ന്യൂഡല്‍ഹി: വക്കീല്‍ കുപ്പായമണിഞ്ഞ അമിതാഭ് ബച്ചന് വക്കീല്‍ നോട്ടീസ്. കറിമസാലയുടെ പരസ്യത്തില്‍ അഭിഭാഷക വേഷം അണിതിനാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഡല്‍ഹി നോട്ടീസ് അയച്ചത്. ഒപ്പം യൂ ട്യൂബിനും പരസ്യം സംപ്രേഷണം ചെയ്ത മാധ്യമങ്ങള്‍ക്കും ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചു.
സംഭവത്തില്‍ 10 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ്. ഡല്‍ഹി ബാര്‍ കൗണ്‍സിലിനു പുറമേ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും എല്ലാ സംസ്ഥാനങ്ങളിലെയും ബാര്‍ കൗണ്‍സിലുകള്‍ക്കും വിശദീകരണം നല്‍കണമെന്നും നിര്‍ദേശമുണ്ട്.
സംഭവത്തിൽ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ബച്ചനും പരസ്യത്തിന്‍റെ അണിയറ പ്രവര്‍ത്തകരും മാധ്യമങ്ങളുമെല്ലാം നിയമനടപടി നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഒരു ജ്വല്ലറിയുടെ പരസ്യത്തില്‍ ബാങ്ക് പണമിടപാടു സംബന്ധിച്ച പരാമര്‍ശങ്ങളുടെ പേരിലും അമിതാഭ് ബച്ചനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഭാവിയില്‍ അഭിഭാഷക വേഷം പരസ്യ ചിത്രീകരണത്തിനായി ഉപയോഗിക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments