കോട്ടയം: നാട്ടുകാരില്‍ നിന്നും പിരിച്ചെടുത്ത കോടികളുമായി കോട്ടയത്തെ കുന്നത്തുകളത്തില്‍ ജുവല്ലറി ഉടമയും കുടുംബവും മുങ്ങിയെന്ന വാർത്ത ഞെട്ടാലോടെയാണ് കേരളം ശ്രവിച്ചത്. എന്നാൽ 100 കൊല്ലത്തെ പാരമ്പര്യമുള്ള ജനങ്ങളുടെ വിശ്വസ്ത സ്ഥാപനത്തിനെ കടക്കെണിയിലാക്കിയതിന്റെ പിന്നാമ്പുറ രഹസ്യങ്ങൾ ഇപ്പോൾ പുറത്തു വരികയാണ്. നിരവധി പേരില്‍നിന്നു നിക്ഷേപം സ്വീകരിച്ചശേഷം ചിട്ടി സ്ഥാപന ഉടമ മുങ്ങിയെന്നു കാണിച്ച് നിക്ഷേപകര്‍ കോട്ടയം വെസ്റ്റ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിശ്വനാഥന്‍ പ്രതിക്കൂട്ടിലായത്.
1600 പേരാണ് നിക്ഷേപം നഷ്ടപ്പെട്ടതായി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുള്ളത്. 50 കോടിയിലധികം രൂപ നഷ്ടപ്പെട്ടതായാണ് ഇതുവരെയുള്ള കണക്ക്. ചിട്ടികമ്പനി പൊട്ടിയതിനു പിന്നാലെ ഒളിവില്‍പോയ കമ്പനി ഉടമ കെ.വി. വിശ്വനാഥ(68)നെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടിവിച്ചു. പിന്നീട് അറസ്റ്റിലാവുകയും ചെയ്തു. പക്ഷേ പൊലീസിന് ഈ കേസില്‍ അന്വേഷണം ഏറെ മുന്നോട്ടു കൊണ്ടു പോകാനായിരുന്നില്ല. ഇതിനിടെയാണ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്യുന്നത്. ഇതോടെ നിക്ഷേപകര്‍ വെട്ടിലാവുകയാണ്. ഉള്ള പ്രതീക്ഷയും പോവുകയാണ് അവര്‍ക്ക്.ആശുപത്രിയുടെ നാലാം നിലയില്‍നിന്നും ചാടിയ വിശ്വനാഥന്‍ കെട്ടിടത്തിലെ ഇരുന്പുനിര്‍മ്മിത കൈവഴിയിലേക്കാണു വീണത്. ഉടന്‍തന്നെ അത്യാഹിതവിഭാഗത്തിലേക്കു മാറ്റി ചികിത്സനടത്തിയെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
വിശ്വനാഥന്‍ വ്യാഴാഴ്ചയാണു ജാമ്യത്തിലിറങ്ങിയത്. അന്നുതന്നെ ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. തട്ടിപ്പുകേസില്‍ അറസ്റ്റിലായതോടെ മാനസികമായി തകര്‍ന്ന വിശ്വനാഥന്‍ മറ്റുള്ളവരുമായി ഇടപെടുന്നതില്‍നിന്നും മാറി നിന്നിരുന്നു. ചികില്‍സയ്ക്കായി ആശുപത്രിയിലെത്തിച്ച വിശ്വനാഥന്‍ കൂടെയുണ്ടായിരുന്നവരുടെ കണ്ണുവെട്ടിച്ച് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയെന്നാണ് പ്രാഥമിക വിവരം. കെ വി വിശ്വനാഥനെ കൂടാതെ ഭാര്യ രമണി (66), മക്കളായ ജീത്തു (39), നീതു (35), മരുമക്കള്‍ ഡോ. സുനില്‍ബാബു, ഡോ. ജയചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണവും അറസ്റ്റും നടന്നത്.
ജൂണ്‍ 18നു പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തശേഷം വിശ്വനാഥനും കുടുംബാംഗങ്ങളും ഒളിവില്‍ പോയിരുന്നു. 150 കോടി രൂപ നഷ്ടപ്പെട്ടെന്നു കാണിച്ച് 1650 നിക്ഷേപകരാണു കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ രണ്ടായിരത്തിലധികം പേര്‍ ചതിക്കപ്പെട്ടുവെന്നാണ് പൊതു വിലയിരുത്തല്‍.അതുകൊണ്ട് തന്നെ വിശ്വനാഥനും കുടുംബവും തട്ടിച്ചെടുത്തത് 200 കോടി കവിയുമെന്നാണ് വിലയിരുത്തല്‍. ഈ പണമെല്ലാം ബിനാമി പേരില്‍ ഇവര്‍ നിക്ഷേപിച്ച ശേഷമാണ് സ്ഥാപനം പൊളിഞ്ഞെന്ന് പ്രചരിപ്പിച്ചതെന്നാണ് നിക്ഷേപകരുടെ പക്ഷം.തൃശൂരിലെ ഒളിത്താവളത്തില്‍ നിന്നാണു ഡോ.ജയചന്ദ്രനും നീതുവും ആണ് ആദ്യം പിടിയിലായത്.
ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റൊരു ഒളിത്താവളത്തില്‍ നിന്നു വിശ്വനാഥനെയും ഭാര്യ രമണിയെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.കഴിഞ്ഞ 19ന് ആണു മുന്നറിയിപ്പില്ലാതെ കുന്നത്തുകളത്തില്‍ ഗ്രൂപ്പിന്റെ പണമിടപാടു സ്ഥാപനങ്ങളും ജൂവലറികളും അടച്ചത്. ചിട്ടിയിലും മറ്റുമായി പണം നിക്ഷേപിച്ചവര്‍ ഇതോടെ നെട്ടോട്ടമായി. സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രക്ഷോഭവും തുടങ്ങി. നാളെ ഹൈക്കോടതി ആറുപേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുകയാണ് നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് വിശ്വനാഥന് ജാമ്യം കിട്ടിയത്. കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു വിശ്വനാഥന്‍. ഒപ്പം അപമാനവും നാണക്കേടും. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.
വിശ്വനാഥനും ഗ്രൂപ്പ് ഉടമകളായ ഭാര്യയ്ക്കും മകള്‍ക്കും മരുമകനുമെതിരെ പിന്നീട് പൊലീസ് 14 കേസുകള്‍ ചുമത്തിയിരുന്നു. കുന്നത്തുകളത്തിലിന്റെ സ്ഥാപനങ്ങളില്‍ പണം നിക്ഷേപിച്ചവര്‍ ‘കുന്നത്തുകളത്തില്‍ ഡിപ്പോസിറ്റേഴ്‌സ് അസോസിയേഷന്‍’ എന്നപേരില്‍ ജൂണില്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കു ശേഷമാണ് വിശ്വനാഥനും കുടുംബാംഗങ്ങളും അറസ്റ്റിലായത്.നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായിരുന്നു വിശ്വനാഥന്റേത്. ചിട്ടിയില്‍ നിന്നും മറ്റും ലഭിച്ച പണം മരുമക്കള്‍ വകമാറ്റാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നതെന്നാണ് സൂചന. കമ്പനി കടം കയറി മുടിയുമെന്ന് ഉറപ്പായപ്പോള്‍ തന്നെ വിശ്വനാഥന്‍ മാനസികമായി തകര്‍ന്നു. അറസ്റ്റിലായതോടെ നാണക്കേടുമായി.
ജൂവലറിയുടെ തിരുവല്ല ഷോറൂം നാളുകള്‍ക്കു മുമ്പേ അടച്ചുപൂട്ടിയിരുന്നു. ചിട്ടിസ്ഥാപന ഉടമ മുങ്ങിയതായി വാര്‍ത്ത പരന്നതോടെ കുന്നത്തുകളത്തില്‍ ജൂവലറിക്കും ചിട്ടിസ്ഥാപനത്തിനും മുന്നില്‍ ഇടപാടുകാരായ നിരവധി പേര്‍ തടിച്ചുകൂടിയരുന്നു. കോട്ടയം പൊലീസ് സ്ഥലത്തെത്തി ഇവരെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി അവരില്‍നിന്നു പരാതി എഴുതി വാങ്ങുകയും ചെയ്തു. ഇതോടെയാണ് പ്രശ്നം നിയമ നടപടിയിലേക്ക് നീങ്ങിയത്. സെന്‍ട്രല്‍ ജംഗ്ഷനിലെ ജൂവലറി അടഞ്ഞു കിടന്നതോടെയാണ് ഇതു സംബന്ധിച്ചുള്ള സംശയങ്ങള്‍ ഉയര്‍ന്നത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കമ്പനി പൊട്ടിയതായും, ഭാര്യയും ഭര്‍ത്താവും പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചതായും അറിയാന്‍ സാധിച്ചത്.
നൂറു വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ജില്ലയിലെ വന്‍കിട ബിസിനസ് ജൂവലറി ഗ്രൂപ്പാണ് കുന്നത്തുകളത്തില്‍ ജൂവലറി. നഗരമധ്യത്തില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ തന്നെ ഇവര്‍ക്കു കോടികള്‍ വിലയുള്ള സ്ഥലവും, ജൂവലറിയുമുണ്ട്. കണ്ണായ സ്ഥലത്തു തന്നെയാണ് ഈ ജൂവലറി പ്രവര്‍ത്തിക്കുന്നതും. സ്വര്‍ണ്ണക്കടകൂടാതെ കുന്നത്തുകളത്തില്‍ ഫിനാന്‍സും, ചിട്ടിഫണ്ടും പ്രവര്‍ത്തിക്കുന്നുണ്ട്. കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനിലും, ചെങ്ങന്നൂരിലും, കുമരകത്തുമാണ് ഇവര്‍ക്കു ജൂവലറികളുള്ളത്. ചിട്ടി ഫണ്ടിന്റെ പ്രധാന ഓഫിസ് ബേക്കര്‍ ജംഗ്ഷനിലെ സി.എസ്‌ഐ ബില്‍ഡിംഗിലാണ്. ചങ്ങനാശേരി, കോട്ടയം ചന്തക്കവല, എന്നിവിടങ്ങളിലും ഇവര്‍ക്കു ഓഫിസുകള്‍ നിലവിലുണ്ട്. കോടികളുടെ ബിസിനസാണ് ഇവിടെ പ്രതിദിനം നടക്കുന്നതെന്നാണ് രേഖകള്‍.
ചിട്ടി കമ്പനിയുടെ ഔദ്യോഗിക കണക്കു പ്രകാരം 50 കോടിക്കു മുകളിലുള്ള ചിട്ടി ഇടപാടുകള്‍ നടക്കുന്നുണ്ട്. ജില്ലയിലെ വന്‍കിടക്കാന്‍ അടക്കം ആയിരങ്ങളാണ് ഇവിടെ ഒരു ലക്ഷം മുതല്‍ ഒരു കോടി രൂപവരെ നിക്ഷേപിച്ചിരിക്കുന്നത്. ഏറെ പാരമ്പര്യമുള്ള കമ്പനിയുടെ തകര്‍ച്ച കേട്ട് കോട്ടയത്തുകാര്‍ ആകെ ഞെട്ടിയിരുന്നു. വിശ്വനാഥന്‍ പിടിയിലായതോടെ എല്ലാം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ നാട്ടുകാര്‍ക്കും കിട്ടി. എന്നാല്‍ തന്റെ കമ്പനിയില്‍ പാവങ്ങള്‍ നിക്ഷേപിച്ച തുക എങ്ങോട്ട് വകമാറ്റിയെന്നതില്‍ വിശ്വനാഥന് ഒരു പിടിയുമില്ലായിരുന്നു. മക്കളും മരുമക്കളും എല്ലാ കുറ്റവും വിശ്വനാഥനില്‍ ചാര്‍ത്തിയെന്നാണ് സൂചന. ഇതോടെ പൊലീസിന് പോലും കൃത്യമായ ഉത്തരം നല്‍കാനാല്‍ വിശ്വനാഥന് കഴിഞ്ഞിരുന്നില്ല. ഇതും മാനസിക പരിമുറുക്കം ഇരട്ടിച്ചു. ഇതാണ് ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചത്.
വിശ്വനാഥനിലൂടെ ബിനാമി സ്വത്തുക്കള്‍ കണ്ടെത്തുമെന്നും ഇതിലൂടെ നിക്ഷേപം തിരിച്ചു കിട്ടുമെന്നുമാണ് പാവപ്പെട്ട പലരും കരുതിയിരുന്നത്. ലക്ഷങ്ങള്‍ നിക്ഷേപിച്ചവരെല്ലാം വിശ്വനാഥന്‍ അറസ്റ്റിലായതിനെ പ്രതീക്ഷയോടെയാണ് കണ്ടത്. ഇതാണ് തകരുന്നത്. ഇനിയെല്ലാം വിശ്വനാഥന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ മക്കള്‍ക്കും മരുമക്കള്‍ക്കും കഴിയും. അവര്‍ കേസില്‍ നിന്ന് ഊരിപോവുകയും ചെയ്യും.. കണക്ക് അനുസരിച്ച് നൂറു കോടിയുടെ തട്ടിപ്പാണ് നടന്നതെന്നാണ് ഔദ്യോഗിക വിവരം. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ആയിരം കോടി കവിയുമെന്നാണ് വിലയിരുത്തല്‍.
Post Your Comments