സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലാണ് തുലാവര്‍ഷം ശക്തമായത്. വെള്ളിയാഴ്ച രാത്രിമുതല്‍ തെക്കന്‍ ജില്ലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്. എട്ടാം തീയതിയോടെ സംസ്ഥാന വ്യാപകമായി മഴ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് കനത്തമഴ തുടരുകയാണ്. കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ 4 ഷട്ടറുകള്‍ റണ്ടരയടി വീതം ഉയര്‍ത്തി. പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്.
കരമനയാറിന്റേയും നെയ്യാറിന്റേയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജലസേചനവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുലാവര്‍ഷം സംസ്ഥാനത്ത് എത്തിയെങ്കിലും തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ജില്ലകളിലാണ് ഇപ്പോള്‍ മഴ ശക്തിപ്രാപിച്ചിട്ടുള്ളത്.തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദം രൂപംകൊള്ളാനും സാധ്യതയുണ്ട്.
ഇതിന്റെയും തുലാവര്‍ഷത്തിന്റേയും സ്വാധീനത്താല്‍ എട്ടാം തീയതിയോടെ കേരളത്തില്‍ മഴ കൂടുതല്‍ ശക്തിപ്രാപിക്കും. ഇടിമിന്നലോടുകൂടിയ മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയാണ് കേരളത്തില്‍ തുലാവര്‍ഷക്കാലം. എന്നാല്‍ 15 ദിവസം വൈകിയാണ് ഇത്തവണ വടക്കുകിഴക്കന്‍ കാലവര്‍ഷം കേരളത്തിലെത്തിയത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് കാരണമാണ് തുലാവര്‍ഷം വൈകാനിടയാക്കിയത്. നിലവില്‍ തുലാവര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ഡാമുകളുടെ സ്ഥിതിയും സര്‍ക്കാര്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments