Latest NewsKerala

മാവേലിക്കരയിലെ നവജാത ശിശുവിന്റെ മരണം: പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നത്

കുഞ്ഞിന്റെ ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റിട്ടുണ്ട്‌

ചാരുംമൂട്‌: പ്രസവിച്ചയുടന്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ട സംഭവം അമ്മ നടത്തിയ കൊലപാതകമെന്ന്‌ പോലീസ്‌. പോസ്‌റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ്‌ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കഴുത്ത്‌ ഞെരിച്ച്‌ ശ്വാസം മുട്ടിച്ചാണ്‌ കൊല നടത്തിയത്‌. കുഞ്ഞിന്റെ ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റിട്ടുണ്ട്‌. ഇന്നലെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലായിരുന്നു പോസ്‌റ്റുമോര്‍ട്ടം നടന്നത്‌. മൃതദേഹം ഇടപ്പോണ്‍ ജോസ്‌കോ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി. സംസ്‌കാരം ഇന്ന്‌ നടക്കും.

നൂറനാട്‌ ഇടപ്പോണ്‍ കളരിയ്‌ക്കല്‍ വടക്കതില്‍ അഞ്‌ജന(36)യാണ്‌ പ്രസവ വിവരം പുറത്തറിയാതിരിക്കാന്‍ ചോരക്കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്‌. ഞായറാഴ്‌ച രാവിലെ 10 മണിയോടെയായിരുന്നു അഞ്‌ജന പെണ്‍കുഞ്ഞിനെ പ്രസവിച്ചത്‌. വിവാഹമോചനം തേടിയ അഞ്‌ജന മൂന്നരവയുള്ള മകനുമായി ഇടപ്പോണിലെ കുടുംബവീട്ടില്‍ താമസിച്ചു വരികയായിരുന്നു. ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവിക്കുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തി മറവ്‌ ചെയ്യാനായിരുന്നു പദ്ധതിയെന്ന്‌ പോലീസ്‌ പറഞ്ഞു.

എന്നാല്‍ അമിത രക്‌തസ്രാവമുണ്ടായതിനെ തുടര്‍ന്ന്‌ ഭയന്നു പോയ അഞ്‌ജന അടുത്തുള്ള ആശാപ്രവര്‍ത്തകയെ വരുത്തി. ഇവരില്‍ നിന്നും പ്രസവ വിവരം മറച്ചു വച്ചു. അവശനിലയിലായ അഞ്‌ജനയെ ആശാ പ്രവര്‍ത്തക മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചു. അഞ്‌ജനയുടെ ബാഗില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുട്ടിയുമുണ്ടായിരുന്നു. പ്രസവിച്ചയുടന്‍ കുഞ്ഞ്‌ മരിച്ചെന്നായിരുന്നു അഞ്‌ജന ഡോക്‌ടറോട്‌ പറഞ്ഞത്‌.

എന്നാല്‍ സംശയം തോന്നിയ ഡോക്‌ടര്‍ പോലീസിനെ വിവരം അറിയിച്ചതോടെയാണ്‌ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന സംശയം ബലപ്പെട്ടത്‌. അഞ്‌ജന കുരമ്പാല സ്വദേശിയായ യുവാവുമായി അടുപ്പത്തിലാണെന്നും പോലിസ്‌ പറഞ്ഞു. ചികിത്സയിലുള്ള ഇവര്‍ സുഖം പ്രാപിച്ചു വരികയാണ്‌. മൂത്ത കുട്ടിയും ഇവര്‍ക്കൊപ്പം ആശുപത്രിയിലുണ്ട്‌.ആശുപത്രി വിട്ട ശേഷമേ അറസ്‌റ്റ്‌ ഉള്‍പ്പെടെയുള്ള കേസിന്റെ അനന്തര നടപടികളുണ്ടാവുകയുള്ളെന്ന്‌ നൂറനാട്‌ എസ്‌.ഐ. വി.ബിജു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button