KeralaLatest News

കുട്ടികളിലെ വിരബാധ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഒക്ടോബര്‍ 25 ന് വിരവിമുക്ത ഗുളികകള്‍ വിതരണം ചെയ്യുന്നു

തിരുവനന്തപുരം: ദേശീയ വിരവിമുക്ത ദിനമായ ഒക്ടോബര്‍ 25 ന് സംസ്ഥാനത്തെ 1 മുതല്‍ 19 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിര നശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ അംഗനവാടികള്‍, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവയിലൂടെ സൗജന്യമായി വിതരണം ചെയ്യുന്നു. കേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ പ്രളയബാധയെ തുടര്‍ന്ന് എല്ലാ വര്‍ഷവും ഓഗസ്റ്റ് പത്താം തീയതി ആചരിക്കുന്ന വിരവിമുക്ത ദിനം ഈ വര്‍ഷം ഒക്ടോബര്‍ 25 ലേക്ക് മാറ്റി.

ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിന് 1 മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ വിരവിമുക്ത ഗുളിക കഴിച്ചു എന്ന് ഉറപ്പുവരുത്തേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ജില്ലാഭരണകൂടം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, സാമൂഹ്യനീതി മുതലായ വകുപ്പുകളും ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുമായി സഹകരിച്ചാണ് ആരോഗ്യവകുപ്പ് വിരവിമുക്തദിന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വിരബാധിതര്‍ കൂടുതല്‍ വികസ്വര രാജ്യങ്ങളില്‍

ലോകത്ത് 150 കോടി ജനങ്ങള്‍ക്ക് വിരബാധയുള്ളതായി ലോകാരോരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതായത് ലോക ജനസംഖ്യയുടെ 24 ശതമാനത്തോളം വിരബാധിതരാണ്. 880 ദശലക്ഷം കുട്ടികളിലും വിരബാധയുള്ളതായി പഠനങ്ങള്‍ കാണിക്കുന്നു. വികസ്വര രാജ്യങ്ങളിലാണ് വികസിത രാജ്യങ്ങളക്കാള്‍ വിരബാധിതര്‍ കൂടുതല്‍.

വിരബാധയുടെ ലക്ഷണങ്ങള്‍

വിരബാധയുള്ള കുട്ടികള്‍ കഴിക്കുന്ന ആഹാരത്തിലെ പോഷകങ്ങള്‍ കുടലിനുള്ളില്‍ എത്തുമ്പോള്‍ വിര ആഗിരണം ചെയ്യുകയും കുട്ടികള്‍ക്ക് പോഷക വൈകല്യം ഉണ്ടാകുകയും ചെയ്യുന്നു. ഇത് കുട്ടികളില്‍ വിളര്‍ച്ച, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. പഠിത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും ഇത്തരം കുട്ടികളില്‍ കുറയുന്നു. വിരബാധയുടെ തോത് കൂടുതലുള്ള കുട്ടികള്‍ക്ക് വയറിളക്കം, ഛര്‍ദ്ദി, വയറുവേദന എന്നീ ലക്ഷണങ്ങളും കാണാറുണ്ട്. വിരബാധ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

വിരബാധ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആല്‍ബന്‍ഡസോള്‍ ഗുളിക കഴിക്കുന്നതോടൊപ്പം താഴെപ്പറയുന്ന ആരോഗ്യകരമായ ശീലങ്ങള്‍ പാലിക്കുകയും ചെയ്യേണ്ടതാണ്

പാദരക്ഷകള്‍ ശീലമാക്കുക
നഖം വെട്ടുകയും കൈകള്‍ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക
ആഹാരത്തിനു മുന്‍പും മലവിസര്‍ജ്യത്തിനുശേഷവും കൈകള്‍ സോപ്പിട്ട്
കഴുകുക
പഴ വര്‍ഗങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകിയ ശേഷം
മാത്രം ഉപയോഗിക്കുക
കുടിക്കുവാന്‍ തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം ഉപയോഗിക്കുക
തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്താതിരിക്കുക
ഭക്ഷണം എപ്പോഴും മൂടിവയ്ക്കുകയും ചൂടോടെ ഉപയോഗിക്കുകയും ചെയ്യുക.

ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ ലഭ്യമാകുന്ന സ്ഥലങ്ങള്‍

ഒക്‌ടോബര്‍ 25 ദേശീയ വിരവിമുക്ത ദിനത്തില്‍ 1 മുതല്‍ 5 വയസുവരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്ക് അംഗന്‍വാടികളിലും 6 മുതല്‍ 19 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും കോളജുകളിലും തികച്ചും സൗജന്യമായി ഗുളികകള്‍ വിതരണം ചെയ്യുന്നതാണ്. വിദ്യാലയങ്ങളില്‍ ചേരാത്ത കുട്ടികള്‍ക്ക് ഗുളിക അംഗന്‍വാടികളില്‍ നിന്നും ലഭിക്കുന്നതാണ്. ഒക്ടോബര്‍ 25 ന് വിരവിമുക്ത ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് 2018 നവംബര്‍ 1 ന് വീണ്ടും വിതരണം ചെയ്യുമ്പോള്‍ ലഭ്യമാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ആല്‍ബന്‍ഡസോള്‍ ഗുളിക കഴിക്കുന്ന വിധം

1 വയസ്സ് മുതല്‍ 2 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഗുളിക പൊടിച്ചതിന് ശേഷം ശുദ്ധജലത്തില്‍ അലിയിച്ച് നല്‍കണം
2 വയസ്സ് മുതല്‍ 3 വയസ് വരെയുള്ള കുട്ടികള്‍ക്ക് 1 ഗുളിക പൊടിച്ചതിന് ശേഷം ശുദ്ധജലത്തില്‍ അലിയിച്ച് നല്‍കണം
3 വയസ് മുതല്‍ 19 വയസ് വരെയുള്ള കുട്ടികള്‍ 1 ഗുളിക ഉച്ചഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് ശുദ്ധജലത്താടൊപ്പം ചവച്ചരച്ച് കഴിക്കണം

ആല്‍ബന്‍ഡസോള്‍ ഗുളിക ഉപയോഗിക്കുന്നത് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ സുരക്ഷിതമാണ്. ഗുളിക കഴിച്ചതിനു ശേഷം എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, 1056 നമ്പരിലോ ബന്ധപ്പെടേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button