കുള്ള നിയമനമാണ് വിവാദമായത്. പക്ഷേ മന്ത്രി ജലീല്‍ കുറ്റം ചെയ്തതായി പാര്‍ട്ടി കരുതുന്നില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തെ സംരക്ഷിക്കുന്നു എന്ന വാദത്തില്‍ കഴമ്പില്ല. ബന്ധു നിയമനത്തില്‍ അപാകത സംഭവിച്ചിട്ടില്ലെന്ന് ഉറപ്പിച്ച് പറയുന്നത് സംസ്ഥാന സെക്രട്ടറി സാക്ഷാത് കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ്. പോരെങ്കില്‍ ഇരട്ടചങ്കന്‍ മുഖ്യമന്ത്രിയുടെ കട്ടപിന്തുണയും ജലീലിനുണ്ട.്

രാജി വയ്ക്കണമെന്ന് പ്രതിപക്ഷം

ഇനി കോടിയേരി സഖാവ് പറഞ്ഞതില്‍ വല്ല കാര്യവുമുണ്ടോ എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നതൊന്നു കേട്ടാല്‍ മതി. ‘ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന തെറ്റാണ് മന്ത്രി കെടി ജലീല്‍ ചെയ്തിട്ടുള്ളത്. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ പോസ്റ്റിലേക്കുള്ള ജലീലിന്റെ ബന്ധുവിന്റെ നിയമനം ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുള്ളതാണിത്. നിര്‍ബന്ധിച്ച് നല്‍കേണ്ട ജോലിയല്ല ഇത്. അഭിമുഖത്തിന് വന്നവര്‍ക്ക് യോഗ്യതയില്ല എന്നത് വിശ്വാസ യോഗ്യമല്ല. മുഖ്യമന്ത്രി ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. നടപടിക്രമങ്ങള്‍ പാലിച്ചോ എന്ന് മന്ത്രി വ്യക്തമാക്കണം. സൗത്ത് ഇന്ത്യന്‍ ബാങ്ക് സര്‍ക്കാര്‍ സ്ഥാപനമല്ല. അവിടെ നിന്നുള്ള ഡെപ്യൂട്ടേഷന്‍ ചരിത്രത്തിലില്ലാത്തതാണ്. കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ പോസ്റ്റിലേക്കുള്ള യോഗ്യതയില്‍ മന്ത്രി മാറ്റം വരുത്തി. ഇത് വ്യക്തമായ അഴിമതിയാണ്. ഈ നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സ് ലഭ്യമായിട്ടില്ല, ജലീല്‍ മന്ത്രിസ്ഥാനം രാജി വയ്ക്കുക തന്നെ വേണം’ . അപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജലീലിന്റെ ബന്ധു ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തെത്തിയത് കടുത്ത നിയമലംഘനം തന്നെയാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
.

നിയമനം നിയമാനുസൃതം ആരോപണം രാഷ്ട്രീയം

ഒരു പക്ഷം മാത്രം കേട്ട് കുറ്റവിചാരണ നടത്താനാകില്ലല്ലോ. എന്താണ് ജലീലിന് പറയാനുള്ളതെന്നു കൂടി നോക്കാം. നിയമനം നിയമാനുസൃതമാണെന്നും ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നുമാണ് മന്ത്രിക്ക് പറയാനുള്ളത്. പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. പക്ഷേ ആകെ മൂന്ന് പേര്‍ മാത്രമാണ് അപേക്ഷിച്ചത്. വന്നവര്‍ക്ക് യോഗ്യതയും ഉണ്ടായിരുന്നില്ല. തന്റെ ബന്ധുവിന് വേണ്ടി അധികമായി ബിടെക് യോഗ്യത കൂടി ഉള്‍പ്പെടുത്തിയെന്നത് ശരിയല്ല. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് വരാന്‍ ഇഷ്ടമില്ലാതിരുന്ന ആബിദ് എന്ന ബന്ധു ചെയര്‍മാന്‍ വഹാബ് താല്‍പര്യം എടുത്ത് വിളിച്ചത് കൊണ്ടുമാത്രം വന്നതാണ്. ലീഗ് നേതാക്കളുടെ കിട്ടാക്കടത്തില്‍ ഇടപെട്ടതാണ് ആബിദിന് വിനയായത്. വായ്പ എടുത്തിട്ട് തിരിച്ചടക്കാത്തവര്‍ ലീഗുകാരാണന്ന് കണ്ടെത്തിയതും വായ്പ തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിച്ചതുമാണ് ലീഗുകാരെ ആരോപണം ഉന്നയിക്കാന്‍ പ്രേരിപ്പിച്ചത്. ബാങ്ക് ജീവനക്കാര്‍ മുമ്പും ഡപ്യൂട്ടേഷനില്‍ സര്‍ക്കാര്‍ സര്‍വീസിലെത്തിയിട്ടുണ്ട്. കെ.എം മാണിയുടെ െ്രെപവറ്റ് സെക്രട്ടറി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നുള്ള ആളായിരുന്നു. എന്തായാലും ആബിദിന്റെ നിയമനത്തില്‍ താന്‍ ഒരിക്കലും ഇടപെട്ടിട്ടേയില്ലെന്നും മന്ത്രി കെടി ജലീല്‍ തീര്‍ത്തു പറയുന്നു.

ആകെ യോഗ്യന്‍ ആബിദ് മാത്രം

ചുരുക്കി പറഞ്ഞാല്‍ ഇപ്പോള്‍ ജലീലിന്റെ ബന്ധു ആബിദിരിക്കുന്ന കസേരയിലിരിക്കാന്‍ അല്‍പ്പമെങ്കിലും യോഗ്യതയുള്ളത് അദ്ദേഹത്തിന് മാത്രമായതുകൊണ്ട് നിര്‍ബന്ധിച്ച് ഇരുത്തിയതാണ്. ആ പോസ്റ്റിനായി അപേക്ഷ ക്ഷണിച്ചപ്പോള്‍ ആകെ അപേക്ഷിച്ചത് മൂന്നു പേരാണെന്നതുകൂടി ഓര്‍ക്കണം. പക്ഷേ അവര്‍ക്ക് യോഗ്യത ഇല്ലാതിരുന്നിട്ടും ഇന്റര്‍വ്യൂവിന് വിളിച്ചു എന്ന് മന്ത്രി സമ്മതിക്കുന്നുണ്ട്. ചെന്നിത്തല പറയുന്നതുപോലെ ഇ.പി ജയരാജന് നല്‍കാത്ത ഇളവ് എന്തിനാണ് കെ.ടി ജലീലിന് സര്‍ക്കാര്‍ നല്‍കുന്നതെന്തിനാണെന്നാണ് പാര്‍ട്ടിക്കാര്‍ പോലും ചോദിക്കുന്നത്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ സിപിഎമ്മിന്റെ സ്ഥിരം ഡയലോഗ് തന്നെ ഓര്‍മവരുന്നു, കേരളത്തില്‍ അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ കാര്യങ്ങള്‍ മനസിലായിട്ടുണ്ടാകും..

ഇനി ലിംഗസമത്വത്തിലെ ഇരട്ടത്താപ്പ്

ജലീലിന്റെ കാര്യത്തില്‍ എടുത്ത അതേ നിലപാട് തന്നെ പാര്‍ട്ടി എംഎല്‍എ പികെ ശശിയുടെ കാര്യത്തിലും സിപിഎം സ്വീകരിക്കുന്നുണ്ട്. തൈറ്റുകാരെ സംരക്ഷിക്കുന്നതില്‍ വിവേചനം പാടില്ലല്ലോ. ഡിവൈഎഫ്‌ഐ വനിതാ നേതാവ് നേരിട്ട് കേന്ദ്രനേതൃത്വത്തിന് നല്‍കിയ പീഡന പരാതിയില്‍ ആ സഖാവിനെതിരെ എന്ത് നടപടിയെടുത്തെന്ന് ആരും ചോദിക്കരുത്. ഷൊര്‍ണൂര്‍ എംഎല്‍എ ആയ പികെ ശശിക്ക് കേരളം ചര്‍ച്ച ചെയ്ത പീഡനപരാതിയില്‍ ഒരു പോറല്‍പോലും ഏറ്റിട്ടില്ലന്നെ് അറിയുമ്പോള്‍ സിപിഎമ്മിന്റെ സ്ത്രീസുരക്ഷയും സമത്വവും ഒപ്പം ജനാധിപത്യസംരക്ഷണവും ശരിയാകും. അന്വേഷണത്തിന് ചുമതലപ്പെടുത്തിയ മന്ത്രി സഖാവ് ആരോപണവിധേയനായ എംഎല്‍എ സഖാവിന്റെ തോളില്‍ ചാരി നടക്കുന്ന കാഴ്ച്ചയാണ് പരാതിക്കാരിക്ക് ഇപ്പോള്‍ കാണേണ്ടി വരുന്നത്. പരാതിയില്‍ നിന്ന് പിന്‍മാറാനായുള്ള പ്രേരണകളെല്ലാം അതിജീവിച്ച പരാതിക്കാരി വീണ്ടും കേന്ദ്രനേതൃത്വത്തെ സമീപിക്കുമെന്നാണ് കേള്‍ക്കുന്നത്. എന്തായാലും പാര്‍ട്ടി എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വനിതാ സഖാക്കള്‍ക്കും ഒരു അഭിപ്രായവുമില്ല. അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കാത്തതില്‍ വിയോജിപ്പുമില്ല.

ഞങ്ങളുടെ രക്തവും പ്രാണനുമാണ് ചെങ്കൊടിയെന്ന് നെഞ്ച് പൊട്ടി വിളിക്കുന്ന ചില ഒര്‍ജിനല്‍ സഖാക്കള്‍ ഇപ്പോഴുമുണ്ടാകുമല്ലോ നാട്ടില്‍. നിങ്ങള്‍ ഇതൊക്കെ കാണുന്നുണ്ടാകുമല്ലോ. നിലപാടുകളിലെ നിലനില്‍പ്പാണ് സിപിഎമ്മിന്റെ വിലാസമെന്നാണ് അനുയായികള്‍ വിശ്വസിക്കുന്നതും വിളിച്ചുപറയുന്നതും. അവരുടെ മുന്നിലാണ് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും കപടമുഖം വെളിവാകുന്നത്. നിലപാടുകളിലെ സത്യസന്ധതയാണ് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഏറ്റവും വലിയ മുഖമുദ്ര. അധികാരത്തേക്കാള്‍ വലുതായി ആദര്‍ശത്തെ കണ്ടാല്‍ തരംപോലെ നിലപാടുകളില്‍ മാറ്റമുണ്ടാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button