സെറ്റുസാരിയുടെ നിറവില്‍ മലയാളിമങ്കമാര്‍ ഐശ്വര്യമാകുമ്പോള്‍, കോടിമുണ്ടിന്‍ വര്‍ണ്ണങ്ങളില്‍ പുരുഷ കേസരികള്‍ തല ഉയര്‍ത്തി നില്‍ക്കുമ്പോള്‍ ആരായാലും ഒന്ന് ചിന്തിക്കും കേരളം എത്ര സുന്ദരമെന്ന്. ആ സുന്ദര കേരളം പിറന്നിട്ട് ഇന്നേക്ക് 62 ദിവസങ്ങള്‍ തികഞ്ഞിരിക്കുന്നു. മലയാളം സംസാരിക്കുന്നവരെല്ലാം ഒരു സംസ്ഥാനത്തിന്റെ കുടക്കീഴില്‍ വരുന്നത് 1956 നവംബര്‍ ഒന്നിനായിരുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ടതിനെ തുടര്‍ന്ന് കേരളവും ഒരു സംസ്ഥാനമെന്ന നിലയില്‍ പിറവി കൊള്ളുകയായിരുന്നു. കേരളം രൂപീകൃതമാകുമ്പോള്‍ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. രൂപീകരണ സമയത്ത് കേരളത്തില്‍ വെറും 5 ജില്ലകള്‍ മാത്രമേ ഉണ്ടായിരുന്നൊള്ളു. എന്നാല്‍ ജന്മം കൊണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ കേരളം ദിനഎം പ്രതി വളരുകയായിരുന്നു. സാംസ്‌കാരികമായിയും സാമ്പത്തികമായും കേരളം വളര്‍ന്നു കൊണ്ടേ ഇരുന്നു.
പഴയ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തു ചേര്‍ന്നാണ് മലയാളികളുടെ സംസ്ഥാനമായി കേരളം മാറിയത്. കേരളം എന്നാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് എന്നാണ് അര്‍ത്ഥം. അതല്ല, കേരം എന്നാല്‍ സംസ്‌കൃത ഭാഷയില്‍ നാളീകേരം അഥവാ തേങ്ങ എന്നര്‍ത്ഥം. അപ്പോള്‍ തെങ്ങു ധാരാളമായി കണ്ടുവരുന്ന കേരളം കേരനാട് അല്ലെങ്കില്‍ നാളികേരത്തിന്റെ നാട് എന്നും അറിയപ്പെടുന്നു. ഇതൊന്നും കൂടാതെ ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നെന്നും ഒരു കഥയുണ്ട്. പേരിനു പിന്നിലെ കാരണമോ കഥയോ എന്ത് തന്നെയായാലും കേരളം എല്ലാ മലയാളികള്‍ക്കും ഒരു വികാരം തന്നെയാണ്. എവിടെ ചെന്നാലും അവര്‍ അഭിമാനത്തോടെ പറയും ഞങള്‍ മലയാളികള്‍ ആണെന്ന്.
പരശുരാമന്‍ എറിഞ്ഞ മഴു അറബിക്കടലില്‍ വീണ സ്ഥലം കേരളമായി മാറിയെന്നാണ് കേരളം ഉണ്ടായതിനെ സംബന്ധിച്ച വളരെ രസകരമായ ഒരു ഐതിഹ്യം. ജമദഗ്‌നി മഹര്‍ഷിയുടെ പുത്രന്‍ രാമനായി മഹാവിഷ്ണു അവതരിച്ചു. ശിവ ഭക്തനും വീരശൂരപരാക്രമിയുമായ രാമന്‍ തന്റെ ആയുധമായ പരശു അഥവാ മഴുവിന്റെ പേരും ചേര്‍ത്ത് പരശുരാമന്‍ അറിയപ്പെട്ടു. അധികാര ദുര്‍മോഹികളും, അതില്‍ അഹങ്കാരികളുമായ സ്വാര്‍ത്ഥ തല്‍പരരുമായ ക്ഷത്രിയരുമായി പരശുരാമന്‍ 21 പ്രാവശ്യം ഘോര യുദ്ധം നടത്തി അവരെ വധിക്കുകയും നാട്ടില്‍ സമാധാനവും, സന്തോഷവും നിലനിര്‍ത്തുകയും ചെയ്തു. അതിനുശേഷം തനിക്ക് തപസ്സിരിക്കാന്‍ ഒരു സ്ഥലം തേടി പശ്ചിമഘട്ടത്തിന്‍ കരിനീല വനപ്രദേശത്തെത്തി പരശുരാമന് അവിടെ വരുണ ദേവന്‍ പ്രത്യക്ഷനായി. കടലില്‍ ‘പരശു’ എറിഞ്ഞു ആ ഭൂമി എടുത്തു കൊളളാന്‍ ദേവന്‍ പരശുരാമനോട് പറഞ്ഞു. അങ്ങനെ അറബികടലില്‍ പരശുരാമന്‍ മഴു എറിഞ്ഞു ഉണ്ടായതാണ് കേരളം.
വൈവിധ്യമേറിയ ഭൂപ്രകൃതിയാലും പ്രകൃതി സൗന്ദര്യത്താലും സമ്പന്നമായ കേരളത്തെ ലോകത്തിലെ സന്ദര്‍ശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയില്‍ നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ മാഗസിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കളരിപ്പയറ്റ്, കഥകളി, ആയുര്‍വേദം, തെയ്യം തുടങ്ങിയവ കേരളത്തിന്റെ മാത്രം സ്വകാര്യ അഹങ്കാരങ്ങളാണ്. സുഗന്ധവ്യഞ്ജനങ്ങള്‍ക്കും കേരളം പ്രശസ്തമാണ്. അതാണല്ലോ വര്‍ഷങ്ങള്‍ക്ക് മുന്‍പേ വിദേശികളെ കേരത്തിലേക്ക് ആകൃഷ്ടരാക്കിയത്. കൂടാതെ വിവിധ സാമൂഹിക മേഖലകളില്‍ കൈവരിച്ച ചില നേട്ടങ്ങള്‍ മൂലം കേരളം പലപ്പോഴും അന്താരാഷ്ട്ര നിലയില്‍ തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. സാക്ഷരതയാണ് അതിലൊന്ന്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്കാണ്. കേരളത്തിന്റെ 1950 കളില്‍ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയില്‍ വന്‍മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്. കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡല്‍ എന്ന പേരില്‍ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്. എന്തായാലും ഇന്ത്യയുടെ തെക്കേ അറ്റത്ത് കിടക്കുന്ന കൊച്ചുപ്രദേശം 62 വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെല്ലാം കേരളം ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. ഒപ്പം തന്നെ വിനോദ സഞ്ചാര മേഖലയിലും കേരളം ബഹുദൂരം മുന്നേറിയിരിക്കുന്നു.
മലയാളികള്‍ എത്രമാത്രം സ്വന്തം ജനതയെയും നാടിനെയും സ്‌നേഹിക്കുന്നു എന്ന് നമ്മള്‍ നേരില്‍ കണ്ടതാണ്. പ്രളയത്തില്‍ ഇനിയെന്ത് എന്നറിയാതെ നിന്ന ഒരു നാടിനെ സ്‌നേഹം കൊണ്ട്, സഹകരണം കൊണ്ട്, നീയെന്നോ ഞാന്‍ എന്നോ ഇല്ലാതെ ജാതിയും മതവും നോക്കാതെ, സ്ത്രീ എന്നോ പുരുഷനെന്നോ ഇല്ലാതെ, ‘നമ്മള്‍’ എന്ന വികാരത്താല്‍ കൈ പിടിച്ചുയര്‍ത്തുന്നവരാണ് മലയാളികള്‍. ലോകം മുഴുവന്‍ അസൂയയും സന്തോഷവും നിറഞ്ഞ ഭാവത്തോടെയാണ് അന്ന് കേരളത്തെ നോക്കികണ്ടത്. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം കേരളത്തില്‍ ചില ഭാഗങ്ങളില്‍ കലാപ സമാനമായ ഒരു അന്തരീക്ഷം നിലനില്‍ക്കുന്നതും നമ്മള്‍ കണ്ടിരിക്കുന്നു. തെറ്റിയതെവിടെ എന്ന് മനസിലാക്കി നമ്മള്‍ മലയാളികള്‍ തിരിച്ചു വരേണ്ടിയിരിക്കുന്നു ഒരു മനസോടെ. സ്വന്തം ഭാഷയില്‍ അഭിമാനിക്കുകയും സംസ്‌കാരത്തെ നെഞ്ചോടു ചേര്‍ക്കുകയും ചെയ്യാത്ത ഒരു ജനതയെ ഏതു അധിനിവേശ ശക്തികള്‍ക്കും വളരെ വേഗം തകര്‍ക്കനാവും.അതിനാല്‍ നമ്മുടെ സാംസ്‌കാരത്തിന്റെ, ഭാഷയുടെ ശക്തിയെ നമ്മുടെ പുതുതലമുറയില്‍ വളര്‍ത്തേണ്ടിയിരിക്കുന്നു.വേരുകളറ്റ, മേല്‍വിലാസമില്ലാത്ത ഒരു ജനതയായി കേരളം അറ്റുപോകാതെയിരിക്കാന്‍ ഇതു ഉപകരിക്കും.
Post Your Comments