തിരുവനന്തപുരം: ചിത്തിര പൂജകള്‍ക്ക് നട തുറക്കുമ്പോള്‍ ശബരിമലയെ സംഘര്‍ഷ കേന്ദ്രമാക്കുന്ന നടപടികള്‍ക്ക് പൊലീസ് മുന്‍കൈയെടുക്കില്ല. സുപ്രീംകോടതിയില്‍ റിവ്യൂഹര്‍ജികള്‍ പരിഗണനയിലുള്ളതു കൊണ്ടാണ് ഇത്. ആക്ടിവിസ്റ്റുകളെ മല കയറ്റുന്നതിനും പൊലീസ് മുന്‍കൈയെടുക്കില്ലെന്നാണ് സൂചന . രഹ്നാ ഫാത്തിമയെ ശബരിമല ചവിട്ടാന്‍ പൊലീസ് സുരക്ഷയൊരുക്കിയത് ഏറെ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ കരുതലോടെ മാത്രം നീങ്ങാനാണ് പൊലീസിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
പ്രശ്നങ്ങളുണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആട്ട ചിത്തിരയ്ക്ക് ശബരിമലയില്‍ സംഘര്‍ഷമുണ്ടായാല്‍ അത് സുപ്രീംകോടതിയെ പോലും സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.എന്നാല്‍ സുപ്രീംകോടതിയുടെ അന്തിമ നിലപാട് എത്തിയാല്‍ അതിന് അനുസരിച്ച് തീരുമാനം സര്‍ക്കാരെടുക്കും. സ്ത്രീ പ്രവേശന നിലപാടില്‍ കോടതി ഉറച്ചു നിന്നാല്‍ എന്ത് വിലകൊടുത്തും അത് സാധ്യമാക്കും. മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമലയിലെത്തുന്ന യുവതികള്‍ക്കു ദര്‍ശനം ഉറപ്പാക്കാന്‍ പൊലീസ് അതിശക്തമായ സുരക്ഷാ പദ്ധതിക്കു രൂപം നല്‍കിയിട്ടുണ്ട്.
സുപ്രീം കോടതി വിധി മാറ്റമില്ലാതെ തുടരുമെന്ന വിശ്വാസത്തിലാണ് ഈ സജ്ജീകരണങ്ങൾ. കമാന്‍ഡോകളും വനിതാ കോണ്‍സ്റ്റബിള്‍മാരുമടക്കം 24,000 ത്തിലേറെ പൊലീസുകാരെയാണു 4 ഘട്ടമായി വിന്യസിക്കുന്നത്. അതായത് ഒരേ സമയം 5000ല്‍ അധികം പൊലീസ് പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലുമായുണ്ടാകും. സന്നിധാനത്തും പമ്പയിലുമായി 4000പേരേയും നിലയ്ക്കലില്‍ 1000പേരേയും നിയോഗിക്കും.സംസ്ഥാന പൊലീസിനു പുറമെ 5 സംസ്ഥാനങ്ങളില്‍നിന്നു വനിതകള്‍ അടക്കമുള്ള പൊലീസുകാരുടെ സേവനത്തിനു കത്തു നല്‍കിയിട്ടുണ്ട്.
തമിഴ്നാട്, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളോടാണു കുറഞ്ഞത് 100 പൊലീസുകാരുടെ സംഘത്തെ വീതം അയയ്ക്കാന്‍ ആവശ്യപ്പെട്ടത്.മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് 2 എഡിജിപിമാര്‍, 6 ഐജിമാര്‍, 8 എസ്പിമാര് എന്നിവരുടെ നേതൃത്വത്തിലാണു സുരക്ഷ. 15 ദിവസം വീതമുള്ള 4 ഘട്ടമായാണു പൊലീസ് വിന്യാസം. മകരവിളക്കിന് സന്നിധാനം മുതല്‍ നിലയ്ക്കല്‍ വരെയുള്ള പൊലീസുകാരുടെ എണ്ണം 7500 വരെയാക്കും. കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ 3000 പേരെയും മകരവിളക്കിന് 6000 പേരെയുമാണ് നിയോഗിച്ചിരുന്നത്.
അതായത് രണ്ടായിരത്തോളം പൊലീസുകാരെയാണ് കൂടുതലായി നിയോഗിക്കുന്നത്.ഐജിമാരായ ദിനേന്ദ്ര കശ്യപ്, എസ്.ശ്രീജിത്ത്, ഇ.ജെ.ജയരാജ് എന്നിവര്‍ക്കും സുരക്ഷാ ഡ്യൂട്ടിയുണ്ട്. 32 ഡിവൈഎസ്പിമാര്‍, 42 സിഐമാര്‍, 98 എസ്ഐമാര്‍ എന്നിവരും ഓരോ ഘട്ടത്തിലും കാണും.സുപ്രീം കോടതി വിധിയിലേക്ക് ഉറ്റുനോക്കുകയാണ് സർക്കാരും വിശ്വാസികളും.
Post Your Comments