Latest NewsUSA

കാലം ചെയ്ത മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തക്ക് ന്യൂയോര്‍ക്ക്‌ മലയാളി സമൂഹത്തിന്റെ ആദരാഞ്ജലികള്‍

ന്യൂയോര്‍ക്ക്‌•കാലം ചെയ്ത ചെങ്ങന്നൂര്‍ ഭദ്രാസനാധിപനായിരുന്ന തോമസ്‌ മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തക്ക് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന വിശ്വാസി സമൂഹം ആദരാജ്ഞലികളര്‍പ്പിച്ചു.

ഒക്ടോബര്‍ 13-ാം തീയതി ശനിയാഴ്ച യോങ്കേഴ്സ് സെന്റ് തോമസ്‌ ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന അനുസ്മരന സമ്മേളനത്തില്‍ മാര്‍ത്തോമ്മ സഭയുടെ യുറോപ്പ്-നോര്‍ത്ത് അമേരിക്ക ഭദ്രാസനാധിപന്‍ ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ മുഖ്യാതിഥിയായിരുന്നു. കാലം ചെയ്ത മെത്രാപ്പോലീത്തയുടെ അസിസ്റ്റന്‍റും, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യു.കെ-യുറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപനുമായ ഡോ. മാത്യൂസ്‌ മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത വി. കുര്‍ബ്ബാന അര്‍പ്പിക്കുകയും, തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. തന്‍റെ ഗുരുസ്ഥാനീയനായ പിതാവിന്‍റെ അനുസ്മരണത്തിനും, വി. കുര്‍ബ്ബാനയ്ക്കുമായി പ്രത്യേകം എത്തിച്ചേര്‍ന്ന തിമോത്തിയോസ് മെത്രാപ്പോലീത്തായെ യോഗം പ്രത്യേകം സ്വാഗതം ചെയ്തു.

അഭിവന്ദ്യ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ വിയോഗം മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്കും, പ്രത്യേകിച്ച് ചെങ്ങന്നൂര്‍ ഭദ്രാസനത്തിനും ഒരു വന്‍ നഷ്ടമാണ് എന്ന് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്‍റെ ദേഹവിയോഗത്തിനു മുന്‍പ് ചെങ്ങന്നൂര്‍ ടൗണില്‍, ബഥേല്‍ അരമനയോടു ചേര്‍ന്ന് ഒരു ഓഡിറ്റോറിയം പണിയുന്നതിനു അനുമതി നല്‍കിയിരുന്നു. സമയബന്ധിതമായി അത് പൂര്‍ത്തീകരിച്ചു കാലം ചെയ്ത മേത്രപ്പോലീത്തയുടെ സ്മരണാര്‍ത്ഥം നിലനിര്‍ത്തുന്നതിന് തിരുമേനിയെ സ്നേഹിക്കുന്ന എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയും പ്രാര്‍ഥനയും ആവശ്യമാണെന്നും മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.

മുഖ്യ പ്രഭാഷണം നടത്തിയ ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ, വ്യക്തിപരമായി പരസ്പരമുണ്ടായിരുന്ന ഊഷ്മള ബന്ധവും, മാര്‍ അത്തനാസിയോസിനു ഇതര ക്രൈസ്തവ സമൂഹങ്ങളുമായുണ്ടായിരുന്ന ബന്ധങ്ങളെപ്പറ്റിയും എടുത്തു പറഞ്ഞു.

എല്ലാ സന്ദര്‍ശനങ്ങളിലും സഭയുടെ പുരോഗതിക്കാവശ്യമായ നൂതനാശയങ്ങളും, നിര്‍ദേശങ്ങളും പങ്കുവെക്കുന്ന ഒരു പിതാവായിരുന്നു മാര്‍ അത്തനാസിയോസ് എന്ന് ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്കോപ്പ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനത്തിന്‍റെ സംഘാടകനും, കാലം ചെയ്ത തിരുമേനിയുടെ അടുത്ത ബന്ധുവുമായ ഡോ. തോമസ് ഏബ്രഹാം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചന സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിച്ചു. “മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത മലങ്കര സഭയുടെയും, ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്‍റെയും ഒരു നല്ല ആത്മീയ പിതാവും, സാമൂഹിക പരിഷ്കര്‍ത്താവും, നല്ല ഭരണാധികാരിയും, വിദ്യാഭ്യാസ വിചിക്ഷണനും ആയിരുന്നു. അദ്ദേഹത്തിന്‍റെ ജീവിതം തന്നെ ലോകത്തിനു ഒരു സന്ദേശമായിരുന്നു. അദ്ദേഹം ഗുജറാത്തില്‍ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ അദ്ദേഹം ഉയര്‍ത്തിക്കാട്ടിയ ദര്‍ശനങ്ങളും, സാഹോദര്യവും, മാനുഷിക മൂല്യങ്ങളും യുവഹൃദയങ്ങളില്‍ എന്നും നിലനില്‍ക്കും.” മാര്‍ അത്തനാസിയോസിന്‍റെ സ്മരണാര്‍ത്ഥം നിര്‍മ്മിക്കുന്ന ഓഡിറ്റോറിയത്തിന് വിശ്വാസ സമൂഹത്തിന്‍റെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരിക്കുമെന്നും തോമസ്‌ ഏബ്രഹാം അറിയിച്ചു.

മാര്‍ അത്തനാസിയോസ് തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍തക്ക കുലീനത്വവും, ഭിന്നതകളില്‍ യോജിപ്പിന്‍റെ തുരുത്തുകളെ കണ്ടെത്തുന്ന വ്യക്തിത്വവും സമന്വയിപ്പിച്ച പിതാവായിരുന്നു എന്ന് സഭാ മാനേജിംഗ് കമ്മറ്റിയംഗം ഏബ്രഹാം പന്നിക്കോട്ട് പ്രസ്താവിച്ചു.

ചെങ്ങന്നൂര്‍ ഭദ്രാസനാംഗമായ ഫാ. രാജന്‍ വര്‍ഗീസ്‌, ജോസഫ്‌ ഏബ്രഹാം (സഭാ മാനേജിംഗ് കമ്മിറ്റിയംഗം), രാജൂ വര്‍ഗീസ്‌ (മുന്‍ സഭാ മാനേജിംഗ് കമ്മിറ്റിയംഗം),ജോയന്‍ കുമരകം, ഏബ്രഹാം ഉമ്മന്‍ എന്നിവരും പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ഏബ്രഹാം ഈപ്പന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button