തിരുവനന്തപുരം: യുകെജി വിദ്യാര്‍ത്ഥി സ്കൂളില്‍ കുഴഞ്ഞു വീണ് മരിച്ചു. സ്കൂളിലെ കേരളപ്പിറവി ദിനാഘോഷങ്ങള്‍ക്കിടെയാണ് സംഭവം. ബാലരാമപുരം മംഗലത്തുകോണം കെകെ സദനത്തില്‍ കെബി വിനോദ് കുമാറിന്റെയും ദിവ്യയുടെയും മകൻ വിവിന് വിനോദ് (5) ആണ് മരിച്ചത്.മാറ്റിവെച്ച ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ കേരളപ്പിറവി ദിനത്തില്‍ മാതാപിതാക്കളോടൊപ്പമായിരുന്നു കുട്ടി സ്കൂളിൽ എത്തിയത് .
പരിപാടികൾക്ക് ശേഷം ബാഗ് എടുക്കാന്‍ ക്ലാസിലേക്ക് പോയ വിവിന് കുഴഞ്ഞു വീഴുകയായിരുന്നുയെന്ന് ബന്ധുക്കള്‍ അറിയിച്ചു. ടീച്ചര്‍ ആണ് വിവിനെ എടുത്ത് കൊണ്ട് മാതാപിതാക്കളുടെ അടുത്തേക്ക് ഓടിയെത്തിയത്. ഉടന്‍ തന്നെ വിവിനെ കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണ കാരണം വ്യക്തമാക്കാന്‍ കഴിയൂവെന്ന് തിരുവല്ലം പോലീസ് അറിയിച്ചു. വിദ്യാർത്ഥിയുടെ മരണത്തെ തുടര്‍ന്ന് തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.
Post Your Comments