KeralaLatest News

ഐഎഫ്എഫ്‌കെ: മുഖ്യമന്ത്രിയും 2000 രൂപയുടെ ഡെലിഗേറ്റ് പാസെടുക്കും

3.25 കോടി രൂപയാണു മേളയുടെ ചെലവ്

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മുഖ്യമന്ത്രി പിണറായി ഡെലിഗേറ്റായി എത്തും. 2000 രൂപയുടെ ഡെലിഗേറ്റ് പാസ് എടുത്താണ് അദ്ദേഹം മേളയില്‍ എത്തുക. ഇതിനായി ഈ മാസം ഒമ്പതിന് വെകീട്ട് മൂന്നിന് മന്ത്രി എ.കെ. ബാലന് 2000 രൂപ നല്‍കി ഡെലിഗേറ്റ് പാസ് എടുക്കുന്നതോടെ മേളയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും തുടക്കമാകും.

പ്രളയത്തെ തുടര്‍ന്ന് വളരെ ചെലവ് ചുരുക്കിയാണ് ഇത്തവണ മേള നടത്തുന്നത്. അതോടൊപ്പം സര്‍ക്കാര്‍ ധനസഹായവും മേളയ്ക്കില്ല. കൂടാതെ ചലച്ചിത്ര പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആര്‍ക്കും സൗജന്യ പാസുകളും നല്‍കില്ല.

അക്കാദമിയുടെ അഞ്ചു കേന്ദ്രങ്ങളിലൂടെ 2500 പാസുകള്‍ നേരിട്ടു വിറ്റു കൊണ്ടിരിക്കുകയാണ്. ഇതില്‍ ഭൂരിപക്ഷവും വിറ്റു കഴിഞ്ഞു. തലസ്ഥാനത്തു വില്‍ക്കാന്‍ വച്ചിരുന്ന 500 പാസുകളും വിറ്റു. കണ്ണൂര്‍, തൃശൂര്‍, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ മുന്നൂറോളം പാസുകള്‍ വിറ്റു.

3.25 കോടി രൂപയാണു മേളയുടെ ചെലവ്. 10,000 പേരെങ്കിലും പണം നല്‍കി മേളയില്‍ പങ്കെടുക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതിലൂടെ രണ്ടു കോടി രൂപ സമാഹരിക്കാനാവും. കൂടാതെ ശേഷിക്കുന്ന തുക സ്പോണ്‍സര്‍ഷിപ്പിലൂടെയും മറ്റും കണ്ടെത്തും. 150-160 ചിത്രങ്ങളാണ് മേളയില്‍ എത്തുന്നത്. 10 വിദേശ ചിത്രങ്ങള്‍, രണ്ട് മലയാള ചിത്രങ്ങള്‍, രണ്ട് ഇതര ഇന്ത്യന്‍ ഭാഷാ ചിത്രങ്ങള്‍ മത്സര വിഭാഗത്തിലും, 40 ചിത്രങ്ങള്‍ ലോക സിനിമാ വിഭാഗത്തിലും പ്രദര്‍ശിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button