തിരുവനന്തപുരം: ശബരിമല വിവാദം ആളിക്കത്തുന്നു. ശബരിമല വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തന്ത്രി കണ്ഠര് രാജീവരും തുറന്ന പോരിലേക്ക്; തന്ത്രി സ്ഥാനം ഒഴിയുമെന്ന കടുത്ത നിലപാടിലേയ്ക്ക് രാജീവര് നീങ്ങുമെന്ന് സൂചന. ഇതോടെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം ആശങ്കയുടെ നിഴലിലായി. മാത്രമല്ല നവംബര്‍ 13ന് റിവ്യൂ ഹര്‍ജി പരിഗണിയ്ക്കുന്ന സുപ്രീംകോടതിയുടെ നിലപാട് ഏത് രീതിയിലായിരിക്കുമെന്നത് സംബന്ധിച്ച് ആശങ്കയിലാണ്.
ഇതിനിടയില്‍ പി.എസ് ശ്രീധരന്‍ പിള്ളയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തന്ത്രി കണ്ഠര് രാജീവരും തുറന്ന പോരിലേക്കു നീങ്ങി. സര്‍ക്കാരും തന്ത്രിക്കെതിരെ രംഗത്തെത്തി. ഇതോടെ തന്ത്രിസ്ഥാനം ഒഴിയാനും മടിക്കില്ലെന്നു രാജീവര് വ്യക്തമാക്കി.
ബിജെപി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ പ്രസംഗം പുറത്തുവന്നതു വിവാദമായതോടെ കണ്ഠര് രാജീവര് നിഷേധിച്ചെങ്കിലും മുഖ്യമന്ത്രിയും ചില മന്ത്രിമാരും അദ്ദേഹത്തിനെതിരേ ആഞ്ഞടിച്ചു. നിജസ്ഥിതി തിരക്കുകപോലും ചെയ്യാതെ, മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. അതോടെയാണു തന്ത്രി നിലപാട് കടുപ്പിച്ചത്.
ഭക്തര്‍ക്കൊപ്പം നില്‍ക്കുമെന്നു തുറന്നുപറഞ്ഞിട്ടുള്ള കണ്ഠര് രാജീവര്‍ക്കെതിരേ നീങ്ങിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നറിഞ്ഞാണു മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ അദ്ദേഹത്തെ ആക്രമിക്കുന്നതു നിര്‍ത്തിയത്. കുറ്റപ്പെടുത്തല്‍ ആര്‍.എസ്.എസിനും ബിജെപിക്കും നേരേ മാത്രമാക്കി. താന്‍ വിളിച്ച യോഗത്തില്‍ തന്ത്രിയും പന്തളം രാജകുടുംബാംഗങ്ങളും പങ്കെടുക്കാത്തതിനു പിന്നില്‍ ബിജെപിയാണെന്നു പറഞ്ഞൊഴിഞ്ഞു.
തങ്ങള്‍ നിയോഗിച്ച ദേവസ്വം ബോര്‍ഡംഗം കെ.പി. ശങ്കരദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടി ആചാരം ലംഘിച്ചതും സര്‍ക്കാരിനെ വെട്ടിലാക്കി. അതേസമയം ചിത്തിര ആട്ടവിശേഷത്തിനു നടതുറന്നപ്പോള്‍ ഉണ്ടായ സര്‍ക്കാര്‍ നടപടികളിലെല്ലാം എല്‍ഡിഎഫിലും കടുത്ത അതൃപ്തിയാണ്. ചിത്തിര ആട്ടവിശേഷത്തിനു നടതുറന്നപ്പോള്‍ ശബരിമല പൊലീസിനെക്കൊണ്ടു നിറച്ചതും ഭക്തര്‍ക്കു പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം നിഷേധിച്ചതും എല്‍.ഡി.എഫില്‍ അതൃപ്തിക്കു വഴിവച്ചിട്ടുണ്ട്.
Post Your Comments