ചെന്നൈ: യുവതിയുടെ ഗർഭഛിദ്രം നടത്തുന്നതിനെപ്പറ്റി മന്ത്രിയും യുവതിയുടെ അമ്മയും തമ്മിലുള്ള ശബ്ദരേഖയാണ് ഇപ്പോൾ ചെന്നൈ സർക്കാരിന് തലവേദന. സര്‍ക്കാരിനെ കുരുക്കിലാക്കിയ ശബ്ദ സന്ദേശമാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ ചൂടേറിയ ചര്‍ച്ച. യുവതിയോട് ഗര്‍ഭച്ഛിദ്രം നടത്തണമെന്ന് ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പ്രചരിച്ചതോടെ അണ്ണാ ഡിഎംകെ- ദിനകര പക്ഷങ്ങള്‍ തമ്മില്‍ വാക്‌പോരും ശക്തമാവുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സന്ദേശം സമൂഹ മാധ്യമത്തില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
ഇതിന് പിന്നാലെ സന്ദേശത്തില്‍ പ്രചരിക്കുന്നത് മന്ത്രി ഡി.ജയകുമാറിന്റെ ശബ്ദമാണെന്നും അദ്ദേഹം ഉടന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ദിനകരപക്ഷം രംഗത്തെത്തിക്കഴിഞ്ഞു. ഗര്‍ഭിണിയായ യുവതിയുടെ അമ്മയോടു ജയകുമാറിന്റെ ശബ്ദത്തോടു സാമ്യമുള്ളയാള്‍ സംസാരിക്കുന്നതാണ് ഓഡിയോയിലുള്ളത്. യുവതിയോടു ഗര്‍ഭച്ഛിദ്രം നടത്താന്‍ പറയണമെന്നും ആശുപത്രിയില്‍ താന്‍ സൗകര്യമൊരുക്കാമെന്നും ഓഡിയോയില്‍ പറയുന്നതു കേള്‍ക്കാം.
പിതാവിന്റെ സ്ഥാനത്തു ഡി.ജയകുമാര്‍ എന്നെഴുതിയ ജനന സര്‍ട്ടിഫിക്കറ്റ് വാട്‌സാപ്പ് വഴി പ്രചരിക്കുകയും ചെയ്തു. എന്നാൽ ഓഡിയോ ക്ലിപ്പിനു പിന്നില്‍ ശശികല കുടുംബമാണെന്നും ഇതു വ്യാജമാണെന്നു തെളിയിക്കാന്‍ ശബ്ദ പരിശോധനയ്ക്കു തയാറാണെന്നും മന്ത്രി ഡി.ജയകുമാര്‍ പറഞ്ഞു. ഡിഎംകെയുള്‍പ്പെടെ മറ്റു കക്ഷികള്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ദിനകരപക്ഷത്തിന്റെ ചാനലായ ജയ ടിവി ഓഡിയോ ക്ലിപ് പുറത്തുവിട്ടതോടെയാണു വിവാദത്തിനു തുടക്കമായത്.
Post Your Comments