കുട്ടികളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി തദ്ദേശ സ്വയംഭരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സമിതികള്‍ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച തദ്ദേശ സ്വയംഭരണ ബാല സംരക്ഷണ സമിതി ശാക്തീകരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട അവബോധം സമൂഹത്തിലാകെ വളര്‍ത്തുന്ന നിരവധി പരിപാടികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചുവരികയാണ്. കുട്ടികള്‍ വ്യത്യസ്തങ്ങളായ പ്രശ്നങ്ങളാണ് ദിനം പ്രതി അഭിമുഖീകരിക്കുന്നത്. ശാരീരിക, മാനസിക പീഡനങ്ങള്‍ക്കപ്പുറം ലൈംഗിക പീഡനത്തിനും നിരവധി കുട്ടികള്‍ ഇരയാവുന്നു. പൊതു ഇടങ്ങളില്‍പോലും കുട്ടികള്‍ക്ക് അരക്ഷിതാവസ്ഥയുണ്ടാവുന്നു എന്ന സാഹചര്യമാണ്. വീടാണ് ഏറ്റവും സുരക്ഷിത സ്ഥലമെങ്കിലും അവിടെയും വ്യത്യസ്ത അനുഭവങ്ങളുണ്ടാക്കുന്ന ധാരാളം സാഹചര്യമുണ്ട്.
നിഷ്‌കളങ്കതയെ ദുരുപയോഗിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ദുഷ്ടമനസ്സുകള്‍ക്ക് ഒരു കുറവുമില്ല എന്നതാണ് വലിയ ദുരവസ്ഥ. മയക്കുമരുന്നിന്റെ വാഹകരായി പിഞ്ചുകുഞ്ഞുങ്ങളെ ഉപയോഗിക്കുന്ന സാഹചര്യമുണ്ട്. സാധാരണ നിലയ്ക്ക് കുട്ടികള്‍ക്ക് ഇത് തിരിച്ചറിയാന്‍ കഴിയില്ല. ഇക്കാര്യങ്ങളില്‍ മുതിര്‍ന്നവരാണ് ജാഗ്രത കാട്ടേണ്ടത്. കുട്ടികളുടെ മുഖം മ്ലാനമായാല്‍ എന്താണൈന്ന് മനസ്സിലാക്കാന്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ഉത്തരവാദിത്തമുണ്ട്.
കുട്ടികളുടെ കൂടെ ചെലവഴിക്കാന്‍ മാതാപിതാക്കള്‍ നല്ലതുപോലെ സമയം കണ്ടെത്തണം. അതിന് അവര്‍ക്ക് സമയം കിട്ടാതിരുന്നാല്‍ കുട്ടികള്‍ക്ക് വഴി തെറ്റാം. വഴിതെറ്റിയ കുട്ടിയെ തിരിച്ചു നടത്തുന്നതിനേക്കാള്‍ ഭേദം തെറ്റായ വഴിയേ കുട്ടി പോകാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്തുന്നതാണ്. സംസ്ഥാനം നേരിടുന്ന ഗൗരവമേറിയ പ്രശ്നമല്ലെങ്കിലും ബാലവേലയ്ക്കെതിരെയും നാം ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികള്‍ക്ക് ഭയമില്ലാതെ സമൂഹത്തില്‍ ജീവിക്കാനും മറ്റുള്ളവരെ സഹായിക്കാനും സ്നേഹിക്കാനും കഴിയുന്ന വിധത്തില്‍ വളരാനും അനുകൂലമായ സാഹചര്യമൊരുക്കാന്‍ ബാലാവകാശ കമ്മീഷനെപ്പോലുള്ള സ്ഥാപനങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ആക്റ്റിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ ഏറ്റവും ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പി. സുരേഷ്, തദ്ദേശസ്വയംഭരണ ഓംബുഡ്സ്മാന്‍ ജസ്റ്റിസ് കെ.കെ. ദിനേശന്‍, ജുവനൈല്‍ പോലീസ് യൂണിറ്റ് നോഡല്‍ ഓഫീസര്‍ എസ്. നിശാന്തിനി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗങ്ങളായ ഡോ. എം.പി. ആന്റണി, ശ്രീല മേനോന്‍ എന്‍, സിസ്റ്റര്‍ ബിജി ജോസ്, സി.ജെ. ആന്റണി തുടങ്ങിയവര്‍ സംബന്ധിച്ചു.
Post Your Comments