1956 നവംമ്പര്‍ ഒന്നിനാണ് കേരളം എന്ന സംസ്ഥാനം രൂപീകൃതമായത്. ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്നതാണെങകിലും ഇന്ന് എല്ലാ മേഖലകളിലും കഴിവു തെളിയിച്ചു മുന്നേറുന്ന ഒരു സംസ്ഥാനം കൂടിയാണ് കേരളം. എന്നാല്‍ ഈ സംസ്ഥാനത്തിന്റെ രൂപീകരണത്തിനും നവംമ്പര്‍ ഒന്നിന് കേരളപ്പിറവി ആഘോഷിക്കുന്നതിനും പിന്നില്‍ വലിയൊരു ചരിത്രം തന്നെയുണ്ട്.
1947-ല്‍ ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. 1956 – ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങള്‍ക്കും വിഭജനത്തിനും ആധാരമായത്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കുന്നത്.
സംസ്ഥാനം രൂപൂകരിക്കുന്ന സമയത്ത് 5 ജില്ലകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. സംസ്ഥാന പുന:സംഘടനാ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയത്. തിരുവിതാംകൂറിലെ തോവാളം, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. ശേഷിച്ച തിരുവിതാം കൂര് – കൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു. ഫലത്തില്‍ കന്യാകുമാരി ജില്ല കേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു.
Post Your Comments