മുംബൈ: മുംബൈയിൽ മുപ്പതോളം മാലമോഷണക്കേസുകളിലെ പ്രതിയെയും രണ്ടു കൂട്ടാളികളെയും നവിമുംബൈ പൊലീസ് നേരിട്ടുള്ള ഏറ്റുമുട്ടലിനൊടുവിൽ കീഴടക്കി. പൊലീസ് വെടിവയ്പിൽ പരുക്കേറ്റ കുപ്രസിദ്ധ മോഷ്ടാവ് ഫയസ് ഖാലിദ് ഷെയ്ഖ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മാലമോഷണവും പൊലീസിനെ ആക്രമിച്ച കേസുകളും ഉൾപ്പെടെ ഏതാണ്ടു 87 കേസുകൾ ഇയാൾക്കെതിരെ നിലവിൽ ഉണ്ടെന്നു നവിമുംബൈ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ തുഷാർ ജോഷി പറഞ്ഞു. ഇന്നലെ പുലർച്ചെ നവിമുംബൈയ്ക്കു സമീപം ഖലാപുർ താലൂക്കിലെ നാഥൽ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.
പ്രതികൾ പൊലീസിനെ കണ്ടയുടൻ നിറയൊഴിച്ച സംഘത്തെ പൊലീസും തോക്കുകളുമായി നേരിട്ടു. വെടിയുണ്ടയേറ്റ പരുക്കുമായി ഒന്നര കിലോമീറ്ററോളം ഓടിയ ഇയാളെ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. സലിം, സഖാറാം പവാർ എന്നീ രണ്ടു സഹായികളും പിടിയിലായി. കഴിഞ്ഞ കുറെ മാസങ്ങളായി ഷെയ്ഖിനെ പൊലീസ് തിരയുന്നുണ്ടെങ്കിലും ഇയാൾ സമർഥമായി പൊലീസിനെ വെട്ടിച്ചു കടന്നു കളയുകയായിരുന്നു.
Post Your Comments