Kerala

എല്ലാ പ്രധാന നഗരങ്ങളിലും എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളിലും എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രാരംഭഘട്ടമെന്ന നിലയില്‍ കോഴിക്കോടും തിരുവനന്തപുരത്തുമാണ് സ്ത്രീകള്‍ക്ക് രാത്രികാലം സുരക്ഷിതമായി തങ്ങാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ അപാകതകള്‍ പരിഹരിച്ചായിരിക്കും എല്ലാ നഗരങ്ങളിലും എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. നഗരങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താവളങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരത്ത് ഒരുക്കുന്ന ‘എന്റെ കൂട്’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നഗരത്തിലെത്തുന്ന സ്ത്രീകളുടെ പ്രയാസം മറ്റാരെക്കാളും തനിക്കറിയാമെന്ന് മന്ത്രി പറഞ്ഞു. ഇന്റര്‍വ്യൂവിനും മറ്റാവശ്യങ്ങള്‍ക്കുമായെത്തുന്ന വനിതകള്‍ക്ക് നഗരത്തില്‍ സുരക്ഷിതമായി താമസിക്കാന്‍ പലപ്പോഴും കഴിയാതെ വരാറുണ്ട്. ഈയൊരവസ്ഥയ്ക്ക് വിരാമമിടാനാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. നഗരത്തില്‍ നിരാലംബരായി എത്തിച്ചേരുന്ന നിര്‍ധനരായ വനിതകള്‍ക്കും കൂടെയുള്ള 12 വയസുവരെയുള്ള കുട്ടികള്‍ക്കും വൈകിട്ട് 5 മണി മുതല്‍ രാവിലെ 7 മണിവരെ സുരക്ഷിതമായ വിശ്രമം തികച്ചും സൗജന്യമായി നല്‍കുന്നതാണ് എന്റെ കൂട് പദ്ധതി. 50 പേര്‍ക്കാണ് ഒരേ സമയം ഇവിടെ താമസിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ എട്ടാം നിലയിലാണ് ഈ രാത്രികാല അഭയകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സമ്പൂര്‍ണമായും ശീതികരിച്ച മുറികളാണ് താമസത്തിനു നല്‍കുക. സൗജന്യ ഭക്ഷണവും ടിവിയും മുഴുവന്‍ സമയ സെക്യൂരിറ്റിയും ഉള്‍പ്പെടെ താമസം പൂര്‍ണമായും സൗജന്യമാണ്. ഇതോടൊപ്പം അടുക്കളയും ശുചിമുറികളും സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം, പോലീസ് വകുപ്പ്, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടു കൂടി ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ മേല്‍നോട്ടത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

സ്വന്തമായി സുരക്ഷിത താവളങ്ങള്‍ ഇല്ലത്ത സ്ത്രീകള്‍, കുട്ടികള്‍ (ആണ്‍ കുട്ടികള്‍ 12 വയസിനു താഴെ), രാത്രികാലങ്ങളില്‍ നഗരത്തില്‍ ഒറ്റപ്പെടുന്ന സ്ത്രീകള്‍ ഇവര്‍ക്കാണ് ഈ സൗകര്യം ഉപയോഗികാകന്‍ സാധിക്കുക. രണ്ടു വാച്ച്മാന്‍, മാനേജര്‍, രണ്ടു മിസ്ട്രസ്മാര്‍, ഒരു സ്‌കാവഞ്ചര്‍ എന്നിങ്ങനെ ആറുപേരാണ് മേല്‍നോട്ടവും സുരക്ഷയും ഉറപ്പു വരുത്തുന്നത്. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്., സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍മാലിക് ഐ.എ.എസ്., സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സി. ഡയറക്ടര്‍ മുഹമ്മദ് അഷീല്‍, സാമൂഹ്യ നീതി വകുപ്പ് അസി. ഡയറക്ടര്‍ സുഭാഷ് കുമാര്‍, ജില്ലാ ഓഫീസര്‍ സബീന ബീഗം എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button